വീടിന്റെ വാതില്‍ തകര്‍ത്ത് 82 പവന്‍ സ്വര്‍ണ്ണവും 3 കിലോ വെള്ളിയും കവര്‍ന്ന കേസ്: നേപ്പാള്‍ സ്വദേശി പിടിയില്‍
നേപ്പാള്‍ സ്വദേശി നര്‍ബഹാദൂര്‍ ഷാഹിയെ ആണ് ചീമേനി പൊലീസ് നേപ്പാളില്‍ നിന്നും പിടികൂടിയത്.;
കാഞ്ഞങ്ങാട്: വീടിന്റെ വാതില്‍ തകര്‍ത്ത് 82 പവന്‍ സ്വര്‍ണ്ണവും മൂന്ന് കിലോ വെള്ളിയും കവര്‍ന്ന കേസില്‍ നേപ്പാള്‍ സ്വദേശി പിടിയില്‍. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ചീമേനി നെടുമ്പയിലെ എന്‍ മുകേഷിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്ന കേസിലാണ് രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലാകുന്നത്.
നേപ്പാള്‍ സ്വദേശി നര്‍ബഹാദൂര്‍ ഷാഹിയെ ആണ് ചീമേനി പൊലീസ് നേപ്പാളില്‍ നിന്നും പിടികൂടിയത്. മുകേഷും കുടുംബവും കണ്ണൂരില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. വീട്ടുജോലിക്കെത്തിയ യുവതികള്‍ അടക്കമുള്ള സംഘ മാണ് മുകേഷിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. ഇവരെ സഹായിച്ച നാല് നേപ്പാള്‍ സ്വദേശികളെക്കുറിച്ച് കൂടി പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.
കവര്‍ച്ചക്ക് രണ്ടുദിവസം മുമ്പ് ഇവര്‍ താമസിച്ച ചെറുവത്തൂരിലെ ലോഡ് ജുകളില്‍ പൊലീസെത്തി പരിശോധന നടത്തുകയും പ്രതികളില്‍ ചിലരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യം കൂടി പരിശോധിച്ച ശേഷം അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
നര്‍ബഹാദൂര്‍ ഷാഹിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.