ടിപ്പര്‍ ലോറി ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകം; എല്ലാ പ്രതികള്‍ക്കെതിരെയും കെ.സി.ഒ.സി.ഒ.സി.എ ചുമത്തി പൊലീസ്

എല്ലാ പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്;

Update: 2025-10-05 14:00 GMT

ബണ്ട്വാള്‍: കൊളത്തമജലുവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികള്‍ക്കെതിരേയും പൊലീസ് കര്‍ണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (കെ.സി.ഒ.സി.ഒ.സി.എ) ചുമത്തി. ദീപക്, ചിന്തന്‍, പൃഥ്വിരാജ് ജോഗി, സുമിത് ബി ആചാര്യ, വി. രവിരാജ് മൗല്യ, അഭിന്‍ റായ്, തേജക്ഷ, ശൃംഗേരിയിലെ രവിസഞ്ജയ് ജി.എസ്, ശിവപ്രസാദ് തുമ്പെ, പ്രദീപ്, ഷാഹിത്ത് എന്ന സാഹിത്, സച്ചിന്‍ എന്ന സച്ചു റോട്ടിഗുഡ്ഡെ, രഞ്ജിത്ത് എന്നീ 13 പ്രതികളെ ബണ്ട്വാള്‍ റൂറല്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

എല്ലാ പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അറസ്റ്റിന് ശേഷം ഭൂരിഭാഗം പ്രതികളേയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിയായ ഭരത് രാജ് എന്ന ഭരത് കുംദേലു (29) ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ വര്‍ഷങ്ങളായി കൊലപാതകം, കൊലപാതകശ്രമം, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക, അതുവഴി സാമൂഹിക ഐക്യം തകര്‍ക്കുക, വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍, വെസ്റ്റേണ്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ അംഗീകാരത്തോടെ, കെസിഒസിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തു.

ഇക്കഴിഞ്ഞ മെയ് 27 ന് ആണ് സംഭവം. ബണ്ട്വാള്‍ താലൂക്കിലെ കുര്‍ണിയാല്‍ ഗ്രാമത്തിലെ ഇരകൊടിയില്‍ ആണ് ക്രൂരമായ കൊലപാതകം നടന്നത്. അബ്ദുള്‍ റഹ്‌മാനൊപ്പം ടിപ്പര്‍ ലോറിയില്‍ ഉണ്ടായിരുന്ന ഖലന്ദര്‍ ഷാഫിക്ക് നേരെയും ക്രൂരമായ ആക്രമണം നടന്നിരുന്നു. ആക്രമത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Similar News