ധര്‍മ്മസ്ഥല: ഒരു സാക്ഷി കൂടി രംഗത്ത്; പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം

ഭയം കൊണ്ടാണ് നേരത്തെ വിവരം പുറത്തുപറയാതിരുന്നതെന്ന് സാക്ഷി;

Update: 2025-08-14 09:41 GMT

ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥല കൂട്ടക്കുഴിമാട കേസുമായി ബന്ധപ്പെട്ട് പുതിയൊരു സാക്ഷി കൂടി രംഗുവന്നതോടെ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി അന്വേഷണ സംഘം. പുരന്ദര ഗൗഡ എന്നയാളാണ് പുതിയതായി രംഗത്തുവന്നത്.

നേരത്തെ കേസിലെ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയ പതിമൂന്നാം പോയന്റില്‍ അന്വേഷണ സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഖനനം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ തിരച്ചിലിന്റെ 15-ാം ദിവസം ഖനനം നടത്തുന്ന സ്ഥലത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ഇതുവരെ ഖനനം നടത്തിയ രണ്ട് പോയന്റില്‍ നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

ബുധനാഴ്ച, പതിമൂന്നാം പോയന്റിന്റെ രണ്ടാമത്തെ സ്ഥലത്തും 32 അടി ആഴവും 13 അടി വീതിയുമുള്ള കുഴി എടുത്തിരുന്നു. എന്നാല്‍ അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ പുതുതായി ഒരു സാക്ഷി കൂടി രംഗത്തെത്തിയതോടെ കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സ്ഥലത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് തങ്ങള്‍ കണ്ടെന്നാണ് സാക്ഷികളായ തുക്കാറാം ഗൗഡയും പുരന്ദര ഗൗഡയും പറയുന്നത്.

എസ്.ഐടിയില്‍ ഇരുവരും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നാല്‍ സാക്ഷി പറയാന്‍ തയ്യാറാണെന്ന് ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. നേത്രാവതി നദിയുടെ തീരത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ വിവരങ്ങള്‍ എസ്.ഐ.ടിയുമായി പങ്കിടുമെന്നും ഇരുവരും പറഞ്ഞു.

വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയില്‍ അംബാസഡര്‍ കാറില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്ത് രഹസ്യമായി സംസ്‌കരിക്കുന്നത് നേരില്‍ കണ്ടുവെന്നാണ് പുരന്ദര ഗൗഡ പറയുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തെ കുറിച്ച് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഭയം കാരണമാണെന്നായിരുന്നു പുരന്ദര ഗൗഡയുടെ മറുപടി. ഇപ്പോള്‍ മുഖ്യമന്ത്രി എസ്.ഐ.ടി രൂപീകരിച്ചതോടെ സാക്ഷി പറയാന്‍ ധൈര്യത്തോടെ മുന്നോട്ടുവന്നിരിക്കുകയാണ്.

ഖനനം നടത്തിയ മറ്റ് സ്ഥലങ്ങളില്‍ നിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്താത്തതിന്റെ കാരണം വര്‍ഷങ്ങളായി പ്രദേശത്ത് വികസനം നടത്തുന്നതും കനത്ത മഴ, വെള്ളപ്പൊക്കം, അണക്കെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലമുണ്ടായ മാറ്റങ്ങളാകാമെന്നും ഇവര്‍ പറയുന്നു.

Similar News