മംഗളൂരുവില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊലപാതക വിവരം അറിഞ്ഞിട്ടും മേലുദ്യോഗസ്ഥരെ കൃത്യസമയത്ത് അറിയിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.;

Update: 2025-05-01 14:03 GMT

മംഗളൂരു: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ച് മലയാളിയായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

വയനാട് പുല്‍പള്ളി സ്വദേശി അഷ്‌റഫ് (36) കൊല്ലപ്പെട്ട സംഭവത്തിലാണ് വിഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കിയത്. കൊലപാതക വിവരം അറിഞ്ഞിട്ടും മേലുദ്യോഗസ്ഥരെ കൃത്യസമയത്ത് അറിയിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ഇന്‍സ്പെക്ടര്‍ കെ.ആര്‍. ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി. ചന്ദ്ര, കോണ്‍സ്റ്റബിള്‍ യെല്ലാലിംഗ എന്നിവരെയാണ് മംഗളൂരു പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത്. കൂടപ്പു എന്ന സ്ഥലത്തെ ഭത്ര കല്ലുര്‍ട്ടി ക്ഷേത്ര ഗ്രൗണ്ടിന് സമീപം മൈതാനത്ത് മരിച്ചനിലയിലാണ് അഷ് റഫിനെ കണ്ടെത്തിയത്.

എന്നാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. അസ്വാഭാവിക മരണമായി കണക്കാക്കുകയും ചെയ്തു. ചൊവ്വാഴ്ചയോടെയാണ് മരിച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരിക രക്തസ്രാവവും മുതുകില്‍ പല തവണ അടിയേറ്റതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊന്നതാണെന്ന് തെളിഞ്ഞത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉള്‍പ്പെടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്ക് ദക്ഷിണ കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവും കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Similar News