ധര്‍മസ്ഥലയില്‍ കുഴിച്ചുമൂടപ്പെട്ടവരില്‍ മലയാളി പെണ്‍കുട്ടികളും? വെളിപ്പെടുത്തലില്‍ അന്വേഷണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും അടക്കം നൂറിലേറെ പേരുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍;

Update: 2025-07-14 05:00 GMT

മംഗളൂരു: ബലാല്‍സംഗത്തിനിരകളായ പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ കര്‍ണ്ണാടക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും അടക്കം നൂറിലേറെ പേരുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ പ്രത്യേക സ്‌ക്വാഡിനെ തന്നെ കര്‍ണ്ണാടക സര്‍ക്കാര്‍ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. 1998നും 2014നും ഇടയിലായിരുന്നു സംഭവം. 2014ലാണ് ശുചീകരണ വിഭാഗത്തിലെ സേവനം പരാതിക്കാരന്‍ അവസാനിപ്പിച്ചത്. സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്.

ധര്‍മ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു. തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട ഇയാള്‍ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തി.

ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതിന്റെ ഫോട്ടോകളും അദ്ദേഹം പൊലീസിന് നല്‍കി. താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള നടപടികളും ആരംഭിച്ചു. ആദ്യ പരിശോധനയില്‍ തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. ഇവ ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കി.

അതേസമയം ശ്മശാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരില്‍ മലയാളി പെണ്‍കുട്ടികളുമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ധര്‍മ്മസ്ഥലയിലേക്ക് പോകുന്ന മലയാളികളില്‍ കൂടുതലും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ജില്ലയില്‍ നിന്നും ധര്‍മസ്ഥലയില്‍ പോയി പിന്നീട് കാണാതായ പെണ്‍കുട്ടികളുണ്ടെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്.

1987ല്‍ കാണാതായ ഒരു യുവതിയുടെ മൃതദേഹം പിന്നീട് കൈകാലുകള്‍ വെട്ടിയ നിലയില്‍ ഈ ഭാഗത്ത് കണ്ടെത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തി. ഇതേക്കുറിച്ചും കര്‍ണ്ണാടക പൊലീസ് അന്വേഷിക്കുന്നുണ്ട്. ദളിത് വിഭാഗത്തില്‍പെട്ട മുന്‍ ശുചീകരണതൊഴിലാളി 1995 മുതല്‍ 2014 ഡിസംബര്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ശുചീകരണജോലി ചെയ്തിരുന്നു. അതിനുമുന്‍പ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു.

ജോലിയുടെ തുടക്കത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടിരുന്നുവെന്നും അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് ആദ്യം കരുതിയതെന്നുമാണ് ഇയാളുടെ വെളിപ്പെടുത്തല്‍. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു. മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങളുണ്ടായിരുന്നു.

1998ല്‍ എന്റെ സൂപ്പര്‍വൈസര്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. ഞാന്‍ വിസമ്മതിക്കുകയും പൊലീസില്‍ റിപ്പോര്‍ട്ടുചെയ്യുമെന്ന് പറയുകയും ചെയ്തതോടെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതോടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടാന്‍ നിര്‍ബന്ധിതനായെന്നാണ് പരാതിയില്‍ പറയുന്നത്.

Similar News