മാലിന്യം കലര്‍ന്ന് കിണര്‍ വെള്ളം മലിനമായി; പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് ഗഞ്ചിമഠിലെ കുടുംബം

വീട്ടിലെ കിണര്‍ വെള്ളം മലിനമായതിനെ തുടര്‍ന്ന് കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായും പരാതിക്കാരന്‍;

Update: 2025-05-26 09:25 GMT

മംഗളൂരു: സമീപത്തെ ഹാളില്‍ നിന്നുള്ള മാലിന്യം കാരണം കിണര്‍ വെള്ളം ഉപയോഗശൂന്യമായെന്ന ആരോപണവുമായി ഗഞ്ചിമഠിലെ ഒരു കുടുംബം. വീട്ടിലെ കിണര്‍ വെള്ളം മലിനമായതിനെ തുടര്‍ന്ന് കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായും സക്കീര്‍ എന്ന യുവാവ് പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടിവെള്ള പ്രശ്‌നം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ആദ്യം മലിനീകരണം കാരണം കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന കിണര്‍ അടയ്‌ക്കേണ്ടിവന്നിരുന്നു. പിന്നീട് രണ്ടാമത്തെ കിണര്‍ നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ അതേ കാരണത്താല്‍ ഈ കണറും ഉപയോഗശൂന്യമായെന്ന് ഇദ്ദേഹം പറയുന്നു.

നിലവില്‍ വീടിന്റെ ഉടമ വിദേശത്താണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ സക്കീര്‍ ആണ് ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയത്. സക്കീര്‍ പലതവണ ഉദ്യോഗസ്ഥരെ സമീപിച്ച് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. കിണര്‍ വെള്ളം ഉപഭോഗ യോഗ്യമല്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ജില്ലാ ചുമതലയുള്ള മന്ത്രി യു ടി ഖാദറിനും ഇതുസംബന്ധിച്ച് നിരവധി കത്തുകള്‍ അയച്ചിട്ടും ഹാളിനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് സക്കീറിന്റെ ആരോപണം.

മലിനീകരണത്തിന് ഉത്തരവാദികളായ സ്വകാര്യ ഹാളിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഉടനടി ബദല്‍ ജലവിതരണ സംവിധാനം ഒരുക്കണമെന്നുമാണ് സക്കീറിന്റെ ആവശ്യം.

Similar News