ചേറ്റുകുണ്ട് പള്ളി കവാടത്തിന് സമീപം സി.പി.എം, മുസ്ലിംലീഗ് കൊടിമരങ്ങള്‍ സ്ഥാപിച്ച് സംഘര്‍ഷത്തിന് ശ്രമം; എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കീക്കാന്‍ ചേറ്റുകുണ്ടിലെ ഷെഫീഖിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.;

Update: 2025-06-06 04:14 GMT

ബേക്കല്‍: ചേറ്റുകുണ്ട് പള്ളി കവാടത്തിന് സമീപം സി.പി.എം, മുസ്ലിംലീഗ് കൊടിമരങ്ങള്‍ സ്ഥാപിച്ച് സംഘര്‍ഷത്തിന് ശ്രമം നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കീക്കാന്‍ ചേറ്റുകുണ്ടിലെ ഷെഫീഖിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചേറ്റുകുണ്ട് ഹനഫി പള്ളിയുടെ മുന്‍വശത്തെ കവാടത്തിന് സമീപം പൊതുസ്ഥലത്താണ് കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെയും മുസ്ലിംലീഗിന്റെയും കൊടിമരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. റോഡിന് പടിഞ്ഞാറുവശത്ത് ടയറിനകത്ത്  മണ്ണ് നിറച്ച് അതില്‍ ചുവന്നചായം പുരട്ടിയ പൈപ്പില്‍ സി.പി.എം പതാകയും കിഴക്കുവശത്ത് പച്ച ചായം പുരട്ടിയ ടെലിഫോണ്‍ പോസ്റ്റില്‍ ലീഗിന്റെ പതാകയും ഉയര്‍ത്തിയതായി കാണപ്പെടുകയായിരുന്നു.

സി.പി.എമ്മിനും ലീഗിനും തുല്യ സ്വാധീനമുള്ള പ്രദേശത്ത് പെട്ടെന്ന് ഇരുപാര്‍ട്ടികളുടെയും കൊടിമരങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇവിടെ തങ്ങള്‍ കൊടിമരങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്ന് സി .പി.എമ്മിന്റെയും ലീഗിന്റെയും നേതൃത്വങ്ങള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിച്ചതിന് പിന്നില്‍ ഷെഫീഖാണെന്ന് കണ്ടെത്തുകയായിരുന്നു.

രണ്ട് കൊടിമരങ്ങളും പിഴുതെടുത്ത് ബേക്കല്‍ സ്റ്റേഷനിലേക്ക് മാറ്റുകയും ഷെഫീഖിനെ അറസ്റ്റുചെയ്യുകയും ചെയ്തു. പ്രദേശത്തെ ക്രമസമാധാനം തകര്‍ത്ത് സംഘര്‍ഷമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വ്യത്യസ്ത പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ സ്ഥാപിച്ചതെന്നാണ് ഷെഫീഖിനെതിരെയുള്ള കേസ്.

Similar News