ഉള്ളാളിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ 20 കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ്; 3 പേര്‍ അറസ്റ്റില്‍
അറസ്റ്റിലായവരില്‍ ഒരാള്‍ കുമ്പള സ്വദേശി;
മംഗളൂരു: ഉള്ളാളിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ 20 കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുന്നൂരിലെ കൊട്ടാരിമുലെയിലെ നേത്രാവതി നദിയുടെ തീരത്ത് 20 കാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. മൂന്ന് പുരുഷന്മാര്‍ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിയില്‍ അന്വേഷണം നടത്തിയ ഉള്ളാള്‍ പൊലീസ് മുള്‍ക്കി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറേയും കുമ്പള, മംഗളൂരു സ്വദേശികളായ രണ്ട് കൂട്ടാളികളെയുമാണ് അറസ്റ്റുചെയ്തത്. മുള്‍ക്കി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പ്രഭുരാജ് (38), കുമ്പള സ്വദേശിയായ ഇലക്ട്രീഷ്യന്‍ മിഥുന്‍ (30), മംഗളൂരു സ്വദേശിയായ മണി (30) എന്നിവരാണ് അറസ്റ്റിലായത്.
പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി കേരളത്തിലെ ഒരു പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 16 ന് മറ്റൊരു സ്ഥാപനത്തില്‍ ജോലി സാധ്യത തേടി അവള്‍ തന്റെ സുഹൃത്തിനൊപ്പം മംഗളൂരുവിലെത്തി. അവിടെ വച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ കേടായി.
പിന്നീട് ഫോണ്‍ നന്നാക്കാനായി ഒരു ഓട്ടോറിക്ഷയില്‍ കയറി. ഡ്രൈവര്‍ പ്രഭുരാജ് അന്ന് മുഴുവന്‍ പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തു. ഇതിനിടെ പെണ്‍കുട്ടി പശ്ചിമ ബംഗാളിലേക്ക് തന്നെ തിരിച്ചുപോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് രാത്രി ഡ്രൈവര്‍ പ്രഭുരാജിനോട് തന്നെ റെയില്‍വേ സ്റ്റേഷനില്‍ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനുപകരം, പ്രഭുരാജ് തന്റെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി പെണ്‍കുട്ടിയെ നദീതീരത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് മദ്യം നല്‍കി ബോധം കെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ബോധം വന്നതോടെയാണ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ബഹളം വച്ചതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മൂന്നുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ 1.30 ഓടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹൊയ്സാല പൊലീസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് വൈദ്യസഹായത്തിനായി ആശുപത്രിയിലേക്കും മാറ്റി.
പീഡനം സംബന്ധിച്ച ആരോപണം സ്ഥിരീകരിക്കാന്‍ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വേഗത്തില്‍ നടപടി സ്വീകരിച്ചുവെന്നും ബലാത്സംഗം ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 17 ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അന്നു രാത്രി വൈകിയാണ് ആക്രമണം നടന്നതെന്നാണ് മനസിലാക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളേയും കണ്ടെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും കമ്മീഷണര്‍ അറിയിച്ചു.