പടിഞ്ഞാറ്റയിലും മുറ്റത്തും വട്ടത്തിലോ ചതുരത്തിലോ ചേടികൊണ്ട് വരച്ച് അതിലാണ് പൂവിടുക. പൂക്കള്‍ വെറുതെയങ്ങ് ഇടുകയാണ്. പൂക്കളം പോലെ അടുക്കും ചിട്ടയും ഭംഗിയുമൊന്നും അതിനുണ്ടാവണമെന്നില്ല. താളിന്റെ ഇലയില്‍ കുറച്ച് പൂക്കളിട്ട് വെച്ചാലും മതി. പടിഞ്ഞാറ്റയില്‍ കിണ്ടിയില്‍ വെള്ളം നിറച്ചുവെക്കണം. വിളക്കും കത്തിക്കണം. എല്ലാ ദിവസവും രാവിലെ വാതില്‍പ്പടികള്‍ തുടച്ചിട്ടു വേണം പൂക്കളിടാന്‍.
ഞങ്ങള്‍, വടക്കരുടെ പൂവിടല്‍ ഓണത്തോടെ തീരുന്നില്ല. അത്തം പത്തിന് തുടങ്ങുന്നതുമല്ല ഞങ്ങളുടെ പൂവിടല്‍. ചിങ്ങമാസം മുഴുവന്‍ ഞങ്ങള്‍ പൂവിടും. ചിങ്ങാവസാനം പ്ലാവിലയില്‍ ചുട്ട അട തിന്നിട്ടാണ് അതിന് സമാപനം.
വാതില്‍പ്പടികളിലും പടിഞ്ഞാറ്റയിലും മുറ്റത്തും പൂവിടും. ചേടിമണ്ണ് (വെള്ളനിറമുള്ള മണ്ണ്) വെള്ളത്തില്‍ കലക്കി അതുകൊണ്ട് വരക്കുകയും ചെയ്യും. പത്തണം എന്ന് വിളിക്കുന്ന ഭസ്മവും വരക്കാന്‍ ഉപയോഗിക്കാം.
ചീയോതി എന്ന് വിളിക്കുന്ന പായല്‍ വര്‍ഗത്തിലുള്ള ഒരു ചെടിയെ ഞങ്ങള്‍ പൂവായി കണക്കാക്കും. അത് മുഖ്യമാണ്. ശ്രീഭഗവതിപ്പൂവാണത്രേ ചീയോതിപ്പൂവ്. വീട്ടുമുറ്റത്തും പറമ്പിലും കിട്ടുന്ന ഏത് പൂവും ഇടും. അല്‍മ്മാങ്കടം എന്ന ഹനുമാന്‍ കിരീടം, ചെമ്പരത്തി, വാഴപ്പൂ, ഗുലാമി തുടങ്ങിയ എന്തും.
പടിഞ്ഞാറ്റയിലും മുറ്റത്തും വട്ടത്തിലോ ചതുരത്തിലോ ചേടികൊണ്ട് വരച്ച് അതിലാണ് പൂവിടുക. പൂക്കള്‍ വെറുതെയങ്ങ് ഇടുകയാണ്. പൂക്കളം പോലെ അടുക്കും ചിട്ടയും ഭംഗിയുമൊന്നും അതിനുണ്ടാവണമെന്നില്ല.
താളിന്റെ ഇലയില്‍ കുറച്ച് പൂക്കളിട്ട് വെച്ചാലും മതി. പടിഞ്ഞാറ്റയില്‍ കിണ്ടിയില്‍ വെള്ളം നിറച്ചുവെക്കണം. വിളക്കും കത്തിക്കണം. എല്ലാ ദിവസവും രാവിലെ വാതില്‍പ്പടികള്‍ തുടച്ചിട്ടു വേണം പൂക്കളിടാന്‍. പടിഞ്ഞാറ്റയില്‍ പൂക്കളിടുന്ന മധ്യഭാഗം തുടച്ച് വൃത്തിയാക്കുകയും വേണം. മുറ്റവും വൃത്തിയാക്കണം. ചാണകവെള്ളം കുടയുകയുമാകാം. അവസാന ദിവസം രാവിലെ പൂവിട്ടതിന് പുറമെ സന്ധ്യയ്ക്ക് ഒന്നുകൂടി പൂവിടണം. അതിനു ശേഷം പൂക്കളിട്ട സ്ഥലത്തെല്ലാം തിരി കത്തിച്ചു വെക്കണം. പ്ലാവിലയില്‍ ചുട്ട അട കഷണങ്ങളാക്കി പടികളിലും പടിഞ്ഞാറ്റയിലും മുറ്റത്തുമെല്ലാം വെക്കണം. അല്‍പം കഴിഞ്ഞ് വിളക്കു കെടുത്തി അപ്പം എടുക്കണം. അപ്പം കഴിക്കാം. പിറ്റേന്ന് രാവിലെ പൂക്കളെല്ലാം എടുത്തുകളയുന്നതോടെ ആഘോഷം സമാപിക്കും. ഒരു മാസത്തെ പൂവിടലിനിടയില്‍ ഓണം വന്ന് പോകും. ഓണത്തിന് പ്രത്യേകമായൊരു പൂവിടലില്ല.
