കേസുകള്‍ വര്‍ധിക്കുന്നു; കര്‍ണാടകയില്‍ കോവിഡ്-19 പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്
തുടക്കത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലുമാണ് പരിശോധന നടത്തുന്നത്.;
ബെംഗളൂരു: കോവിഡ്-19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ്-19 പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയില്‍ പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍, ജനങ്ങളോട് മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ലോക്ക് ഡൗണിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നിരുന്നാലും, മുന്‍കരുതല്‍ നടപടിയായാണ് ഇപ്പോള്‍ പരിശോധന നിര്‍ബന്ധമാക്കിയത്.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, എല്ലാ SARI (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍) കേസുകള്‍ക്കും RT-PCR പരിശോധന നിര്‍ബന്ധമാണ്. സംസ്ഥാനത്ത് പ്രതിദിനം 150 മുതല്‍ 200 വരെ കേസുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദ്ദേശം.
എല്ലാ പരിശോധനാ സാമ്പിളുകളും ഒരേ ദിവസം നിയുക്ത ലബോറട്ടറികളില്‍ സമര്‍പ്പിക്കണം, സര്‍ക്കാര്‍ ലാബുകളില്‍ പരിശോധന കര്‍ശനമായി നടത്തണം, ലഭ്യമായ കോവിഡ്-19 പരിശോധനാ കിറ്റുകള്‍ ഫസ്റ്റ്-ഇന്‍-ഫസ്റ്റ്-ഔട്ട് (FIFO) ക്രമത്തില്‍ ഉപയോഗിക്കണം, കാലതാമസമോ തെറ്റായ കൈകാര്യം ചെയ്യലോ കാരണം കിറ്റുകള്‍ ഉപയോഗശൂന്യമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രായമായ വ്യക്തികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പരിശോധന ആവശ്യമാണ്.
കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത്, ഗര്‍ഭിണികളുടെയും പ്രസവാനന്തര സ്ത്രീകളുടെയും നിരീക്ഷണം വര്‍ദ്ധിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി ആശുപത്രികളില്‍ കോവിഡ്-19 പരിശോധനകള്‍ നടക്കുന്നുണ്ട്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
നവജാതശിശുക്കളെ അസുഖം ബാധിക്കാതിരിക്കാന്‍ ഗര്‍ഭിണികളും പ്രസവാനന്തര സ്ത്രീകളും മാസ്‌ക് ധരിക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക തുടങ്ങിയ അധിക മുന്‍കരുതലുകള്‍ എടുക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്.
കോവിഡ്-19 കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത്, ഇന്ന് മുതല്‍ സംസ്ഥാനം പരിശോധന പുനരാരംഭിച്ചു. തുടക്കത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലുമാണ് പരിശോധന നടത്തുന്നത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എട്ട് ആര്‍ടി-പിസിആര്‍ പരിശോധനാ ലാബുകള്‍ വീണ്ടും തുറക്കാനും വകുപ്പ് തീരുമാനിച്ചു.
കോവിഡിനെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നിലവിലുള്ള മിക്ക കോവിഡ് കേസുകളിലും നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ആശുപത്രിയില്‍ അഡ് മിറ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗികള്‍ വീട്ടില്‍ തന്നെ തുടരണമെന്നും, പ്രത്യേകിച്ച് നവജാത ശിശുക്കള്‍ക്ക് ജന്മം നല്‍കിയവര്‍ മുന്‍കരുതല്‍ നടപടിയായി മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. 'അനാവശ്യമായി പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മാസ്‌ക് ധരിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്,' എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.