ഭൂവുടമ അറിയാതെ വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുക്കുന്ന വന്‍ മാഫിയ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നതായി പരാതി

ചെങ്കള വില്ലേജില്‍ പ്രവാസിയുടെ 40 സെന്റ് തട്ടിയെടുക്കാന്‍ ശ്രമം;

Update: 2025-05-03 10:16 GMT

കാസര്‍കോട്: ഭൂവുടമ അറിയാതെ വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുക്കുന്ന വന്‍ മാഫിയ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നതായി പരാതി. ചില റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായുള്ള പരാതികളാണ് ഉയരുന്നത്.

ചെങ്കള വില്ലേജില്‍ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് വ്യാജരേഖ ഉണ്ടാക്കി 40 സെന്റോളം ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി കാണിച്ച് പ്രവാസി നല്‍കിയ പരാതിയില്‍ റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അന്വഷണം ആരംഭിച്ചു. കാസര്‍കോട് അത്തിവളപ്പില്‍ വീട്ടില്‍ ടി.എ. അബ്ദുല്‍ ഖാദറിന്റെ പരാതിയിലാണ് അന്വേഷണം.

അബ്ദുല്‍ ഖാദര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ഭൂമിയില്‍ നിന്ന് 40 സെന്റോളം മറ്റൊരാളും കുടുംബവും വ്യാജ രേഖ ഉണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് പരാതി. ചില ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖകള്‍ ചമച്ചതായും പരാതിയില്‍ പറയുന്നു.

ഇക്കാര്യം കണ്ടെത്തിയതോടെ ഒരു ഇടനിലക്കാരന്‍ ഇടപ്പെട്ട് വന്‍ തുക ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഭൂമിയുടെ യഥാ ര്‍ത്ഥ ഉടമ കോടതിയെയും സമീപിച്ചിട്ടുണ്ട്. വ്യത്യസ്ത സര്‍വെ നമ്പറുകളില്‍ നിന്നുള്ള ഭൂമിയില്‍ നിന്നാണ് ഒരു ഭാഗം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയാണ് പരാതിക്കാരന്‍. കാസര്‍കോട് ജില്ലയില്‍ പല വില്ലേജുകളിലും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഭൂമി തട്ടിയെടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Similar News