ഏതാണ്ട് 40 വര്‍ഷത്തിനിങ്ങോട്ടാണ് വടക്കന്‍ ഭാഗത്ത് ഓണവും പൂക്കളവും വന്നുതുടങ്ങിയതു തന്നെ. തെക്കന്‍ ഭാഗത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇങ്ങോട്ട് വന്നപ്പോള്‍ അവര്‍ക്കൊപ്പം ഓണവും ഇങ്ങെത്തിയതാണ്. ഗവണ്‍മെന്റും മാധ്യമങ്ങളും ഇവിടേയ്ക്ക് ഓണമെത്തിച്ചു.
തുളുനാട്ടിലെ മഹാബലി, ബലീന്ദ്രന്‍/പൊലിയന്ദ്രനാണ്. തുലാം മാസത്തിലെ നവരാത്രി നാളുകളില്‍ മൂന്നു ദിവസം ബലീന്ദ്രന്‍ ഇവിടെ വരും. ഓണം വന്നതോടെയാണ് മഹാബലി തിരുവോണത്തിനും ഇവിടെ വരാന്‍ തുടങ്ങിയത്.
കര്‍ക്കിടക വാവിനും ബലീന്ദ്രന്‍ ഇവിടെ വരുന്നുണ്ട്. ഓണക്കഥയിലെ മഹാബലിയും തുളുനാട്ടിലെ ബലീന്ദ്രനും ചില സാമ്യങ്ങള്‍ ഉണ്ടെങ്കിലും ചില വ്യത്യാസങ്ങളുമുണ്ട്.
ചില വ്യവസ്ഥകളോടെ ബലീന്ദ്രന് രാജ്യം തിരിച്ചു കൊടുക്കാമെന്ന് വാമനന്‍ പറയുന്നു. അതാണെങ്കില്‍ ഒരിക്കലും നിറവേറാത്ത വ്യവസ്ഥകളും. ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, കരിങ്കല്ല് കായാവുന്ന കാലത്ത്, വെള്ളാരം കല്ല് പൂവാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളമാകുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില്‍ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി അതിന്റെ തലയിലെ കുടുമ അഴിച്ചു വെക്കുന്ന കാലത്ത്, തുമ്പച്ചോട്ടില്‍ പെരുംകൂട്ടം കൂടുന്ന കാലത്ത്... രാജ്യം തിരികെ നല്‍കാമെന്നാണ് വാമനന്‍ പറയുന്നത്. മഹാബലിയെപ്പോലെ ബലീന്ദ്രനെ പാതാളത്തിലേക്കോ, സുതലത്തിലേക്കോ അല്ല ചവുട്ടിത്താഴ്ത്തിയത്. ഓട്ടത്തോണിയില്‍ അരക്കിന്റെ തുഴയും നല്‍കി കടലിലേയ്ക്ക് തള്ളിവിടുകയായിരുന്നു.
അടുത്ത കാലം വരെ ചിങ്ങപ്പൂവിടല്‍ മിക്കവാറും എല്ലാ വീടുകളിലും ഉണ്ടായിരുന്നു. അടുത്ത കാലത്തായി കുറഞ്ഞിട്ടുണ്ടെങ്കിലും പതിവു പോലെ ഇടുന്നവരുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ മരണം നടന്ന വീടാണെങ്കില്‍ പൂവിടാറില്ല.