ACCIDENT| മംഗളൂരു സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിന് സമീപം വന്‍തീപിടുത്തം; പുക നിറഞ്ഞ് കാഴ്ച മറഞ്ഞതോടെ രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
മംഗളൂരു: മംഗളൂരു സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിന് സമീപം വന്‍ തീപിടുത്തം. വ്യാഴാഴ്ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്. ഇതോടെ പ്രദേശം മുഴുവനും പുക വ്യാപിച്ചു. കാഴ്ച മറഞ്ഞതോടെ ഹോസ്റ്റലിനടുത്ത് രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കൊണാജെയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ഇനോലിയിലേക്ക് പോകുകയായിരുന്ന ബി.ഐ.ടി കോളേജ് ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഡ്രൈവര്‍മാരും യാത്രക്കാരുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊണാജെ സര്‍വകലാശാലയ്ക്ക് സമീപമുള്ള കുന്നിന്‍ പ്രദേശത്താണ് തീപിടുത്തമുണ്ടായത്. മരങ്ങളും കുറ്റിച്ചെടികളും കത്തിനശിച്ചതോടെ ചുറ്റുപാടും കനത്ത പുക മൂടി. റോഡിലെ തീയും പുകയും വാഹനമോടിക്കുന്നവരുടെ കാഴ്ച മറച്ചു.
ഇതിനിടയില്‍ അടുത്തെത്തിയ രണ്ട് ബസുകളുടെയും ഡ്രൈവര്‍മാര്‍ക്ക് പരസ്പരം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് അപകടം സംഭവിച്ചത്. രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മംഗളൂരു സര്‍വകലാശാല ക്യാമ്പസിനുള്ളിലെ കുന്നിന്‍ പ്രദേശത്ത് തീ പടരുകയും നൂറുകണക്കിന് മരങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്.