മംഗളൂരുവില്‍ കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
മഴക്കെടുതി മൂലം നഗരത്തില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.;
മംഗളൂരു: കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജില്ലയിലുടനീളം കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായുള്ള മഴയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി മുതല്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇതേതുടര്‍ന്ന് മംഗളൂരു നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകളും കടകളും ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴക്കെടുതി മൂലം നഗരത്തില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ മിഷന് സ്ട്രീറ്റ്, റാവു, റാവു സര്‍ക്കിള്‍, കൊപ്പര്‍ ഹിറ്റ് ലു പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ ഇടപെടല്‍ നിര്‍ണായകമായി. അപകടത്തില്‍പ്പെട്ട താമസക്കാരെ ഇവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
നഗരത്തിന്റെ പല ഭാഗങ്ങളിലും, റോഡുകളിലൂടെ മുട്ടോളം വെള്ളമാണ് ഒഴുകുന്നത്. സമീപത്തെ ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറുകള്‍ അപകടത്തിലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാന്‍ഹോളുകള്‍ അടഞ്ഞുകിടക്കുകയും മലിനജലം റോഡുകളിലേക്ക് ഒഴുകുകയും ചെയ്യുന്നു. എന്നാല്‍ നഗരസഭ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബെജൈ-കപിക്കാട് റോഡിലെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ഒരു വലിയ മരം കടപുഴകി വീണ് വാഹന ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
മഴയില്‍ കടകള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് വ്യാപാരി സംഘടനയുടെ പ്രസിഡന്റ് ഇംതിയാസ് അധികൃതരെ കുറ്റപ്പെടുത്തി. മഴക്കാലത്തിന് മുമ്പ് മതിയായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ മംഗളൂരു സിറ്റി കോര്പ്പറേഷന് പരാജയപ്പെട്ടുവെന്നും അശാസ്ത്രീയമായ പ്രവൃത്തികള്‍ നടത്തിയതുവഴി വാണിജ്യ സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതിന് ഇടയാക്കിയെന്നും ഇത് കനത്ത നഷ്ടം വരുത്തിവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബല്മാട്ടയിലെ അംബേദ്കര്‍ സര്‍ക്കിളിന് സമീപം, റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അന്തര്‍സംസ്ഥാന ബസുകളുടെ ഗതാഗതത്തെ തടസ്സപ്പെടുത്തി.
ജെപ്പുവിനടുത്ത് മംഗളൂരു സെന്‍ട്രലിനും ജംഗ്ഷനുമിടയില്‍ ഒരു മരം റെയില്‍വേ ട്രാക്കില്‍ വീണ് വൈദ്യുത ലൈനുകള്‍ പൊട്ടിവീണു. മരം മുറിച്ചുമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഈ റൂട്ടില്‍ വണ്‍വേ ട്രെയിന്‍ ഗതാഗതം മാത്രമേ അനുവദിച്ചിട്ടുള്ളൂ.
തുടര്‍ച്ചയായ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി, ഇത് താമസക്കാരില്‍ ആശങ്കയുണ്ടാക്കി. പിവിഎസിലെയും പാഡില്‍, ബജാല്‍ എന്നിവിടങ്ങളിലെയും കടകളും വെള്ളത്തിനടിയിലായി.
ജോക്കാട്ടെ പഞ്ചായത്തിന് സമീപം ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായി. കുന്നിന് ചെരിവ് ഇടിഞ്ഞുവീണ് സമീപത്തെ വീടുകള്‍ അപകടകരമായ അവസ്ഥയിലായി. മഴ തുടര്‍ന്നാല്‍ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജെപ്പിനമോഗരു ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം ദുഷ്കരമാവുകയും ജീവനും സ്വത്തിനും അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
മംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കുമ്പളയില്‍, മഹീന്ദ്ര താറും മാരുതി സുസുക്കി സ്വിഫ്റ്റ് കാറും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കാഴ്ച കൗതുകം ജനിപ്പിച്ചു. ഇത് കാണാന്‍ നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. കുമ്പളയിലെ സാജിദ് എന്നയാളുടേതാണ് ഈ വാഹനങ്ങള്‍.