ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

മുളൂര്‍ ഫിഷറീസ് റോഡിലെ താമസക്കാരനായ ധനഞ്ജയ് എ സുവര്‍ണ ആണ് അപകടത്തില്‍ മരിച്ചത്.;

Update: 2025-06-04 11:11 GMT

ഉഡുപ്പി: ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി മുളൂരിലെ ദേശീയ പാത 66 ല്‍ ആണ് ദാരുണമായ സംഭവം നടന്നത്. അമിതവേഗതയില്‍ വന്ന ലോറി കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം.

അപകടത്തില്‍ മുളൂര്‍ ഫിഷറീസ് റോഡിലെ താമസക്കാരനായ ധനഞ്ജയ് എ സുവര്‍ണ (43) ആണ് മരിച്ചത്. മൂളൂര്‍ ബാര്‍ പ്രദേശത്തിന് സമീപം, ഹൈവേ മുറിച്ചുകടക്കാന്‍ ധനഞ്ജയ് റോഡ് ഡിവൈഡറില്‍ കാത്തുനില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്. മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ലോറി ധനഞ്ജയിനെ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹം റോഡിലേക്ക് തെറിച്ചുവീഴുകയും അതേ വാഹനം ഇടിച്ചുകയറി മരണം സംഭവിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ധനഞ്ജയന്‍ മരിച്ചു.

അപകടത്തിനുശേഷം ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്താതെ ഓടി രക്ഷപ്പെട്ടു. കാപ്പു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇടിച്ച വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

എസ്.ഡി.പി.ഐ ആംബുലന്‍സ് സര്‍വീസിന്റെയും ജലാലുദ്ദീന്‍ ജല്ലു, നവാസ്, മഹ് റൂഫ്, വിക്കി, അച്ചു അത്രാരഡി, ഇംതിയാസ് മുളൂര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Similar News