ധര്‍മ്മസ്ഥല: തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപണം; പരാതിക്കാരന്‍ അറസ്റ്റില്‍

ഇയാളെ ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം;

Update: 2025-08-23 05:21 GMT

മംഗലാപുരം: ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് പരാതിക്കാരനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. ധര്‍മ്മസ്ഥലയില്‍ കൂട്ട മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചെന്നാണ് മുന്‍ ശുചീകരണ തൊഴിലാളിയായിരുന്ന ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. സംഭവം വലിയ വിവാദത്തിന് കാരണമായിരുന്നു. നിരവധി പേര്‍ ധര്‍മസ്ഥലയിലെ നടത്തിപ്പുകാര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തുവരികയും ചെയ്തു.

പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിനായി എസ്.ഐ.ടി യെ നിയോഗിക്കുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത എസ്.ഐ.ടി പരാതിക്കാരന്‍ പറഞ്ഞ സ്ഥലങ്ങളില്‍ കുഴിയെടുത്ത് പരിശോധന നടത്തിയിരുന്നു. രണ്ട് സ്ഥലങ്ങളില്‍ നിന്നും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇവ പരിശോധനയ്ക്കായി അയച്ചിരുന്നു. സംഭവത്തെ കുറിച്ച് എസ്.ഐ.ടി വിശദമായി അന്വേഷിക്കുകയും പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്.

അറസ്റ്റ് ചെയ്ത 'മാസ്‌ക് മാനെ'11 മണിക്ക് ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5 മണി വരെ എസ്.ഐ.ടി മേധാവി പ്രണവ് മൊഹന്തി പരാതിക്കാരനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ ഒരു പ്രധാന സംഭവവികാസം ശനിയാഴ്ച ഉണ്ടാകുമെന്ന് എസ്ഐടി വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

പരാതിക്കാരന്റെ ആദ്യ ഭാര്യയാണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ നേരത്തെ അയാള്‍ക്കെതിരെ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. 'അയാള്‍ ഒരു നല്ല വ്യക്തിയല്ല. എന്നെയും എന്റെ കുട്ടികളെയും ഉപദ്രവിക്കാറുണ്ടായിരുന്നു. ധര്‍മ്മസ്ഥല ശവസംസ്‌കാര കേസുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ശരിയല്ല. പണത്തിനുവേണ്ടിയായിരിക്കണം അയാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്.

ഞാന്‍ അയാളെ 1999-ല്‍ വിവാഹം കഴിച്ചു. ഞങ്ങള്‍ ഏഴ് വര്‍ഷം ഒരുമിച്ചായിരുന്നു. അയാള്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഒരു മകനും മകളും ഉണ്ട്. ധര്‍മ്മസ്ഥലയില്‍ തൂപ്പുകാരിയായിരുന്നു'- എന്നും വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മുന്‍ഭാര്യ വെളിപ്പെടുത്തിയിരുന്നു.

Similar News