കോവിഡ് സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി; മാസ്‌കുകള്‍ നിര്‍ബന്ധമല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ വിതരണം, ആശുപത്രി വാര്‍ഡുകള്‍ എന്നിവ തടസ്സമില്ലാതെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌;

Update: 2025-05-28 09:12 GMT

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ്-19 സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ വിതരണം, ആശുപത്രി വാര്‍ഡുകള്‍ എന്നിവ തടസ്സമില്ലാതെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിധാന്‍ സൗധയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത് സാഹചര്യത്തിനും പൂര്‍ണ്ണമായും തയ്യാറായിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 65 ല്‍ നിന്ന് 80 ആയി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ സ്ഥിതി ഗുരുതരമായ ആശങ്കാജനകമല്ല. ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുത്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും മുന്‍കരുതല്‍ നടപടിയായി മാസ്‌ക് ധരിക്കണം. കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി വാക്‌സിനുകള്‍ മുന്‍കൂട്ടി സ്റ്റോക്ക് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവള പരിശോധനയെക്കുറിച്ച്, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar News