ധര്‍മ്മസ്ഥല; മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ തിരച്ചില്‍ ആരംഭിച്ച് എസ്.ഐ.ടി
കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ഒരു മരത്തിനടിയില്‍ നിന്നും തലയോട്ടി, സാരി, പുരുഷന്മാരുടെ ഒരു ജോഡി ചെരിപ്പുകള്‍ എന്നിവ കണ്ടെത്തിയിരുന്നു;
ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥലയില്‍ കൂട്ടമായി മൃതദേഹം സംസ്‌ക്കരിച്ചെന്ന കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി എസ്.ഐ.ടി. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങിയത്. 14-ാം പോയന്റിലാണ് ഇത്തവണ മണ്ണ് നീക്കം ചെയ്യുന്നത്.
പതിനൊന്നാം പോയന്റില്‍ നിന്ന് ഏകദേശം 80 മീറ്റര്‍ അകലെ ഒരു മരത്തിനടിയില്‍ നിന്നും തലയോട്ടി, സാരി, ഒരു ജോഡി പുരുഷന്മാരുടെ ചെരിപ്പുകള്‍ എന്നിവയുള്‍പ്പെടെ കണ്ടെത്തിയതായി എസ്.ഐ.ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
13 സ്ഥലങ്ങളില്‍ ഇതിനകം തന്നെ പരിശോധന പൂര്‍ത്തിയായി. ജൂലൈ 31-ന് ആറാമത്തെ പോയന്റില്‍ നടത്തിയ പരിശോധനയില്‍ പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 5-ന്, എസ്.ഐ.ടി 11, 12 പോയന്റുകളില്‍ പരിശോധന നടത്തിയെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല.
മൃതദേഹ അവശിഷ്ടങ്ങള്‍ സംസ്‌ക്കരിച്ചതായി സാക്ഷികള്‍ വെളിപ്പെടുത്തിയ പതിമൂന്നാമത്തേതും അവസാനത്തേതുമായ പോയന്റില്‍ ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇതുവരെ പരിശോധന നടത്താത്തത് എന്നതിന് ഇതുവരെ ഉദ്യോഗസ്ഥര്‍ കാരണങ്ങളും വ്യക്തമാക്കിയിട്ടില്ല.