ബെംഗളൂരുവില്‍ 3 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; ഒരു നൈജീരിയന്‍ പൗരനും 9 മലയാളികളും കസ്റ്റഡിയില്‍

ഇലക്ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗണ്‍, ബേഗൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.;

Update: 2025-04-15 09:56 GMT

ബെംഗളൂരു: നഗരത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) 3 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ 7 കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. രണ്ട് കേസുകളിലായി 9 മലയാളികളും ഇടനിലക്കാരനായ ഒരു നൈജീരിയന്‍ പൗരനും പിടിയിലായിട്ടുണ്ട്. 3 വ്യത്യസ്ത കേസുകളിലായാണ് ഇവര്‍ പിടിയിലാകുന്നത്. ഇലക്ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗണ്‍, ബേഗൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ആദ്യത്തെ കേസില്‍ ബൊമ്മസാന്ദ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന മലയാളി സിവില്‍ എഞ്ചിനീയറായ ജിജോ പ്രസാദാണ് പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് കഴിഞ്ഞ എട്ടാം തീയതിയാണ് ഇയാള്‍ പിടിയിലായത്. ഈ അവസരത്തില്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോ 50ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തിരുന്നു. കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് ലഹരി കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുകയായിരുന്നു ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ 25 ലക്ഷം രൂപ പണമായും മൂന്നര കിലോ കഞ്ചാവും സൂക്ഷിച്ചിരുന്നു. ഇതിന്റെ വിപണി വില മൂന്നരക്കോടി രൂപ വിലവരും. ഗ്രാമിന് 12000 രൂപ വിലക്കാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത് എന്നും പൊലീസ് പറഞ്ഞു.

യെലഹങ്ക ന്യൂടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ലഹരി കേസിലാണ് എട്ട് മലയാളി യുവാക്കളെ പിടികൂടിയതെന്ന് സിസിബി അറിയിച്ചു. 110 ഗ്രാം എംഡിഎംഎമും 10 മൊബൈല്‍ ഫോണുകളും ഒരു ടാബും രണ്ട് കാറുകളും അടക്കം ഇവരില്‍ നിന്ന് ആകെ പിടികൂടിയത് 27 ലക്ഷം രൂപയുടെ വസ്തുക്കളാണെന്നും സിസിബി പറഞ്ഞു.

ബെംഗളുരുവില്‍ ലഹരി വില്‍പ്പനയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച നൈജീരിയന്‍ പൗരനും അറസ്റ്റിലായി. ബേഗൂരില്‍ നിന്നാണ് നൈജീരിയന്‍ പൗരനായ ക്രിസ്റ്റിന്‍ സോചുരുചുക് പ് വു എന്നയാള്‍ പിടിയിലായത്. ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയും ഫോണും മറ്റ് വസ്തുക്കളും അടക്കം ആകെ 2 കോടി രൂപയുടെ വസ്തുക്കള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി സിസിബി വ്യക്തമാക്കി.

Similar News