? താങ്കളുടെ 'അടുക്കള' എന്ന പാചക രേഖചിത്രങ്ങളുടെ പുസ്തകം വായനക്കാരിലെത്തിയിരിക്കുകയാണല്ലോ. ഇക്കാലത്ത് അടുക്കള തുറസ്സായ ഒരിടമാണെന്നിരിക്കെ പൊതുസമൂഹത്തോട് എന്താണ് താങ്കള്‍ ഈ പുസ്തകത്തിലെ വാക്കിലെ വര കൊണ്ട് പറയുന്നത്?
= അടുക്കളയെന്നാല്‍ ഏത് കാലത്തും വെപ്പ് പുര തന്നെയാണ്. അവിടെ നിന്ന് വേവിച്ചെടുക്കുന്നത് ആഹാരം തന്നെയാണ്. ഭക്ഷണം എന്നത് ഒരു സംസ്‌കാരം കൂടിയാണ്. ജീവിതത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. മറ്റെല്ലാമെന്നപോലെ ഭക്ഷണമെന്ന് പറഞ്ഞാല്‍ ഒരാള്‍ക്ക് വേണ്ടിയിട്ട് ഒരു പ്രദേശത്തോ, ഒരു രാജ്യത്തോ ഒരു ഭക്ഷണം കണ്ടുപിടിക്കപ്പെടുന്നില്ല. അത് ഒരു കൂട്ടായ്മയില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. ഇന്ത്യ പോലുള്ള ഒരു അധിനിവേശ പ്രദേശത്ത് അറബികള്‍ മുതല്‍ ഈ പറയുന്ന എല്ലാ ലോകരാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളും ആളുകളും വന്ന് താമസിച്ചതിന്റെയും പ്രവര്‍ത്തിച്ചതിന്റെയും ഭാഗമായിട്ടാണ് ഭക്ഷണത്തിന്റെയും കൂടിച്ചേരലുകള്‍ ഉണ്ടായത്. ബാക്കി എല്ലാമെന്നപോലെ ഭക്ഷണത്തിലും ഇങ്ങനെയുള്ള നാനാവിധം കൂടിച്ചേരലുകള്‍ നടന്നിട്ടുണ്ട്. ഇനിയും നടക്കും. ഭക്ഷണത്തിന് ഒരു ഭാഷയുണ്ട്. ഭക്ഷണം സംസാരിക്കുന്ന ഭാഷ സര്‍വ്വ ദേശീയമാണ്. നമ്മളിങ്ങനെ നിസ്സാരമായിട്ട് പറയുന്ന കേരളത്തിന്റെ ദോശ അയ്യോ, അത് നാടന്‍ ഭക്ഷണമാണെന്നും വീട്ടിലെ ഭക്ഷണമാണെന്നും പറയും. അതൊന്നും ഒട്ടും ശരിയല്ല. നാടന്‍ ഭക്ഷണമെന്ന പ്രയോഗം തന്നെ തെറ്റാണ്. ഇപ്പോള്‍ നമ്മുടെ സാമ്പാര്‍ തന്നെ എടുത്ത് നോക്കൂ. ഇത് ഏതെങ്കിലും ഒരാള്‍ ഉണ്ടാക്കുന്ന കറിയാണെന്ന പക്ഷക്കാരനല്ല ഞാന്‍. ഇത് പല പച്ചക്കറികളുടെയും അതിന്റെ ലൊട്ടുലൊടുക്കുകളുടെയും കൂടിച്ചേരല്‍ കൂടിയാണ്. നമ്മുടെ അടുക്കള ഉല്‍പാദിപ്പിക്കുന്ന പാചക കലകള്‍ക്ക് മാത്രമല്ല, ഞാനൊക്കെ ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോയാല്‍ നമ്മുടെ ഭക്ഷണം അന്വേഷിച്ച് തെണ്ടി നടക്കുന്നതിന് പകരം അവിടത്തെ ഭക്ഷണം രുചിയോടെ കഴിക്കാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയാണ്. വേറൊരു നാടിനെ അറിയാനും ആ നാടുമായി ഉള്‍ചേരാനും നമ്മളെ ആദ്യം പ്രാപ്തരാക്കുന്നത് ആ നാടിന്റെ ഭക്ഷണം തന്നെയാണ്. സൂക്ഷ്മദൃക്കായ ഒരു പഠിതാവിനെ മനുഷ്യനില്‍ സ്വയമെ സൃഷ്ടിക്കുന്നത് അവന്റെ ഭക്ഷണ സംസ്‌കാരമാണെന്ന് ഞാന്‍ കരുതുന്നു. മറ്റ് രാജ്യക്കാര്‍ എന്ത് കൊണ്ടാണ് എരിവ് അധികം കഴിക്കാത്തത് എന്തുകൊണ്ടാണ് ഉള്ളി അധികം കഴിക്കുന്നത്, എന്തുകൊണ്ടാണ് ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത്, എന്തുകൊണ്ടാണ് നമ്മള്‍ ഇത്ര സ്‌പൈസിയായിട്ടുള്ള ഭക്ഷണം കഴിക്കുന്നത്. പറഞ്ഞ് വരുന്നത് അടുക്കള രൂപപ്പെടുത്തുന്ന ഭക്ഷണം എന്ന സംസ്‌ക്കാരത്തെക്കുറിച്ചാണ്. നമ്മളെപ്പോഴും നമ്മുടെ അടുക്കളയെ ചുരുക്കികളയുന്നവരാണ്. അല്ലെങ്കില്‍ സ്വന്തം അടുക്കളയുടെ പരിമിതിയെക്കുറിച്ച് ഉള്ളാലെ പരാതിപ്പെടുന്നവരാണ്. അടുത്ത വീട്ടിലെ അടുക്കളയാണ് നമുക്കെപ്പോഴും രുചിയുടെ മണമറിയിക്കുന്നത്. ഇതൊരു സ്വയം പരിമിതിയായി ഞാന്‍ കാണുന്നു. എന്റെ കുട്ടിക്കാലത്ത് എന്റെ നാട്ടില്‍ ബാരയിലോ, മാങ്ങാടോ പൊറോട്ട പോലുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. കടയില്‍ തക്കാളി തന്നെ വന്ന് തുടങ്ങിയത് എന്റെ ചെറുപ്പകാലത്താണ്. അതിന് മുമ്പ് തക്കാളി കടയില്‍ പോയി വാങ്ങിക്കേണ്ട സാധനമായിരുന്നില്ല. അത് വീട്ടില്‍ നട്ടുണ്ടാക്കേണ്ട സാധനമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ തക്കാളി കൃഷിയുണ്ടായിരുന്നു. എന്റെ ഏട്ടന്‍ തക്കാളി കൃഷി ചെയ്തിരുന്നു. ഇപ്പോളതിന്റെ രസം എന്ന് പറഞ്ഞാ ഞാന്‍ എറണാകുളത്തി നിന്ന് വരുമ്പോള്‍ എന്റെ പെങ്ങളെ വിളിച്ച് അവളുടെ വീട്ടിലേക്ക് പാര്‍പ്പിന് പോകും. ഉള്ളിലോട്ടുള്ള അവളുടെ വീട്ടില്‍ ജീപ്പ് പിടിച്ച് വേണം പോകാന്‍. വീട്ടിലേക്ക് ചെല്ലുന്ന വിവരം പറയുമ്പോള്‍ അവളാദ്യം ആവശ്യപ്പെടുക വരുന്ന വഴി തക്കാളിയും ഉരുളക്കിഴങ്ങും വാങ്ങിക്കാനാണ്. എന്റെ പെങ്ങളുടേത് കര്‍ഷക കുടുംബമാണ്. കറിവെക്കാനുള്ള എല്ലാ ഇനങ്ങളും അവര്‍ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ അതില്‍ തക്കാളിയും ഉരുളക്കിഴങ്ങുമില്ല. ഞാന്‍ ഇത് ഒരു നാടന്‍ മട്ടില്‍ പറഞ്ഞത് കളിയായല്ല. നമ്മളിപ്പോള്‍ ഇങ്ങനെയാണ്. ഇല്ലാത്ത ഒന്നിനെക്കുറിച്ച് ആലോചിക്കുകയും അതില്‍ ഉത്കണ്ഠപ്പെടുന്നവരുമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
മറ്റൊരു കാര്യം, പണ്ട് എന്റെ വീട്ടില്‍ നിന്നായിരുന്നു മാങ്ങാടേക്കുള്ള രണ്ട് മൂന്ന് ഹോട്ടലുകളിലേക്ക് പാല് കൊണ്ട് പോയിരുന്നത്. ഞാന്‍ തന്നെയായിരുന്നു അതുകൊണ്ടുകൊടുത്തിരുന്നത്. പാലുള്ള വീടായതിനാല്‍ എനിക്ക് ഹോട്ടലില്‍ നിന്ന് ചായ കുടിക്കാന്‍ തോന്നുകയേ ഇല്ല. എന്നാല്‍ ദോശയും കടലക്കറിയും കഴിക്കാന്‍ വല്ലാത്ത കൊതിയായിരുന്നു. എന്റെ വീട്ടിലും ദോശയും കടലക്കറിയുമുണ്ടാക്കും. എന്നാല്‍ വീട്ടിലെ ദോശയുടെയും കടലക്കറിയുടെയും മണമല്ല ഹോട്ടലിലേത്. ഹോട്ടലിലെ ഈ ഭക്ഷണത്തിന്റെ മണം മറ്റൊരു തരത്തില്‍ കൊതിപ്പിക്കും. വീട്ടിലില്ലാത്ത സാധനങ്ങളൊന്നും ഹോട്ടലിലില്ല. എന്നാല്‍ വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ ഹോട്ടലിലെ മാത്രം ആകര്‍ഷണമാണ്. അടുക്കള എന്ന പുസ്തകത്തിലേക്ക് എന്നെ നയിച്ചത് ഇത്തരം ഇന്നലെകളാണ്. ഇന്ന് മനുഷ്യന്റെ സഞ്ചാരവും ജീവിതവും മാത്രമല്ല. ഭക്ഷണവും വേഗതയുടേതാണ്. എല്ലാം ഫാസ്റ്റ്. ഫാസ്റ്റ് ലൈഫ് ആന്റ് ഫാസ്റ്റ് ഫുഡ്. ഇന്നിന്റെ ഈ വേഗതയുടെ ലോകത്ത് നിന്നാണ് ഞാന്‍ ഇന്നലെകളിലേക്ക് നടന്നത്. കാരണം, ഇന്നലെ എന്നത് ഒരു ചരിത്രം കൂടിയാണ്. അതുകൊണ്ട് തന്നെ എന്റെ അടുക്കള ഇന്നലെകളുടെ ഭാക്ഷ്യസംസ്‌ക്കാരത്തെ പകര്‍ത്തിയെഴുതിയ ചരിത്ര പുസ്തകം കൂടിയാണ്. നമ്മള്‍ അടുക്കളയിലിരിക്കുമ്പോള്‍ നമുക്ക് മുന്നിലെത്തുന്ന ആഹാരം നമ്മെ ഇന്നലെയുടെ ഒരുപാട് ഓര്‍മ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകും. അതുകൊണ്ട് തന്നെ എന്റെ അടുക്കള എന്ന പുസ്തകം പാചക കലയുടെ ഭൂതകാലത്തോടൊപ്പം അതിന്റെ സംഘചരിത്രവും കൂടി രേഖപ്പെടുത്തണമെന്ന വിചാരത്തോടെയാണ് ഇത്തരത്തില്‍ ഞാനതിനെ നിര്‍മ്മിച്ചത്. ബാക്കിയെല്ലാം ആ പുസ്തകത്തിലുണ്ട്.
