അത്താവര്‍ ഇരട്ടക്കൊലക്കേസ്: കാസര്‍കോട് സ്വദേശികളായ മൂന്ന് പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

വിധി പറഞ്ഞത് മംഗളൂരുവിലെ ഒന്നാം അഡീഷണല്‍ ജില്ലാ, സെഷന്‍സ് കോടതി ജഡ്ജി മല്ലികാര്‍ജുന സ്വാമി എച്ച് എസ്;

Update: 2025-04-20 07:54 GMT

മംഗളൂരു: അത്താവര്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ കാസര്‍കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്ത് വര്‍ഷം മുമ്പ് അത്താവറിലെ ഒരു വാടക വീട്ടില്‍ നടന്ന ഇരട്ടക്കൊലപാതക കേസിലാണ് കോടതി വിധി പറഞ്ഞത്. മംഗളൂരുവിലെ ഒന്നാം അഡീഷണല്‍ ജില്ലാ, സെഷന്‍സ് കോടതി ശനിയാഴ്ചയാണ് മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ജഡ്ജി മല്ലികാര്‍ജുന സ്വാമി എച്ച് എസ് ആണ് വിധി പറഞ്ഞത്.

കാസര്‍കോട് ചെര്‍ക്കള സ്വദേശി മുഹമ്മദ് മുഹാജിര്‍ സനാഫ് (35), വിദ്യാനഗറിലെ അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് ഇര്‍ഷാദ് (34), എ മുഹമ്മദ് സഫ് വാന്‍ (34) എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തലശ്ശേരി സ്വദേശി നഫീര്‍ (24), കോഴിക്കോട് സ്വദേശി ഫഹീം (25) എന്നിവരാണ് കൊല്ലപ്പെട്ടത്.

നഫീര്‍ വിദേശത്ത് നിന്ന് സ്വര്‍ണ്ണക്കട്ടികള്‍ കടത്തിക്കൊണ്ടുവന്ന് സുഹൃത്ത് ഫഹീമിനെ ഉടമസ്ഥര്‍ക്ക് കൈമാറാന്‍ ഏല്‍പിച്ചു. എന്നാല്‍ ഫഹീമും മൂന്ന് പ്രതികളും ചേര്‍ന്ന് ഈ സ്വര്‍ണ്ണം വിറ്റു. തുടര്‍ന്ന് പണം പങ്കുവെക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് കേസ്.

2014 മെയ് 15 ന്, സ്വര്‍ണ്ണം വിറ്റതില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സഫ് വാന്‍ കാസര്‍കോടിലെ ബേഡഡുക്കയിലെ യെല്ലനീരഡ്കയിലെ ശങ്കരന്‍ കാഡുവില്‍ 10 സെന്റ് സ്ഥലം വാങ്ങി. അവിടെ തെങ്ങിന്‍ തൈകള്‍ നടുന്നതിനായി കുഴികള്‍ കുഴിച്ചു, ഇതില്‍ ഒരു കുഴി മറ്റുള്ളവയേക്കാള്‍ കൂടുതല്‍ ആഴത്തില്‍ കുഴിച്ചു.

തുടര്‍ന്ന് 2014 ജൂണ്‍ 16 ന്, അത്താവറിലെ ഉമാമഹേശ്വര ക്ഷേത്രത്തിന് സമീപം ഒരു വീട് വാടകയ്ക്കെടുത്തു. അടുത്ത ദിവസം, നഫീറിനെയും ഫഹീമിനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇവര്‍ക്ക് കിടക്കാന്‍ പ്രത്യേക മുറിയും നല്‍കി. പ്രതികളായ മൂന്നുപേരും മറ്റൊരു മുറിയില്‍ കിടന്നു.

ജൂലൈ ഒന്നിന് രാവിലെ, സഫ് വാന്‍ ഫഹീമിനെ കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് അടുത്ത മുറിയിലായിരുന്ന നഫീറിനെയും ആക്രമിച്ചു. കഴുത്തിലും തോളിലും നെഞ്ചിലും കുത്തേറ്റ ഇരുവരും കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ രണ്ട് മൃതദേഹങ്ങളുടേയും കൈകളും കാലുകളും കയറുകൊണ്ട് കെട്ടി, പ്ലാസ്റ്റിക് ചാക്കുകളില്‍ പൊതിഞ്ഞ് വാടകയ്ക്ക് എടുത്ത കാറില്‍ കാസര്‍കോട്ടേക്ക് കൊണ്ടുപോവുകയും, അവിടെ എടുത്തിരുന്ന പറമ്പില്‍ കുഴിച്ച കുഴിയില്‍ കുഴിച്ചിടുകയും ചെയ്തു.

തെളിവുകള്‍ നശിപ്പിക്കുന്നതിനായി, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്തം പുരണ്ട കിടക്കകള്‍ എടുത്ത് കാസര്‍കോട്ടെ ചന്ദ്രഗിരി പുഴയില്‍ ഉപേക്ഷിച്ചു. ഇതിനിടെ വാടക വീട്ടില്‍ നിന്ന് മൂവരും ഇടയ്ക്കിടെ സാധനങ്ങള്‍ കാറില്‍ കൊണ്ടുപോകുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും സംശയം തോന്നിയ അയര്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. മയക്കുമരുന്ന്, കള്ളക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നായിരുന്നു അയല്‍ക്കാരുടെ സംശയം.

ജൂലൈ 6 ന് വൈകുന്നേരം 6:35 ഓടെ, അന്നത്തെ സിസിബി ഇന്‍സ്‌പെക്ടര്‍ വാലന്റൈന്‍ ഡിസൂസ സ്ഥലത്തെത്തി വീട് പരിശോധിക്കുകയും അവിടെ ഉണ്ടായിരുന്ന കീറിയ കിടക്കകളും കറുത്ത പ്ലാസ്റ്റിക് മാലിന്യ സഞ്ചികളില്‍ നിറച്ച തലയിണകളും ഉള്‍പ്പെടെയുള്ള തൊണ്ടി മുതലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെയും വാഹനത്തെയും കസ്റ്റഡിയിലെടുത്ത് പാണ്ഡേശ്വര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. സ്റ്റേഷന്‍ ഓഫീസര്‍ ദികനാര്‍ ഷെട്ടി ഔദ്യോഗിക നടപടികള്‍ക്ക് നേതൃത്വം നല്‍കി.

മംഗളൂരുവിലെ ഒന്നാം അഡീഷണല്‍ ജില്ലാ, സെഷന്‍സ് കോടതിയില്‍ നടന്ന വിശദമായ വിചാരണയ്ക്ക് ശേഷമാണ് കുറ്റക്കാരെന്ന് കണ്ട് മൂന്ന് പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

Similar News