പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു
പട്ടാപ്പകല്‍ നടന്ന സംഭവം നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്;
കുന്ദാപൂര്‍: പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം കുന്ദാപൂരിനടുത്തുള്ള തല്ലൂരിലാണ് സംഭവം നടന്നത്.
കെഞ്ചനൂര്‍ സ്വദേശിയും കോണ്‍ട്രാക്ടറുമായ ഗുണ്ടു ഷെട്ടിയുടെ പണമാണ് നഷ്ടപ്പെട്ടത്. ഗുണ്ടു ഷെട്ടി തല്ലൂരിലെ ഒരു ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിന്‍വലിച്ച് പണം കാറിനുള്ളില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് തല്ലൂര്‍ പട്ടണത്തിനടുത്തുള്ള ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോയി. ഏകദേശം 10- 15 മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോള്‍ കാറിന്റെ വലതുഭാഗത്തെ ചില്ല് തകര്‍ന്നതായും പണം നഷ്ടപ്പെട്ടതായും കണ്ടെത്തി.
തല്ലൂര്‍ ജംഗ്ഷന് സമീപമുള്ള തിരക്കേറിയ സ്ഥലത്താണ് മോഷണം നടന്നത്. അവിടെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, സമീപത്ത് ഒരു ബസ്, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയുമുണ്ട്. പട്ടാപ്പകല്‍ നടന്ന സംഭവം നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
ഗുണ്ടു ഷെട്ടി പണം പിന്‍വലിക്കുന്നത് കണ്ട് മോഷ്ടാക്കള്‍ ബാങ്കില്‍ നിന്ന് അദ്ദേഹത്തെ പിന്തുടര്‍ന്ന് വന്ന് മോഷണം നടത്തിയതാകാമെന്ന് സംശയിക്കുന്നു. കുന്ദാപൂര്‍ എസ് ഐ നഞ്ച നായിക്കും സംഘവും സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് കുന്ദാപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.