? ഇന്ത്യയിലെ മുന്‍നിര ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലൊന്നായ ദി വീക്കിന്റെ ചീഫ് ആര്‍ട്ടിസ്റ്റായി ജോലിയില്‍ നിന്ന് വിരമിച്ചിരിക്കുകയാണല്ലോ. പ്രസിദ്ധീകരണങ്ങളിലെ വരജീവിതത്തെക്കുറിച്ച് പറയാമോ?
= ചെറുപ്പത്തിലെ ഞാന്‍ സാഹിത്യതല്‍പരനായിരുന്നു. വായിക്കാനുള്ള താല്‍പര്യം അതുപോലെ അതുമായി ബന്ധപ്പെട്ട വിഷ്വല്‍ എഫക്റ്റീവ് സ്വയം രൂപപ്പെടുത്തി എടുക്കുക ഇത്തരത്തില്‍ ഒരു മനസ്സായിരുന്നു എന്റേത്. എന്റെ കൈയ്യില്‍ കിട്ടിയതെന്തും ചെറുപ്പത്തില്‍ ഞാന്‍ വായിച്ചിരുന്നു. വായനയായിരുന്നു എന്റെ ഇഷ്ടം. ചരിത്ര നോവലുകളില്‍ നിന്നും ഡിറ്റക്ടീവ് നോവലുകളില്‍ നിന്നുമായിരുന്നു തുടക്കം. പിന്നീട് ഹൈസ്‌കൂളിലെത്തിയപ്പോള്‍ അത് മികച്ച മലയാള സാഹിത്യ കൃതികളിലേക്കായി. എന്‍. ശശിധരനെ പോലുള്ള മികച്ച അധ്യാപകരും മാങ്ങാട് രത്‌നാകരനെ പോലുള്ള സുഹൃത്തുക്കളും എന്റെ വഴി കാട്ടികളായിരുന്നു. പഠിക്കുന്ന പുസ്തകങ്ങളേക്കാള്‍ ഞാന്‍ വായിച്ചത് സാഹിത്യകൃതികളായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയുടെ തലേന്ന് ഞാന്‍ വായിച്ചത് മലയാറ്റൂരിന്റെ യന്ത്രമായിരുന്നു. ലിറ്റററി രൂപമാണ് എന്നെ ഇലസ്‌ട്രേഷനിലേക്ക് നയിച്ചത്. എന്നെ സംബന്ധിച്ചെടുത്തോളം ഇലസ്‌ട്രേഷന്‍ ലിറ്റററിയായിരുന്നു. രേഖചിത്ര വരയുടെ മുന്‍ഗാമികളായിരുന്നു എ.എസ് നമ്പൂതിരി, ഭാസ്‌ക്കരന്‍, കെ.എ.സി.എസ് പണിക്കര്‍, ഇവരൊക്കെ സാഹിത്യരൂപത്തെ വരച്ചവരായിരുന്നു. അക്കാലത്ത് നാടകത്തിലും സിനിമയിലും പ്രവര്‍ത്തിച്ച ചിത്രകാരന്മാരും സാഹിത്യതല്‍പരരായിരുന്നു. സാഹിത്യത്തില്‍ നിന്നാണ് അവരുടെ വരയും കലയും ഉരുവം കൊണ്ടത്. സാഹിത്യം ചിത്രകലയിലേക്കുള്ള വഴിയായിരുന്നു.
