ബെംഗളൂരുവിലെ ഗുണ്ടാനേതാവിന്റെ കൊലപാതകം; ബിജെപി എംഎല്‍എ ബൈരതി ബസവരാജിനെതിരെ കേസ്‌

കൊലപാതകം നടന്നത് വീടിന് മുന്നിലുള്ള റോഡില്‍ വച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ;

Update: 2025-07-16 07:33 GMT

ബെംഗളൂരു: ഗുണ്ടാനേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ ബൈരതി ബസവരാജിനെതിരെ കേസെടുത്ത് പൊലീസ്. ഗുണ്ടാ നേതാവ് ശിവപ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്  മുന്‍ നഗരവികസന മന്ത്രി ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരു നഗരത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്ന ശിവപ്രകാശിന്റെ അമ്മ വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

2025 ഫെബ്രുവരി മുതല്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് തന്റെ 44 കാരനായ മകന്‍ ശിവപ്രകാശിന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എംഎല്‍എയുടെ കൂട്ടാളികളില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്. ശിവപ്രകാശ് നേരത്തെ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കെ.ആര്‍. പുരത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയുടെ പ്രേരണയാല്‍ അജ്ഞാതരായ അക്രമികളാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നാണ് മാതാവിന്റെ ആരോപണം. എഫ്.ഐ.ആറില്‍ എംഎല്‍എയെ അഞ്ചാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് ശിവപ്രകാശിന്റെ അമ്മ പറയുന്നത്:

ചൊവ്വാഴ്ച രാത്രി 8.10 മണിയോടെയാണ് കൊലപാതകം നടന്നത്. ഭാരതി നഗറിലെ വീടിന് മുന്നിലുള്ള റോഡില്‍ ശിവപ്രകാശും ഡ്രൈവര്‍ ഇമ്രാന്‍ ഖാനും സുഹൃത്ത് ലോകേഷും സംസാരിക്കുന്നതിനിടെ അജ്ഞാതരായ ഒരു കൂട്ടം അക്രമികള്‍ അവിടെ അതിക്രമിച്ചെത്തി ശിവപ്രകാശിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇമ്രാന്‍ ഖാന്‍ മകനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് അവനെയും ആക്രമിച്ചു. ലോകേഷ് മൊബൈല്‍ ഫോണില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലവിളിച്ചതോടെ ആളുകള്‍ ഓടിയെത്തി. ഇതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അപ്പോഴേക്കും ശിവപ്രകാശ് മരിച്ചിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ശിവപ്രകാശ് എക്‌സ്ട്രീം പോയിന്റ് (പ്രൊമോട്ടേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്) പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്നു. 2023 ല്‍ കോത്തനൂരില്‍ ഒരു സ്ഥലത്തിന് ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി (ജിപിഎ) ലഭിച്ചതായും മാതാവ് പറഞ്ഞു. അവിടെ ഒരു ഷെഡ് നിര്‍മ്മിച്ച് രണ്ട് സ്ത്രീകളെ സുരക്ഷാ ഗാര്‍ഡുകളായി താമസിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു.

2025 ഫെബ്രുവരിയില്‍, ജഗദീഷ് എന്ന ജഗ്ഗ, കിരണ്‍ എന്നിവര്‍ സ്ഥലത്ത് അതിക്രമിച്ചു കയറി അവിടെ താമസിച്ചിരുന്ന സ്ത്രീകളെ പുറത്താക്കി. പിന്നീട്, ജഗദീഷ് ശിവപ്രകാശിനെ വിളിച്ച് ജിപിഎ തന്റെ പേരിലേക്ക് മാറ്റിയില്ലെങ്കില്‍ 'ജീവനോടെ വിടില്ല' എന്ന് ഭീഷണിപ്പെടുത്തി. അത് ജഗദീഷിന്റെ സ്ഥലമാണെന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്.

'ജഗദീഷ്, കിരണ്‍, അനില്‍, വിമല്‍, കെ.ആര്‍. പുരം എംഎല്‍എ ബൈരതി ബസവരാജ് എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ശിവപ്രകാശ് പൊലീസില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നു. ബസവരാജിന്റെ പ്രേരണയാല്‍ ഈ നാലുപേരും ചേര്‍ന്ന് മകനെ കൊലപ്പെടുത്തിയതാണെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നു.

അതിക്രൂരമായാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. റോഡിലേക്ക് വലിച്ചിറക്കി പല തവണ വെട്ടിയെന്നും ശരീരഭാഗങ്ങള്‍ പലതും വെളിയില്‍ വന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഭാരതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ശിവകുമാറിനെതിരെ 11 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്.

Similar News