പിലിക്കുളയില്‍ ലോകായുക്തയുടെ മിന്നല്‍ പരിശോധന; നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ ഡോ. ഗണ പി കുമാര്‍, സുരേഷ് കുമാര്‍ പി, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഭാരതി ജി, ചന്ദ്രശേഖര്‍ കെ എന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന;

Update: 2025-05-24 10:50 GMT

മംഗളൂരു: പിലിക്കുള വികസന അതോറിറ്റി ഓഫീസില്‍ ലോകായുക്തയുടെ മിന്നല്‍ പരിശോധന. വെള്ളിയാഴ്ച കര്‍ണാടക ലോകായുക്തയുടെ മംഗളൂരു ഡിവിഷനിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭരണപരമായ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം.

ലോകായുക്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ ഡോ. ഗണ പി കുമാര്‍, സുരേഷ് കുമാര്‍ പി, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഭാരതി ജി, ചന്ദ്രശേഖര്‍ കെ എന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവരോടൊപ്പം മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

പിലിക്കുളയിലെ മൃഗശാലയിലൂടെ ഗണ്യമായ വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും, അതിന്റെ വികസനത്തിനായി ഫണ്ട് നിക്ഷേപിക്കുന്നതില്‍ അതോറിറ്റി പരാജയപ്പെട്ടുവെന്നും പരിശോധനയില്‍ കണ്ടെത്തി. മൃഗശാല ജീവനക്കാര്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നത്. മാത്രമല്ല, അവര്‍ക്ക് യാതൊരുവിധ ആരോഗ്യ ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.


മൃഗശാലയുടെ നടത്തിപ്പ് വനം വകുപ്പിന് കൈമാറാന്‍ മുന്‍കൂര്‍ ഉത്തരവുകള്‍ നല്‍കിയിട്ടും, സാധുവായ ന്യായീകരണമില്ലാതെ അതോറിറ്റി കൈമാറ്റം വൈകിപ്പിച്ചു. പരിസരത്ത് സ്വത്തുക്കള്‍ പാട്ടത്തിനെടുത്ത ചില സംഘടനകളില്‍ നിന്ന് അതോറിറ്റി കുടിശ്ശിക ഈടാക്കുന്നില്ലെന്നും കണ്ടെത്തി.

ടെന്‍ഡര്‍ പ്രക്രിയയിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലോകായുക്ത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്നും പ്രസക്തമായ രേഖകളും തെളിവുകളും ശേഖരിച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ഓഫീസില്‍ സമര്‍പ്പിക്കുമെന്നും കര്‍ണാടക ലോകായുക്ത മംഗളൂരു ഡിവിഷനിലെ ഇന്‍-ചാര്‍ജ് പൊലീസ് സൂപ്രണ്ട് കുമാരചന്ദ്ര പറഞ്ഞു.

Similar News