ഭാര്യയും കുഞ്ഞും വീടുവിട്ടുപോയി; വിവാഹ മോചനക്കേസ് നടന്നുകൊണ്ടിരിക്കെ മനോവിഷമത്താല്‍ ടെക്കി യുവാവ് ജീവനൊടുക്കി
ബെംഗളൂരുവില്‍ ഗാര്‍ഹിക പ്രശ്‌നങ്ങള്‍ നേരിടുന്ന ടെക് പ്രൊഫഷണലുകളും നിയമപാലകരും ഉള്‍പ്പെട്ട ആത്മഹത്യകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിതെന്ന് പൊലീസ്;
ബെംഗളൂരു: ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയും കുഞ്ഞും വീടുവിട്ടുപോയി. വിവാഹ മോചനക്കേസ് നടന്നുകൊണ്ടിരിക്കെ മനോവിഷമത്താല്‍ ടെക്കി യുവാവ് ജീവനൊടുക്കി. ബെംഗളൂരു ചിക്കനബവാരയ്ക്കടുത്തുള്ള ഗാനിഗരഹള്ളിയിലെ ഡിഎക്‌സ് സ്മാര്‍ട്ട് നെസ്റ്റ് അപ്പാര്‍ട്ട് മെന്റിലെ താമസക്കാരനായ സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍ പ്രശാന്ത് നായരാണ് (40) മരിച്ചത്.
പ്രശാന്ത് താമസിച്ചിരുന്ന മുറിയിലെ കര്‍ട്ടനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്നും മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ സദ്ദുഗുണ്ടെപാളയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലെനോവോയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത്, കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ പൂജ നായരുമായി വേര്‍പിരിഞ്ഞതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി തനിച്ചാണ് താമസിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.12 വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ദമ്പതികള്‍ക്ക് എട്ട് വയസ്സുള്ള ഒരു മകളും ഉണ്ട്.
നേരത്തെ കുടുംബത്തോടൊപ്പം ഹെന്നൂരിലായിരുന്നു പ്രശാന്ത് താമസിച്ചിരുന്നത്. ദമ്പതികള്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നതായും നിയമനടപടികള്‍ നടന്നുവരികയാണെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ കൂടുതല്‍ വഷളായതായും കുടുംബം അറിയിച്ചു.
ബെംഗളൂരുവില്‍ ഗാര്‍ഹിക പ്രശ്‌നങ്ങള്‍ നേരിടുന്ന ടെക് പ്രൊഫഷണലുകളും നിയമപാലകരും ഉള്‍പ്പെട്ട ആത്മഹത്യകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച, വിവാഹമോചന ഹര്‍ജി പിന്‍വലിക്കാന്‍ ഭാര്യ തയാറാകാത്തതിനെ തുടര്‍ന്ന് നാഗര്‍ഭാവിയിലെ ഒരു ടെക്കി ഭാര്യയുടെ വസതിക്ക് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ, ഭാര്യ നികിത സിംഘാനിയയുടെ ഗാര്‍ഹിക പീഡനത്തിലും വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പാക്കാനായി 3 കോടി രൂപ ആവശ്യപ്പെട്ടതിനെയും തുടര്‍ന്ന് അതുല്‍ സുഭാഷ് എന്ന ടെക്കി ജീവിതം അവസാനിപ്പിച്ചിരുന്നു. ഈ സംഭവം വ്യാപകമായ പൊതുജന പ്രതിഷേധത്തിനും ചര്‍ച്ചയ്ക്കും വഴിവച്ചിരുന്നു.
2024 ഡിസംബര്‍ 14 ന് ഭാര്യയുടേയും അമ്മായിയമ്മയുടെയും വൈകാരിക പീഡനവും സമ്മര്‍ദ്ദവും മൂലം നഗരത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവനൊടുക്കിയിരുന്നു.
ഇത്തരം സംഭവങ്ങളെല്ലാം ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് വിധേയരാകുന്ന വ്യക്തികളുടെ വൈകാരിക ക്ഷേമത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മാനസികാരോഗ്യവും കുടുംബവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും പരിഹരിക്കുന്നതിന് കൂടുതല്‍ അവബോധവും പിന്തുണാ സംവിധാനങ്ങളും വേണമെന്ന ആവശ്യം ശക്തമാകുന്നു.