കനത്ത മഴ: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ 41 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
259 വൈദ്യുത തൂണുകളും നാല് ട്രാന്‍സ് ഫോര്‍മറുകളും തകര്‍ന്നു;
ഉഡുപ്പി: കര്‍ണാടകയിലെ തീരദേശ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ 41 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
മൂഡ് ബിദ്രി താലൂക്കിലെ ഒരു വീടിനും ദക്ഷിണ കന്നഡയിലെ ഉള്ളാള്‍ താലൂക്കിലെ ഒരു വീടിനും പൂര്‍ണമായും ഈ രണ്ട് ജില്ലകളിലെ ബാക്കി 39 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചതായി അതാത് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഓഫീസുകള്‍ അറിയിച്ചു.
ദക്ഷിണ കന്നഡയില്‍ ഭാഗികമായി തകര്‍ന്ന 22 വീടുകളില്‍ 14 വീടുകള്‍ ബണ്ട്വാള്‍ താലൂക്കിലും, നാല് വീടുകള്‍ മുല്‍ക്കി താലൂക്കിലും, മറ്റുള്ളവ മൂഡ് ബിദ്രി, ഉള്ളാള്‍ താലൂക്കുകളിലുള്ളവയുമാണ്. ഉഡുപ്പി ജില്ലയില്‍ തകര്‍ന്ന 17 വീടുകളില്‍ 10 എണ്ണം ബ്രഹ്‌മാവര്‍ താലൂക്കിലും, രണ്ടെണ്ണം വീതം ബൈന്ദൂര്‍, കുന്ദാപുര താലൂക്കുകളിലും, ഓരോന്ന് വീതം കൗപ്, ഉഡുപ്പി, കാര്‍ക്കള താലൂക്കുകളിലുമാണ്.
റോഡുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു
കനത്ത മഴയില്‍ 259 വൈദ്യുത തൂണുകളും നാല് ട്രാന്‍സ് ഫോര്‍മറുകളും തകര്‍ന്നതായി ദക്ഷിണ കന്നഡ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ, 12.950 കിലോമീറ്റര്‍ നീളമുള്ള വൈദ്യുതി വിതരണ ലൈനുകളും തകര്‍ന്നു.
ജില്ലയില്‍ ഒമ്പത് പാലങ്ങള്‍/കല്‍വെര്‍ട്ടുകള്‍, 80 കിലോമീറ്റര്‍ നീളമുള്ള റോഡുകള്‍ എന്നിവയും തകര്‍ന്നു.