അബ്ദുല്‍ റഹ്മാന്‍ അത്തുവിന്റെ മരണം നാടിന്റെ കണ്ണീരായി

ഫുട്‌ബോള്‍ കഴിഞ്ഞ് വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം അന്ത്യം;

Update: 2025-07-11 07:36 GMT

തളങ്കര: സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിച്ച് വീട്ടില്‍ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്ന യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. തളങ്കര കോയാസ് ലൈനിലെ അബ്ദുല്‍ റഹ്മാന്‍ എന്ന അത്തു(54)വാണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്നു. തെരുവത്തെ സുഹൃത്തുക്കളോടൊപ്പം ഇന്നലെ രാത്രി ചട്ടഞ്ചാലിലെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയിരുന്നു. സുഹൃത്തും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനുമായ അഡ്വ. വി.എം മുനീര്‍ അടമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. മത്സരം സമനിലയില്‍ പിരിഞ്ഞു. കളി കഴിഞ്ഞ് കൂട്ടുകാരോട് തമാശ പറഞ്ഞ് രസിച്ച് രാത്രി 11 മണിയോടെ വീട്ടിലെത്തിയ അബ്ദുല്‍ റഹ്മാന്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. 12 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മകനോടൊപ്പം നഗരത്തിലെ സ്വകാര്യാസ്പത്രിയിലെത്തി. ഇ.സി.ജി അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷം പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് തിരച്ചയക്കുകയായിരുന്നു. എന്നാല്‍ രണ്ട് മണിയോടെ നെഞ്ചുവേദന കലശലായി തളങ്കരയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.

തെരുവത്ത്, പള്ളിക്കാല്‍ കണ്ടത്തില്‍, കോയാസ് ലൈന്‍ പ്രദേശങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അബ്ദുല്‍ റഹ്മാന്‍. കെ.എം ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഒ.എസ്.എ അംഗവും, 1984-85-86 ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളുമാണ്. ഭാര്യ: സഫീന. മക്കള്‍: അബ്ദുല്ല, ആദില്‍, മഹമൂദ്. സഹോദരങ്ങള്‍: മുസ്തഫ, സലാം, നൂര്‍ജഹാന്‍.

Similar News