ധര്‍മ്മസ്ഥല; എസ്.ഐ.ടിക്ക് പരാതി പരിഹാരത്തിനായി പൊലീസ് സ്റ്റേഷന്‍ അധികാരങ്ങളും
പരാതിക്കാര്‍ ഇനി ലോക്കല്‍ പൊലീസിനെ സമീപിക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര;
ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊല, ബലാത്സംഗം, കൂട്ട ശവസംസ്‌കാരം എന്നിവയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐടി) പൊലീസ് സ്റ്റേഷന്‍ അധികാരങ്ങള്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി ജി പരമേശ്വര ആണ് ഇക്കാര്യം അറിയിച്ചത്.
പരാതിക്കാര്‍ ഇനി ലോക്കല്‍ പൊലീസിനെ സമീപിക്കേണ്ടതില്ലെന്നും കേസുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ആളുകള്‍ക്ക് ഇപ്പോള്‍ പരാതികള്‍ നല്‍കാന്‍ എസ്.ഐ.ടിയെ നേരിട്ട് സമീപിക്കാം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വസ്തുതകള്‍ അറിയാം,' എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
1995 നും 2014 നും ഇടയില്‍ ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്തിരുന്ന സമയത്ത് സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും ഉള്‍പ്പെടെ ഒന്നിലധികം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സത്യാവസ്ഥ അറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ചില ഇരകളുടെ മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെന്നും മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ ശുചീകരണ തൊഴിലാളി പറഞ്ഞിരുന്നു.
തുടക്കത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചെന്ന് അവകാശപ്പെടുന്ന 13 സ്ഥലങ്ങള്‍ അദ്ദേഹം അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തിരുന്നു. ഈ സംഖ്യ ഇപ്പോള്‍ 16 ഉം 19 ഉം ആയി ഉയര്‍ന്നിരിക്കുകയാണ്. പരാതിക്കാരന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍, അന്വേഷണത്തിന്റെ ഭാഗമായി, ധര്‍മ്മസ്ഥലയിലെ നേത്രാവതി നദിയുടെ തീരത്തുള്ള വനപ്രദേശങ്ങളില്‍ എസ്.ഐ.ടി തിരച്ചില്‍ നടത്തിവരികയാണ്. ഇതുവരെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പരാതിക്കാരന്‍ കാണിച്ച സ്ഥലങ്ങളെല്ലാം തന്നെ ഇപ്പോള്‍ കനത്ത പൊലീസ് നിരീക്ഷണത്തിലാണ്.