കാല്‍നട യാത്രയ്ക്കിടെ ഇരുചക്ര വാഹനം ഇടിച്ച് അയ്യപ്പ തീര്‍ത്ഥാടകന്‍ മരിച്ചു
കുംബ്രി നിവാസിയായ സുരേന്ദ്ര മൊഗവീര്‍ ആണ് മരിച്ചത്;
കുന്ദാപൂര്‍: കാല്‍നട യാത്രയ്ക്കിടെ ഇരുചക്ര വാഹനം ഇടിച്ച് അയ്യപ്പ തീര്‍ത്ഥാടകന്‍ മരിച്ചു. കുന്ദാപൂര്‍ താലൂക്കിലെ അയ്യപ്പ ക്യാമ്പില്‍ നിന്ന് മന്ദാര്‍ട്ടി ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലേക്കുള്ള കാല്‍നട യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. തെക്കാട്ടെയ്ക്ക് സമീപമുള്ള കണ്ണുകെരെയ്ക്ക് സമീപം, അമിതവേഗത്തില്‍ വന്ന ഇരുചക്ര വാഹനം തീര്‍ത്ഥാടകരുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
കൊട്ടേശ്വറിനടുത്തുള്ള കുംബ്രി നിവാസിയായ സുരേന്ദ്ര മൊഗവീര്‍ (35) ആണ് മരിച്ചത്. അപകടത്തില്‍ മറ്റൊരു തീര്‍ത്ഥാടകനും പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. നവംബര്‍ 2 ന് പുലര്‍ച്ചെ 5:30 ഓടെ, 15 ഓളം അയ്യപ്പ തീര്‍ത്ഥാടകര്‍ കോട്ടേശ്വര്‍ വഴി മന്ദാര്‍ട്ടി ക്ഷേത്രത്തിലേക്ക് നടന്നുവരികയായിരുന്നു. കണ്ണുകെരെയില്‍ ദേശീയ പാത 66 ന് സമീപം എത്തിയപ്പോള്‍ ഒരു ഇരുചക്ര വാഹനം സുരേന്ദ്രനെയും, മറ്റൊരു തീര്‍ത്ഥാടകനെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനും രണ്ട് തീര്‍ത്ഥാടകരും റോഡിലേക്ക് തെറിച്ചുവീണു.
സുരേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ മറ്റൊരു തീര്‍ത്ഥാടകന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ കോട്ടേശ്വര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.