അനധികൃത ഇരുമ്പയിര് കയറ്റുമതി കേസ്; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സതീഷ് സെയിലിനെ ഇ.ഡി അറസ്റ്റ് ചെയ്തു
ബെംഗളൂരു: അനധികൃത ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര കന്നഡയിലെ കാര്‍വാര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 59 കാരനായ സെയിലിനെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയുടെ ബെംഗളൂരു സോണല്‍ ഓഫീസില്‍ വച്ച് ചോദ്യം ചെയ്തതിന് ശേഷം ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.
പ്രത്യേക കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഒരു ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഫെഡറല്‍ ഏജന്‍സി കസ്റ്റഡി കാലാവധി നീട്ടാന്‍ ആവശ്യപ്പെടുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13-14 തീയതികളില്‍ കാര്‍വാര്‍, ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇ.ഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് സെയില്‍. ഓഗസ്റ്റില്‍, നിയമവിരുദ്ധ വാതുവെപ്പുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിത്രദുര്‍ഗ എംഎല്‍എ കെ.സി. വീരേന്ദ്ര 'പപ്പി'യെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.