ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് ഷെട്ടി തിമ്മരോടി അറസ്റ്റില്‍
ഉഡുപ്പി ബ്രഹ്‌മാവര്‍ പൊലീസാണ് ഉജ്ജിരെയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്;
ബെംഗളൂരു: ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് ഷെട്ടി തിമ്മരോടി അറസ്റ്റില്‍. ഉഡുപ്പി ബ്രഹ്‌മാവര്‍ പൊലീസാണ് ഉജ്ജിരെയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രസ്താവനകള്‍ വൈറലായതിനെ തുടര്‍ന്ന് ബ്രഹ്‌മവാര്‍ പൊലീസ് സ്റ്റേഷനില്‍ മഹേഷ് ഷെട്ടിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായില്ല. ഇതോടെയാണ് പൊലീസ് തിമ്മരോടിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് തിമ്മരോടി പ്രതികരിച്ചു. ധര്‍മസ്ഥലയിലെ എസ്.ഐ.ടി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണെന്നും തിമ്മരോടി പറഞ്ഞു.
ആശുപത്രിക്ക് മുന്നില്‍ നിയമവിരുദ്ധമായി സംഘം ചേരല്‍, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്, മാധ്യമങ്ങളെ അപമാനിച്ചതിന് സ്വമേധയാ കേസെടുത്തത് എന്നിവ അടക്കം തിമറോഡിയ്‌ക്കെതിരെ നിലവില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെല്‍ത്തങ്ങാടി ഇന്‍സ്‌പെക്ടര്‍ സുബ്ബപ്പൂര്‍ മഠമാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.