സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകള്‍; 2500 രൂപ പിഴ അടച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

സര്‍ക്കാര്‍ ഇളവ് മുതലാക്കി പിഴയടയ്ക്കും എന്ന പരിഹാസങ്ങളുമായി സമൂഹ മാധ്യമങ്ങള്‍;

Update: 2025-09-06 05:25 GMT

ബെംഗളൂരു: ഗതാഗത നിയമം ലംഘിച്ചതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകള്‍ ആണ് മുഖ്യമന്ത്രിക്ക് ട്രാഫിക് പൊലീസ് അയച്ചത്. നോട്ടീസ് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴയടച്ചു.

കര്‍ണാടകയില്‍ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് 7 വട്ടം ഗതാഗത നിയമങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും അധികൃതര്‍ നോട്ടീസ് അയച്ചത്.

2024 ജനുവരി 24 ന് പഴയ എയര്‍പോര്‍ട്ട് റോഡിലെ ലീല പാലസ് ജംഗ്ഷന് സമീപം കാര്‍ ക്യാമറയില്‍ പതിഞ്ഞതോടെയാണ് സീറ്റ് ബെല്‍റ്റ് ലംഘനത്തിന്റെ പരമ്പര ആരംഭിച്ചത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ആറ് നോട്ടീസ് ആണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഔദ്യോഗിക വാഹനമായ ഫോര്‍ച്യൂണറിന്റെ മുന്‍ സീറ്റില്‍ സിദ്ധരാമയ്യ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

ഫെബ്രുവരിയിലും ഓഗസ്റ്റിലും ഇതേ ജംഗ്ഷനിലും, മാര്‍ച്ചില്‍ ചന്ദ്രിക ഹോട്ടല്‍ ജംഗ്ഷനിലും, ഓഗസ്റ്റില്‍ ശിവാനന്ദ സര്‍ക്കിളിലും ഡോ. രാജ്കുമാര്‍ ജംഗ്ഷനിലും സീറ്റ് ബെല്‍റ്റ് നിയമം ലംഘിച്ചതിന്റെ കൂടുതല്‍ കേസുകള്‍ മുഖ്യമന്ത്രിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമിതവേഗതയില്‍ യാത്ര ചെയ്തതിനാണ് മറ്റൊരു നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ച സംഭവം ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഇളവ് മുതലാക്കി പിഴയടയ്ക്കും എന്നായിരുന്നു പരിഹാസങ്ങള്‍. ഇതിന് പിന്നാലെയാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചത്. 50 ശതമാനം പിഴത്തുക ഒഴിവാക്കിയിട്ടുള്ളതിനാല്‍ 7 നോട്ടീസുകള്‍ക്കും കൂടി 2500 രൂപയാണ് അടച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിഴ അടച്ചുതീര്‍ത്ത വിവരം ട്രാഫിക് പൊലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

പിഴ അടച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. നിയമവ്യവസ്ഥ തനിക്കും ബാധകം ആണെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത് എന്ന് നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. എന്തായാലും ട്രാഫിക് നിയമലംഘനങ്ങള്‍ വ്യാപകമായ ബംഗളുരുവില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

Similar News