തലശ്ശേരിയില്‍ ട്രെയിനില്‍ നിന്ന് ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെട്ട തമിഴ് നാട് സ്വദേശി പാണത്തൂരില്‍ പിടിയില്‍

സംശയകരമായ സാഹചര്യത്തില്‍ കണ്ട സെല്‍വനെ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ട്രെയിനിലെ കവര്‍ച്ചയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.;

Update: 2025-04-22 06:56 GMT

കാഞ്ഞങ്ങാട്: തലശ്ശേരി റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്ന് ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെട്ട തമിഴ് നാട് സ്വദേശി പാണത്തൂരില്‍ പൊലീസ് പിടിയിലായി. തമിഴ് നാട് ചിന്താമണി പെട്ടി സ്വദേശി സെല്‍വനെ(51)യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പാണത്തൂര്‍ ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സെല്‍വനെ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ട്രെയിനില്‍ കവര്‍ച്ച നടത്തിയ ആളാണെന്ന് വ്യക്തമായത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സെല്‍വന്‍ ആദ്യം മേല്‍വിലാസം മാറ്റിപ്പറഞ്ഞിരുന്നു. സംശയം തോന്നി രാജപുരം പൊലീസ് ഇന്‍സ്പെക്ടര്‍ പി രാജേഷ് പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ ലാപ് ടോപ്പുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി.

കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപയോഗിക്കുന്ന ടിക്കറ്റ് റാക്കും ടിക്കറ്റുകളും ബാഗിലുണ്ടായിരുന്നു. സെല്‍വനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ത്ഥ പേരും വിലാസവും വെളിപ്പെടുത്തി. തലശ്ശേരി റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്ന് ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും കവര്‍ന്ന കേസില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് തിരയുന്ന പ്രതിയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

രാജപുരം പൊലീസ് കണ്ണൂര്‍ റെയില്‍വെ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. ടിക്കറ്റ് റാക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സെല്‍വന്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ഗോപി ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Similar News