മംഗളൂരു ജില്ലാ ജയിലില്‍ വീണ്ടും സംഘര്‍ഷം; അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സഹതടവുകാരനെ ആക്രമിച്ചു
ബാര്‍ക്കെ പൊലീസ് ജയില്‍ പരിസരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു;
By : Online correspondent
Update: 2025-05-21 10:11 GMT
മംഗളൂരു: ജില്ലാ ജയിലില്‍ വീണ്ടും സംഘര്‍ഷം. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സഹതടവുകാരനെ ആക്രമിച്ചു. മുനീര്‍ എന്ന തടവുകാരന്‍ ആണ് പാചക ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു തടവുകാരനെ ആക്രമിച്ചത്. ഇതോടെയാണ് ജില്ലാ ജയിലില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം.
ആക്രമണത്തിന് പിന്നാലെ ഒരു കൂട്ടം സഹതടവുകാര്‍ മുനീറിനെതിരെ പ്രതികാരം ചെയ്യാന്‍ ശ്രമിച്ചതോടെ ജയിലിനുള്ളില്‍ അസ്വസ്ഥതയുണ്ടാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ജയില്‍ ജീവനക്കാര്‍ പെട്ടെന്ന് ഇടപെട്ടതിനാല്‍ സ്ഥിതിഗതികള്‍ വഷളാകുന്നത് തടയാന്‍ കഴിഞ്ഞു. പിന്നാലെ മുനീറിന്റെ സുരക്ഷ ഉറപ്പാക്കി.
ബാര്‍ക്കെ പൊലീസ് ജയില്‍ പരിസരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.