നഴ് സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: ഹോസ്റ്റല്‍ വാര്‍ഡനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി
വാര്‍ഡന്റെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിക്കുകയും മരണപ്പെടുകയും ചെയ്തതെന്ന് കാട്ടിയാണ് റിപ്പോര്‍ട്ട്;
കാഞ്ഞങ്ങാട്: മന്‍സൂര്‍ നഴ് സിംഗ് കോളജ് വിദ്യാര്‍ഥിനിയായിരുന്ന പാണത്തൂര്‍ എള്ളു കൊച്ചിയിലെ ചൈതന്യ കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
മന്‍സൂര്‍ നഴ് സിംഗ് കോളജ് ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന ഓമനക്കെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് ആത്മഹത്യാപ്രേണക്കുള്ള വകുപ്പ് ഉള്‍പ്പെടുത്തി ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വാര്‍ഡന്റെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിക്കുകയും മരണപ്പെടുകയും ചെയ്തതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈതന്യകുമാരി ഗുരുതര നിലയില്‍ ആസ്പത്രിയില്‍ കഴിയുന്ന സമയത്ത് അമ്മയുടെ പരാതിയില്‍ ആത്മഹത്യാ ശ്രമത്തിന് പ്രേരിപ്പിച്ചതിന് ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിനി മരിച്ചതോടെ ഈ സെക്ഷന്‍ എടുത്തു കളയുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് ചൈതന്യയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് വകുപ്പ് മാറ്റി കേസെടുത്തത്.