നഗരസഭാ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി സി.പി.എം കൗണ്‍സിലര്‍; നഗരസഭാ ഉപാധ്യക്ഷയുടെ അവധി ചര്‍ച്ചയാവുന്നു

By :  Sub Editor
Update: 2025-04-29 11:25 GMT

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ധനകാര്യ സ്ഥിരം സമിതി താല്‍ക്കാലിക അധ്യക്ഷയായി സി.പി.എം കൗണ്‍സിലര്‍ എം. ലളിത തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അവധിയില്‍ പ്രവേശിച്ചതോടെയാണ് ധനകാര്യ കമ്മിറ്റിയില്‍ പുതിയ അധ്യക്ഷയെ തിരഞ്ഞെടുക്കേണ്ടി വന്നത്. എം. ലളിതയ്ക്ക് പുറമെ സ്വതന്ത്രരായ ഹസീന നൗഷാദ്, സക്കീന മൊയ്തീന്‍, ബി.ജെ.പിയിലെ പി. രമേശ്, കെ.ജി പവിത്ര, എം. ശ്രീലത എന്നിവരാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലുള്ളത്.

എം. ലളിതയുടെ പേര് സക്കീന മൊയ്തീനാണ് നിര്‍ദ്ദേശിച്ചത്. ഹസീന നൗഷാദ് പിന്തുണച്ചു. പി. രമേശിന്റെ പേര് എം. ശ്രീലത നിര്‍ദ്ദേശിക്കുകയും പവിത്ര പിന്തുണക്കുകയും ചെയ്തു. തുല്യവോട്ട് നേടിയതിനാല്‍ നറുക്കെടുപ്പിലൂടെയാണ് എം. ലളിത അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. 17-ാം വാര്‍ഡായ ചെന്നിക്കരയില്‍നിന്നുള്ള കൗണ്‍സിലറാണ് എം. ലളിത.

വൈസ് ചെയര്‍പേഴ്‌സണ്‍ന്റെ അഭാവം ധനകാര്യ സമിതിയില്‍ പുതിയ സാങ്കേതിക പ്രശ്‌നമാവുകയും നാടകീയ രംഗങ്ങള്‍ ഉരുത്തിരിഞ്ഞ് വരികയും ചെയ്തതോടെയാണ് ഇന്നലെ നടന്ന നഗരസഭാ ധനകാര്യ സമിതി യോഗത്തില്‍ പുതിയ അധ്യക്ഷയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പിന് കളമൊരുങ്ങിയത്.

ആഴ്ചകള്‍ക്ക് മുമ്പാണ് വൈസ് ചെയര്‍പേഴ്‌സണ്‍ അവധിയില്‍ പോയത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അവധിയെന്നാണ് അറിയുന്നത്. നാല് മാസത്തേക്കാണ് അവധി എടുത്തതെന്നാണ് വിവരമെങ്കിലും ഇത് വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. സമീപകാലത്ത് നഗരസഭയില്‍ ചില വിവാദങ്ങളുണ്ടായിരുന്നു. നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ കാര്യാലയത്തില്‍ അക്രമം നടത്തുകയും നഗരസഭാ ഉപാധ്യക്ഷയെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കാസര്‍കോട്ടെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നം രമ്യതയിലെത്തിയിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഇത് നഗരസഭ ഭരിക്കുന്ന പാര്‍ട്ടിയില്‍ ചര്‍ച്ചയാവുകയും പാര്‍ട്ടി നേതൃത്വം ഇടപെടുകയുമായിരുന്നു. കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ ബി.ജെ.പി പ്രതിനിധി വിഷയം പരോക്ഷമായി ഉന്നയിക്കുകയും നേതൃത്വത്തിന്റെ ഭരണകക്ഷിയുടെ പിടിപ്പ് കേടാണ് കാരണമെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Similar News