ഗണേശ ചതുര്‍ത്ഥി; ദക്ഷിണ കന്നഡയില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം

പ്രതിഷ്ഠാ, നിമജ്ജന ഘോഷയാത്രകളുടെ സമാധാനപരമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും മദ്യ ഉപഭോഗം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ തടയുന്നതിനുമാണ് നിരോധനം;

Update: 2025-08-27 09:41 GMT

മംഗലാപുരം: ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ദക്ഷിണ കന്നഡയിലുടനീളം മദ്യവില്‍പ്പന നിരോധിച്ചു. ദക്ഷിണ കന്നഡ ഒരു സാമുദായിക സെന്‍സിറ്റീവ് ജില്ലയായി കണക്കാക്കപ്പെടുന്നതിനാല്‍ ഉത്സവാഘോഷങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെയും ദക്ഷിണ കന്നഡ ജില്ലാ പൊലീസിന്റെയും പരിധിയിലുള്ള ബാറുകള്‍, വൈന്‍ ഷോപ്പുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ മദ്യവില്‍പ്പനശാലകളും നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ അടച്ചിടാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദര്‍ശന്‍ എച്ച്.വി ഉത്തരവിട്ടു.

തിങ്കളാഴ്ച മുതലാണ് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ജില്ലയില്‍ ആരംഭിച്ചത്. ഭജനകള്‍, ഓര്‍ക്കസ്ട്രകള്‍ തുടങ്ങി വിഗ്രഹ നിമജ്ജനം വരെ നിരവധി സാംസ്‌കാരികവും മതപരവുമായ പരിപാടികളാണ് ജില്ലയിലുടനീളം സംഘടിപ്പിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം, വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ ടാബ്ലോകള്‍, പരമ്പരാഗത ഡ്രമ്മുകള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ ഘോഷയാത്രകളായാണ് കൊണ്ടുപോകുന്നത്.

ആയിരക്കണക്കിന് ഭക്തരാണ് ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. പ്രതിഷ്ഠാ, നിമജ്ജന ഘോഷയാത്രകളുടെ സമാധാനപരമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും മദ്യ ഉപഭോഗം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ തടയുന്നതിനുമാണ് നിരോധനം നടപ്പാക്കുന്നത്.

Similar News