കൊല്ലൂരില്‍ പരമ്പരാഗത ഹിന്ദുമത ചടങ്ങില്‍ വിവാഹിതരായി ഫ്രഞ്ച്-റഷ്യന്‍ ദമ്പതികള്‍
ഫ്രാന്‍സില്‍ നിന്നുള്ള കൃഷ്ണ ഭക്തരായ നരോത്തം ദാസും ജഹ്നവിദേവി ദാസിയും ആണ് പവിത്രമായ അഗ്‌നിയുടെയും പുരോഹിതരുടെയും സാന്നിധ്യത്തില്‍ വിവാഹിതരായത്;
ബൈന്ദൂര്‍: കൊല്ലൂരിലെ ഒരു മഠത്തില്‍ നടന്ന പരമ്പരാഗത ഹിന്ദുമത ചടങ്ങില്‍ വിവാഹിതരായി ഫ്രഞ്ച് വരനും റഷ്യന്‍ വധുവും. ഫ്രാന്‍സില്‍ നിന്നുള്ള കൃഷ്ണ ഭക്തരായ നരോത്തം ദാസും ജഹ്നവിദേവി ദാസിയും ഇക്കഴിഞ്ഞ നവംബര്‍ 7 ന് ആണ് പവിത്രമായ അഗ്‌നിയുടെയും പുരോഹിതരുടെയും സാന്നിധ്യത്തില്‍ വേദ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് വിവാഹം കഴിച്ചത്.
ദീര്‍ഘകാലമായി കൃഷ്ണ ഭക്തരായ ദമ്പതികള്‍ വര്‍ഷങ്ങളായി വൃന്ദാവനത്തില്‍ വേദ പഠനത്തിലും കഥക് നൃത്ത പരിശീലനത്തിലും ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി, പഞ്ചകര്‍മ ചികിത്സയ്ക്കായി കൊല്ലൂരിലെ അഭയ ആയുര്‍വേദ കേന്ദ്രവും ഇവര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സന്ദര്‍ശന വേളയില്‍, ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കനുസൃതമായി വിവാഹം കഴിക്കാനുള്ള ആഗ്രഹം അവര്‍ കേന്ദ്രത്തിലെ ഡോക്ടര്‍ ശ്രീകാന്തിനോട് പ്രകടിപ്പിച്ചു.
ഇരുവരുടെയും ആഗ്രഹം നിറവേറ്റിക്കൊണ്ട്, പുരോഹിതന്‍ ശ്യാമസുന്ദര്‍ അഡിഗ മറവന്റെയാണ് വിവാഹ ചടങ്ങ് നടത്തിയത്. ലളിതവും എന്നാല്‍ ഗംഭീരവുമായ ഒരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അതിഥികള്‍ പരമ്പരാഗത പ്രാദേശിക വിഭവങ്ങള്‍ ആസ്വദിച്ചു, സുധീര്‍ കൊടവൂരിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു. 'രാഗധന'ത്തിലെ അംഗങ്ങളായ കെ ആര്‍ രാഘവേന്ദ്ര ആചാര്യ, ലക്ഷ്മിനാരായണ ഉപാധ്യ, സുധീര്‍ കൊടവൂര്‍, ബാലചന്ദ്ര ഭാഗവത്, ഷര്‍മിള റാവു എന്നിവര്‍ ശ്രുതിമധുരമായ സംഗീത പ്രകടനങ്ങള്‍ അവതരിപ്പിച്ചു.
ശുചിത്വത്തിനും പരിസ്ഥിതി അവബോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വിവാഹം പൂര്‍ണ്ണമായും പ്ലാസ്റ്റിക് രഹിതമായിരുന്നു.