ധര്‍മ്മസ്ഥല കേസില്‍ വലിയ ഗൂഢാലോചന നടന്നിരിക്കുന്നു; അന്വേഷണം എന്‍.ഐ.എയ്ക്കോ സിബിഐയ്ക്കോ നല്‍കണമെന്ന് ബിജെപി അധ്യക്ഷന്‍
എല്ലാവരും ഒരേ സ്വരത്തില്‍ ഇക്കാര്യം ആവശ്യപ്പെടുന്നതായും വിജയേന്ദ്ര;
ധര്‍മ്മസ്ഥല: ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മ്മസ്ഥലയില്‍ നടന്ന കൂട്ട ശവസംസ്‌ക്കാര ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര. സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എയ്ക്കോ സിബിഐയ്ക്കോ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രനഗരത്തില്‍ നടക്കുന്ന 'ധര്‍മ്മസ്ഥല ചലോ' റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിജയേന്ദ്ര. അദ്ദേഹത്തിനൊപ്പം പ്രതിപക്ഷ നേതാവ് ആര്‍. അശോക്, ബിജെപി നിയമസഭാംഗങ്ങള്‍, നേതാക്കള്‍ എന്നിവരും ധര്‍മ്മസ്ഥലയില്‍ എത്തിയിട്ടുണ്ട്.
റാലിക്ക് മുമ്പ്, അവര്‍ മഞ്ജുനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും ബിജെപി രാജ്യസഭാ അംഗമായ ക്ഷേത്ര ധര്‍മ്മാധികാരി (സൂക്ഷിപ്പുകാരന്‍) ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ കാണുകയും ചെയ്തു.
'ജാതി, മതം, വര്‍ഗ്ഗം എന്നിവ പരിഗണിക്കാതെ എല്ലാവരും സിബിഐയോ എന്‍ഐഎയോ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു. അത് അനിവാര്യമാണ്. ധര്‍മ്മസ്ഥല ഭഗവാന്‍ മഞ്ജുനാഥന്റെ എല്ലാ ഭക്തരുടെയും ആവശ്യമാണിത്,' എന്നും വിജയേന്ദ്ര പറഞ്ഞു.
'സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടിയുടെ അന്വേഷണത്തിനിടെ ഒരുപാട് തെറ്റായ പ്രചാരണങ്ങള്‍ നടന്നു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നടന്ന വ്യാജ പ്രചാരണത്തില്‍ കോടിക്കണക്കിന് ഭക്തര്‍ അസ്വസ്ഥരാണ്. ഭക്തരുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു,' എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാരിന് മേല്‍ ഇടതുപക്ഷ സംഘടനകള്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു അവകാശപ്പെട്ടതായി ബിജെപി മേധാവി ചൂണ്ടിക്കാട്ടി, ധര്‍മ്മസ്ഥല സംഭവത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എല്ലാം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ വളരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. അതിനാല്‍, എന്‍ഐഎ അല്ലെങ്കില്‍ സിബിഐ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം അന്വേഷണത്തിന് ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നു,' - എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.എന്‍. ചിന്നയ്യ എന്ന മുന്‍ ശുചീകരണ തൊഴിലാളിയാണ് വിവാദമായ വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ധര്‍മ്മസ്ഥലയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങളുള്ള സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായാണ് ഇയാള്‍ വെളിപ്പെടുത്തിയത്. സംഭവം വലിയ വിവാദത്തിന് കാരണമായി.
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, ധര്‍മ്മസ്ഥലയിലെ നേത്രാവതി നദിയുടെ തീരത്തുള്ള വനത്തില്‍ പരാതിക്കാരന്‍ തിരിച്ചറിഞ്ഞ ഒന്നിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കില്‍ രണ്ടിടങ്ങളില്‍ നിന്നും അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവ ലബോറട്ടറികളില്‍ നിന്നും കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഓഗസ്റ്റ് 31 നും ജെഡി(എസ്) യുവജന വിഭാഗം പ്രസിഡന്റ് നിഖില്‍ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയില്‍ സമാനമായ ആവശ്യവുമായി 'ധര്‍മ്മസ്ഥല സത്യയാത്ര' നടത്തിയിരുന്നു.