ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം; അടയാളപ്പെടുത്തിയ പോയന്റുകളില്‍ കനത്ത സുരക്ഷ; പരിശോധന തുടരുന്നു
11 എ പോയന്റില്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് പരാതിക്കാരന്‍;
ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥലയില്‍ മനുഷ്യന്റെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുധനാഴ്ച പരാതിക്കാരന്റെ നിര്‍ദേശ പ്രകാരം ഒരു വനപ്രദേശം വീണ്ടും സന്ദര്‍ശിച്ചു. നേരത്തെ കുഴിച്ച സ്ഥലത്ത് നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വീണ്ടും സന്ദര്‍ശനം നടത്തിയത്.
1995 നും 2014 നും ഇടയില്‍ ധര്‍മ്മസ്ഥലയില്‍ ശുചിത്വ തൊഴിലാളിയായി സേവനമനുഷ്ഠിച്ച പരാതിക്കാരന്‍ 11 എ പോയന്റില്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. തന്റെ സേവനകാലത്ത് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെയുള്ളവരുടെ നിരവധി മൃതദേഹങ്ങള്‍ രഹസ്യമായി അവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ചില മൃതദേഹങ്ങളില്‍ ലൈംഗിക അതിക്രമത്തിന്റെ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മജിസ്ട്രേറ്റിന് മുമ്പാകെയും അദ്ദേഹം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 11ാമത്തെ സ്ഥലത്ത് നിന്ന് ഏകദേശം 80 മീറ്റര്‍ അകലെയുള്ള ഒരു മരത്തിനടിയില്‍ നിന്നും തലയോട്ടി, സാരി, ഒരു ജോഡി പുരുഷന്മാരുടെ ചെരിപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പരാതിക്കാരന്റെ അഭ്യര്‍ഥന പ്രകാരം ഈ സ്ഥലത്ത് വീണ്ടും മണ്ണ് കുഴിച്ചെടുത്തുള്ള പരിശോധനകള്‍ നടക്കുന്നു.
കഴിഞ്ഞ ആഴ്ച അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തേക്ക് എസ്.ഐ.ടി ഓഫീസര്‍ ജിതേന്ദ്ര കുമാര്‍ ദയാമയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. പ്രദേശത്ത് ഒന്നിലധികം എസ്.ഐ.ടി ഉപ യൂണിറ്റുകള്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കൊലപാതകം, ലൈംഗികാതിക്രമം, കുഴിച്ചുമൂടല്‍ എന്നിവ ഉള്‍പ്പെടുന്ന കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് കര്‍ണാടക സര്‍ക്കാര്‍ എസ്.ഐ.ടി രൂപീകരിച്ചത്.
അടുത്തതായി 13ാം പോയന്റിലാണ് ഉദ്യോഗസ്ഥര്‍ കുഴിയെടുക്കാനുള്ള നീക്കം നടത്തുന്നത്. ഈ സ്ഥലം ബാരിക്കേഡ് അടച്ച് നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ സ്ഥലത്ത് ശാസ്ത്രീയ സര്‍വേകളും മണ്ണ് കുഴിച്ചെടുക്കല്‍ പരിശോധനകളും നടത്താന്‍ എസ്.ഐ.ടി ഫോറന്‍സിക് വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, ബുധനാഴ്ചത്തെ സന്ദര്‍ശനത്തിലെ ഔദ്യോഗിക പ്രസ്താവനകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രദേശം ഇപ്പോള്‍ കനത്ത പൊലീസ് നിരീക്ഷണത്തിലാണ്. ക്രോസ്-വെരിഫിക്കേഷന്‍ ശ്രമങ്ങളുടെ ഭാഗമായി പ്രാദേശിക ഗ്രാമപഞ്ചായത്ത് രേഖകളും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്.
പരാതിക്കാരന്‍ നേരത്തെ പറഞ്ഞ 13 സ്ഥലങ്ങളില്‍ ഇതിനോടകം തന്നെ മണ്ണ് കുഴിച്ചെടുത്തുള്ള പരിശോധനകള്‍ പൂര്‍ത്തിയായി. ജൂലൈ 31-ന് ആറാമത്തെ സ്ഥലത്ത് നിന്നും മാത്രമാണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഓഗസ്റ്റ് 5-ന്, എസ് ഐ ടി 11-ാമത്തെയും 12-ാമത്തെയും സ്ഥലങ്ങളില്‍ മണ്ണ് കുഴിച്ചെടുത്ത് പരിശോധന നടത്തിയെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല.
അതേസമയം, പരാതിക്കാരന്‍ പറഞ്ഞ പതിമൂന്നാമത്തേതും അവസാനത്തേതുമായ സ്ഥലത്ത് ഇതുവരെ തിരച്ചില്‍ ആരംഭിച്ചിട്ടില്ല. അതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.