നിയന്ത്രണം വിട്ട വാന്‍ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി; മയക്ക് മരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം
അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ വളവിലെ ഹേരൂര്‍ വളവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.;
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട വാന്‍ റോഡരികിലെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ക്ക് ഓടിക്കൂടിയ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം ഏറ്റതായി പരാതി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ വളവിലെ ഹേരൂര്‍ വളവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെയിന്റുമായി പോകുകയായിരുന്ന ഒമ് നി വാന്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയിരുന്നില്ല. ആസ്പത്രിയില്‍ പോകേണ്ടതില്ലെന്നും വാഹനത്തിന്റെ ഉടമയെ അറിയിച്ചിട്ടുണ്ടെന്നും ഡ്രൈവര്‍ പറഞ്ഞതോടെ പൊലീസ് തിരിച്ചുപോയി. വാഹന ഉടമയും മറ്റും എത്തുന്നതിന് മുമ്പ് വാന്‍ ഡ്രൈവറെ മയക്കുമരുന്ന് ഉപയോഗിച്ചെന്നാരോപിച്ച് ചിലര്‍ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് വീണ്ടുമെത്തുകയും കൂട്ടമര്‍ദ്ദനത്തിനിരയായ ഡ്രൈവറെ ജില്ലാ ആസ്പത്രിയിലെത്തിക്കുകയും ചെയ്തു. താന്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കാര്യം ഡ്രൈവര്‍ പൊലീസിനോട് വെളിപ്പെടുത്തി. ഡ്രൈവറെ മര്‍ദ്ദിച്ചവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും രേഖാമൂലമുള്ള പരാതി ലഭിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.