മറ്റൊരു കാര്യം ഒരു വരുമാന മാര്‍ഗം കൂടിയായിരുന്നു പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യ കൃതികള്‍ക്കുള്ള ഇലസ്‌ട്രേഷന്‍. ഞാന്‍ പഠിക്കുന്ന കാലത്താണ് ദേശാഭിമാനിയില്‍ വരച്ച് തുടങ്ങുന്നത്. അന്ന് 18 വയസുകാരനായിരുന്നു. അതിന് മുമ്പെ സംക്രമണത്തില്‍ ഞാന്‍ വരച്ചു. വായനയും വരയും കൂടി പിണഞ്ഞകാലമായിരുന്നു അത്. ഇരുപതാമത്തെ വയസ്സില്‍ ഞാന്‍ ഡല്‍ഹിയിലെത്തി. ഡല്‍ഹി എന്നെ വരയിലൂടെ അവസരങ്ങളുടെ ലോകത്തെത്തിച്ചു. ഡല്‍ഹിയില്‍ ഞാന്‍ ഒടുവില്‍ ജോലി ചെയ്തിരുന്നത് ഇക്കണോമിക് ടൈംസിലാണ്. മലയാള പത്രങ്ങള്‍ 90 പൈസക്ക് വില്‍പന നടത്തിയിരുന്ന കാലത്ത് ഞാന്‍ വരച്ചിരുന്ന ഇക്കണോമിക് ടൈംസിന്റെ വില 4 രൂപയായിരുന്നു. അന്ന് സാധാരണക്കാര്‍ വായിക്കാത്ത പത്രമായിരുന്നു അത്. അതൊരു ബിസിനസ്സ് ന്യൂസ് പേപ്പര്‍ ആയിരുന്നു. ഇക്കണോമിക് ടൈംസ് എനിക്ക് തന്ന പാഠം. ഇലസ്‌ട്രേഷന്‍ എന്ന് വാല്‍ അത് ലിറ്റററി മാത്രമല്ല അത് പൊളിറ്റിക്കല്‍ കൂടിയാണെന്നാണ്. വരയില്‍ അതൊരു പ്രധാനപ്പെട്ട പാഠം കൂടിയായിരുന്നു. ചരിത്രവും പണവുമൊക്കെ രേഖചിത്ര വരയുടെ വഴികളാണെന്ന് ഇക്കണോമിക് ടൈംസിലെ ജീവിതം പഠിപ്പിച്ചു. ഡല്‍ഹിയിലെ അമേരിക്കന്‍ ലൈബ്രറി, മാക്‌സ് മുള്ളര്‍ ലൈബ്രറി, സാഹിത്യ അക്കാദമി ലൈബ്രറി ഇതൊക്കെ ചിത്രകല പഠനത്തില്‍ സ്വയം നവീകരിക്കാനുള്ള ഇടമായി. ഞാന്‍ ഇക്കാലത്ത് ഒരു പ്രസിദ്ധീകരണ സ്ഥാപനങ്ങളിലും സ്ഥിരം ജോലിക്കാരനായിരുന്നില്ല. ഡല്‍ഹി ജീവിതം എന്നെ നല്ല സിനിമകളിലേക്കും നാടകങ്ങളിലേക്കും ഹിന്ദുസ്ഥാനി സംഗീത ലോകത്തേക്കും കൂടി നയിച്ചു. ഇത് പതുക്കെ രേഖചിത്ര രചനയില്‍ നിന്ന് ചിത്രകലയിലേക്കുള്ള വാതില്‍ തുറന്ന് തന്നു. അങ്ങനെ ഞാന്‍ ഇലസ്‌ട്രേഷന്‍ ജോലി ഉപേക്ഷിച്ച് പെയിന്റിംഗ് എന്ന പൂര്‍ണ്ണ ചിത്രരചനാ സങ്കേതത്തിലേക്ക് കടന്നു. അപ്പോഴേയ്ക്കും ദാരിദ്ര്യവും കഷ്ടപ്പാടും വന്നു. ചിത്രകാരന്‍ എന്ന നിലയില്‍ ഞാനെന്റെ ജീവിതം പ്ലാന്‍ ചെയ്യുന്ന ആളല്ല. ഞാനെടുക്കുന്ന തീരുമാനമാണ് എന്റെ കലാ ജീവിതം. അതിനാരുടെയെങ്കിലും ഉപദേശത്തിനോ അനുമതിക്കോ ഞാന്‍ കാത്ത് നില്‍ക്കാറില്ല. ഈ സമയത്താണ് ഞാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ ചിത്ര സങ്കേതത്തില്‍ ആവിഷ്‌ക്കരിക്കുന്നത്. കലാ അക്കാദമി ഹാളില്‍ നടന്ന ബാല്യകാലയസഖി ചിത്രപ്രദര്‍ശനം അന്ന് ഡല്‍ഹിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പി.