കുഞ്ഞിനൊപ്പം പിതാവിന്റെ ആത്മഹത്യാശ്രമം; 4 വയസ്സുകാരിയെ മുത്തച്ഛന്റെ സംരക്ഷണയിലേക്ക് അയച്ചു
മകളെ മുത്തച്ഛന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കാന്‍ കുട്ടിയുടെ അമ്മയും സമ്മതിച്ചു;
മംഗളൂരു: ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാലുവയസ്സുകാരിയായ മകളോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചയാളുടെ കുഞ്ഞിന്റെ സംരക്ഷണം മുത്തച്ഛന് നല്‍കിയതായി പൊലീസ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യ അനുരഞ്ജനത്തിന് വിസമ്മതിക്കുകയും വിവാഹമോചനവുമായി മുന്നോട്ട് പോകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ കോടതി വഴി നിയമപരമായി പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് ദമ്പതികളെ ഉപദേശിച്ചു.
മകളെ മുത്തച്ഛന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കാന്‍ കുട്ടിയുടെ അമ്മയും സമ്മതിച്ചു. ഇതുപ്രകാരം കുട്ടിയെ അദ്ദേഹത്തിന് കൈമാറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംബിക നഗറില്‍ താമസിക്കുന്ന രാജേഷ്(35) ആണ് കഴിഞ്ഞദിവസം മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. പനമ്പൂര്‍, കാവൂര്‍ പൊലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇരുവരേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.