ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനായി പുതിയ ബില്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി കര്‍ണാടക; വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രസംഗം എന്നിവയ്ക്ക് 3 വര്‍ഷം വരെ തടവ്

5000 രൂപ പിഴയും നല്‍കും;

Update: 2025-06-25 05:17 GMT

ബെംഗളൂരു: ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനായി പുതിയ ബില്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. ഓണ്‍ലൈന്‍ വഴിയുള്ള വിദ്വേഷ പ്രസംഗവും അനുബന്ധ ഡിജിറ്റല്‍ കുറ്റകൃത്യങ്ങളും കുറ്റകരമാക്കാനുള്ള നിയമനിര്‍മ്മാണമാണ് ബില്‍ കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റവാളികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 5,000 രൂപ പിഴയും ലഭിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുന്നത്.

മതം, വംശം, ജാതി, സമൂഹം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം, ജനനസ്ഥലം, ഭാഷ, താമസസ്ഥലം, വൈകല്യം അല്ലെങ്കില്‍ ഗോത്ര ഐഡന്റിറ്റി എന്നിവയെ അടിസ്ഥാനമാക്കി വദ്വേഷം വളര്‍ത്തുന്നതോ, ശത്രുതയെ പ്രോത്സാഹിപ്പിക്കുന്നതോ, വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ദോഷം വരുത്തുന്നതോ ആയ വാക്കാലുള്ളതോ, രേഖാമൂലമോ, ഡിജിറ്റല്‍ വഴിയോ ഉള്ള ഏതൊരു പ്രസ്താവനയും കുറ്റകരമാക്കിയുള്ള ബില്‍ ആണ് അവതരിപ്പിക്കുന്നത്. അത്തരം ഉള്ളടക്കത്തില്‍ ഏര്‍പ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കും പുതിയ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടിവരും.

പുതിയ ബില്‍ പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍, സെര്‍ച്ച് എഞ്ചിനുകള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുകള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്നിവര്‍ അവരുടെ പ്ലാറ്റ് ഫോമുകളില്‍ ഹോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് നേരിട്ട് ഉത്തരവാദികളായിരിക്കും. ഇവര്‍ക്ക് തടവും സാമ്പത്തിക പിഴയും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ നടപടി നേരിടേണ്ടിവരും.

ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സാമ്പത്തികമോ ലോജിസ്റ്റിക്കല്‍ പിന്തുണയോ നല്‍കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ബില്‍ ലക്ഷ്യം വയ്ക്കുന്നു. അത്തരക്കാരെ പ്രാഥമിക കുറ്റവാളികളായി കണക്കാക്കും. ഇവര്‍ക്കും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന അതേ ശിക്ഷകള്‍ തന്നെ ലഭിക്കും.

അതുപോലെ തന്നെ വര്‍ഗീയ കലാപ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള പ്രത്യേക അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കും. നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ പൊതുയോഗങ്ങള്‍, റാലികള്‍, ഉച്ചഭാഷിണികളുടെ ഉപയോഗം, അക്രമമോ ഭയമോ ഉളവാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാനും അധികാരികള്‍ക്ക് അവകാശം നല്‍കുന്നു. അത്തരം നിയന്ത്രണങ്ങള്‍ തുടക്കത്തില്‍ 30 ദിവസം വരെ ഏര്‍പ്പെടുത്താം, ആവശ്യമെങ്കില്‍ 60 ദിവസത്തേക്ക് നീട്ടാവുന്നതുമാണ്.

ബില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ കാമ്പെയ്നുകളും പരിശീലന പരിപാടികളും ശുപാര്‍ശ ചെയ്യുന്നു. മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയ നിലവിലുള്ള സംസ്ഥാന കമ്മീഷനുകള്‍ക്ക് നിരീക്ഷണ ചുമതലകള്‍ നല്‍കാവുന്നതാണ്. നിയമം നടപ്പിലാക്കുമ്പോള്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടികളില്‍ നിന്ന് പ്രതിരോധം ലഭിക്കും.

സംസ്ഥാന നിയമസഭയുടെ മേല്‍നോട്ടത്തില്‍ ബില്‍ നടപ്പിലാക്കുന്നതിനായി വിശദമായ നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ഡിജിറ്റല്‍ വിദ്വേഷത്തിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും എതിരെ ശക്തമായ സംരക്ഷണങ്ങള്‍ വേണമെന്ന് വാദിക്കുന്നവര്‍ നിയമനിര്‍മ്മാണത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, മറ്റ് ചില ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

ഈ നിയമം നടപ്പിലാക്കിയാല്‍, ഡിജിറ്റല്‍ വിദ്വേഷത്തിന്റെയും തെറ്റായ വിവരങ്ങളുടെയും വെല്ലുവിളികളെ വ്യവസ്ഥാപിതവും ശിക്ഷാര്‍ഹവുമായ രീതിയില്‍ നേരിടുന്നതിന് ഒരു സമര്‍പ്പിത നിയമ ചട്ടക്കൂട് അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നായി കര്‍ണാടക മാറും.

Similar News