വളപട്ടണം മോഷണ കേസ്; ലിജീഷിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകി

Update: 2024-12-03 14:03 GMT

കണ്ണൂര്‍: വളപട്ടണം കവര്‍ച്ചാ കേസിലെ പ്രതി ലിജീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. വളപട്ടണം ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. മന്നയിലെ അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 267 പവനും 1.21 കോടി രൂപയും കവര്‍ന്നതിന് പുറമെ ഒരു വര്‍ഷം മുമ്പ് കീച്ചേരിയില്‍ നിന്ന് 11.5 പവനും ലിജേഷ് കവര്‍ന്നതായാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ നടന്ന സമാനമായ മറ്റു കവര്‍ച്ചകളുടെ ലിസ്റ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. വാരത്തെ ഒരു വീട്ടില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. ഇത്തരം കേസുകളില്‍ ലിജീഷിന്റെ പങ്ക് അന്വേഷിക്കുകയാണ് പൊലീസ്. കവര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആയുധങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ്കണ്ടെത്തിയിട്ടുണ്ട്.

വളപട്ടണം മന്നം റോഡിലെ അരി മൊത്ത വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നടത്തിയ മോഷണത്തിന് ലിജീഷിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ ഇത് കണ്ടെത്താന്‍ കഴിയൂ. താന്‍ കവര്‍ച്ച നടത്തിയതും ഇത്രയും അധികം പണവും സ്വര്‍ണവും വീട്ടില്‍ കട്ടിലിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചതും ഭാര്യയോ വീട്ടിലുള്ള മറ്റുള്ളവരോ അറിയില്ലെന്ന ലിജീഷിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. രഹസ്യ അറ ഉണ്ടാക്കിയതും വീട്ടുകാര്‍ അറിഞ്ഞില്ലേ എന്ന ചോദ്യത്തിന് അത് നേരത്തെ ഉണ്ടാക്കിയതാണെന്ന മൊഴിയും പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. കവര്‍ച്ച നടത്തിയ ദിവസം രാത്രി 9 മണിയോടെയാണ് അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും പണവും സ്വര്‍ണവും നിറച്ച ചാക്കും സഞ്ചികളും തലച്ചുമടായി കൊണ്ടുപോയി ഒരു ഒഴിഞ്ഞ പറമ്പില്‍ ഏറെനേരം കഴിച്ചുകൂട്ടിയെന്നും അര്‍ദ്ധരാത്രി വീട്ടുകാര്‍ ഉറങ്ങിയപ്പോഴാണ് ഇവ കൊണ്ടുവന്ന് കട്ടിലിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചതെന്നുമാണ് ലിജീഷ് പൊലീസിനോട് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ കൂടുതല്‍ കേസുകള്‍ക്ക് തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Similar News