ടി.ഐ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ എന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. ഞാന്‍ വലിയ ചിത്രകാരനാണെന്ന് നിരൂപകര്‍ വാഴ്ത്തി. കലാനിരൂപകരെ വിശ്വസിച്ച് ഡല്‍ഹിയിലെ ചിത്രകാരനായ ഞാന്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ എന്റെ ചന്തത്തിനനുസരിച്ച് ഒരു ജോലി എനിക്ക് നാട്ടില്‍ കിട്ടാതെയായി. കാരണം ഇവിടെ പല പ്രസിദ്ധീകരണങ്ങളിലും ഇലസ്‌ട്രേഷന്‍ എന്ന പോസ്റ്റ് തന്നെ ഇല്ല. പലരും സ്വതന്ത്രരായാണ് അത് വരച്ച് കൊടുക്കുന്നത്. ഇന്ത്യാ ടുഡേ മലയാളത്തില്‍ ആദ്യകാലത്ത് ഞാനായിരുന്നു രേഖ ചിത്രങ്ങള്‍ വരച്ചിരുന്നത്. അക്കാലത്തുള്ള കമ്പ്യൂട്ടര്‍ രചനാരീതിയെ ഞാന്‍ തിരസ്‌ക്കരിച്ചതും എനിക്ക് വിഷമങ്ങളുണ്ടാക്കി. ഞാനൊരിക്കലും ഒരു ഗ്രാഫിക് ഡിസൈനറായിരുന്നില്ല. കൈ കൊണ്ട് വേല ചെയ്യുന്ന ചിത്രകാരനായിരുന്നു. കമ്പ്യൂട്ടര്‍ മൗസിന് പകരം ചലിച്ച് കൊണ്ടിരുന്നത് എന്റെ കൈ വിരലുകളാണ്. എന്റെ കേരളം എന്ന യാത്രരേഖകള്‍ ഞാന്‍ വരച്ച് തുടങ്ങുന്നത് അങ്ങനെയാണ്. സി.കെ ജാനുവിന്റെ ആത്മകഥയും എഴുതുന്നത് അങ്ങനെയാണ്. കെ.സി നാരായണന്‍ എന്ന പത്രാധിപരാണ് ഇതിന് കാരണക്കാരന്‍. ഇതിന്റെ തുടര്‍ച്ചയായാണ് അടുക്കള വരച്ചും എഴുതിയും തുടങ്ങുന്നത്. ദി വീക്കില്‍ ജോലി കിട്ടിയത് കൊണ്ടാണ് ഇതൊക്കെ സാധ്യമായതും. അതൊരു ഗിഫ്റ്റായിരുന്നു. കൊച്ചിയില്‍ നടന്ന ബിനാലെയില്‍ പങ്കെടുത്ത ഏക മാധ്യമ സ്ഥാപനത്തില്‍ നിന്നുള്ള കലാകാരന്‍ ഞാനാണെന്നത് ദി വീക്കിന്റെയും അതിന്റെ മാനേജ്‌മെന്റിന്റേയും മഹത്വമായി ഞാന്‍ കാണുന്നു. അതിന് മുമ്പ് ബിനാലെയില്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്നുമുള്ള ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്തിട്ടില്ല. ചിത്രകലയിലേക്കും വായനയിലേക്കും എളുപ്പവഴിയില്ല എന്നതാണ് കലാജീവിതം എന്നെ പഠിപ്പിച്ചത്. ഞാന്‍ എന്നിലൂടെ എന്റെ ചുറ്റുവട്ടത്തെ കണ്ടപ്പോഴാണ് എന്റെ കല പിറന്നത്. അടുക്കള എന്ന ജീവിത കലയുടെ പുസ്തകത്തിന്റെയും പിറവി ഇത്തരത്തില്‍ തന്നെയാണ്.