മയക്കുമരുന്ന് നല്‍കി 16കാരിയെ പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയെ കാസര്‍കോട്ടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: 16കാരിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയ കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായി. ബദിയടുക്ക ചെര്‍ളടുക്ക പാണ്ടിമൂല സ്വദേശി പി.എ മുഹമ്മദ് സമി (19), നെക്രാജെ ആലങ്ങോട് വീട്ടില്‍ എന്‍.എ മുഹമ്മദ് റഹീസ് (18) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിന്‍കാലായില്‍ ഷബീര്‍ അലി (41) എന്നിവരെ തിങ്കളാഴ്ച കോഴിക്കോട് ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ 20ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങി കോഴിക്കോട്ടെത്തിയ പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്. ബീച്ചില്‍ തനിച്ചു കണ്ട പെണ്‍കുട്ടിയെ സമിയും റഹീസും പരിചയപ്പെടുകയും ഭക്ഷണവും താമസസൗകര്യവും നല്‍കാമെന്ന് പറഞ്ഞ് 21ന് പുലര്‍ച്ചെ രണ്ടു മണിയോടെ ജീപ്പില്‍ കയറ്റി മുഹമ്മദ് സാലിഹിന്റെയും ഷബീര്‍ അലിയുടെയും പന്തീരാങ്കാവിലെ ഫ്‌ളാറ്റില്‍ എത്തിക്കുകയുമായിരുന്നു. ഇവിടെ വെച്ച് സാലിഹും ഷബീറും പെണ്‍കുട്ടിക്ക് ലഹരി മരുന്നു നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്.