തുളുനാട്ടോണം- ഓര്‍മ്മയില്‍ നിന്നും ഒരേട്

Update: 2025-09-03 10:18 GMT
പലതരം കാട്ടുപൂവുകളും തൊടിയിലെ കൊച്ചു പൂന്തോട്ടത്തില്‍ നിന്നും വിരിയുന്ന റോസയും മുല്ലയും എല്ലാം  ശേഖരിച്ച് ഞങ്ങള്‍ കൊച്ചു പൂക്കളമൊരുക്കും. ആ പൂക്കളം ഒരുങ്ങിക്കഴിഞ്ഞാല്‍ കിട്ടുന്ന ഒരുതരം സംതൃപ്തി ഇന്നത്തെ അങ്ങാടിപ്പൂവിന് ഒരിക്കലും നല്‍കാന്‍ കഴിയില്ല.

ശരിക്കും തുളുനാടിന്റെ ഉള്ളറയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഓണാഘോഷം ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയിലും ടീച്ചര്‍ പറഞ്ഞുതരുന്ന പൊലിമ നിറഞ്ഞ ഓണാഘോഷത്തിലുമായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി പിന്നീട് കളറിലേക്ക് മാറിയെങ്കിലും നമ്മുടെ നാട്ടില്‍ കേരളത്തില്‍പെടാത്ത ഒരു നാടിന്റെ ഓണപ്രതീതിയായിരുന്നു. സമപ്രായക്കാര്‍ പാടത്തും പറമ്പിലും പാറിനടന്ന് പൂത്തുമ്പികളെ പോലെ പൂവ് തേടി നടക്കും. തേന്‍ ശേഖരിക്കാന്‍ എത്തുന്ന തേനീച്ചകളെ പോലെ ഞങ്ങള്‍ പലയിടങ്ങളില്‍ നിന്നായി പൂവുകള്‍ ശേഖരിക്കും. തോട്ടത്തില്‍ വിരിയുന്ന കൃഷ്ണകിരീടം ആയിരുന്നു പൂവുകളില്‍ കേമന്‍. കൊച്ചു പൂക്കളും മൊട്ടുകളും നിറഞ്ഞ കൃഷ്ണകിരീടം ഇന്നത്തെ ഡെക്കറേഷന്‍ ബള്‍ബുകള്‍ അലങ്കരിച്ച പോലെ ഒരു രാജകീയ പ്രതീതി നല്‍കിയിരുന്നു.

പലതരം കാട്ടുപൂവുകളും തൊടിയിലെ കൊച്ചു പൂന്തോട്ടത്തില്‍ നിന്നും വിരിയുന്ന റോസയും മുല്ലയും എല്ലാം ശേഖരിച്ച് ഞങ്ങള്‍ കൊച്ചുപൂക്കളമൊരുക്കും. ആ പൂക്കളം ഒരുങ്ങിക്കഴിഞ്ഞാല്‍ കിട്ടുന്ന ഒരുതരം സംതൃപ്തി ഇന്നത്തെ അങ്ങാടിപ്പൂവിന് ഒരിക്കലും നല്‍കാന്‍ കഴിയില്ല. വാഴയും തെങ്ങും കവുങ്ങും ഇഷ്ടം പോലെ തണല്‍ ഒരുക്കുന്ന ഞങ്ങളുടെ നാട്ടില്‍ വാഴയിലക്കൊന്നും ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല. പട്ടണത്തിലെ ഹോട്ടലുകളിലേക്ക് വീട്ടിലെ തോട്ടത്തില്‍ നിന്നും അയല്‍ തോട്ടത്തില്‍ നിന്നുമൊക്കെ വാഴയില മുറിച്ചു കൊണ്ടു പോവാന്‍ ആള്‍ക്കാര്‍ വരുമായിരുന്നു.

ഞങ്ങള്‍ വീട്ടില്‍ പായസം ഉണ്ടാക്കി തൊടിയില്‍ നിന്നും വാഴയില മുറിച്ച് മധുര കദളിപ്പഴവും തിന്നു നല്ലരി ചോറും രണ്ടുതരം പച്ചക്കറിയും (സാമ്പാറും തോരനും) പപ്പടവും കൂട്ടിക്കുഴച്ച് ഒരു സദ്യ ഉണ്ണും. (പത്തുതരം കറികളൊന്നും ഞങ്ങള്‍ക്കുണ്ടാക്കാന്‍ അറിയില്ലാട്ടോ).

പിന്നെ ഞങ്ങളുടെ ഓണാഘോഷം സ്‌കൂളിലാണ്. പട്ടുപാവാടയും കുപ്പായവും അണിഞ്ഞു ചെറുസംഘങ്ങളായി തിരിഞ്ഞ് ആടിയും പാടിയും പലതരം കളികള്‍ കളിച്ചും ഞങ്ങള്‍ ഉത്സാഹത്തിമിര്‍പ്പില്‍ ആയിരിക്കും. അങ്ങനെയിരിക്കെ ഒരു ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്ന സ്‌കൂളിലെ ഓണാഘോഷത്തില്‍ സുന്ദരിക്ക് മൂക്കില്‍ പൊട്ടുതൊട്ട് കുറെ കളികള്‍ കളിച്ചു സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് പോകുന്നേരം എന്റെ പുതുപുത്തന്‍ സ്വര്‍ണ കൈചെയിന്‍ കളഞ്ഞു പോയത് ഇന്നും വേദനയോടെ ഓര്‍മയില്‍ തെളിയുന്നു. വീട്ടില്‍ പോയാല്‍ കിട്ടുന്ന അടിയോര്‍ത്ത് എന്റെ പട്ടു കുപ്പായം കണ്ണീരില്‍ കുതിര്‍ന്നിരുന്നോ എന്ന സംശയമില്ലാതില്ല. കരഞ്ഞു തളര്‍ന്നു ഞാന്‍ വീട്ടിലെത്തിയപ്പോള്‍ പ്രതീക്ഷിച്ചമാതിരി അടിയൊന്നും കിട്ടിയില്ലെങ്കിലും നല്ലോണം വഴക്ക് കിട്ടി. ഉച്ചക്ക് കഴിച്ച ഓണസദ്യയും പായസവും ആവിയായി പറന്നു. എനിക്ക് ഒരാഴ്ച ഭക്ഷണം കഴിക്കാത്ത പോലെ വയറിനകത്ത് ഒരു കാളിച്ചയായിരുന്നു. ഓണപ്പാട്ട് പാടി സമ്മാനം വാങ്ങിച്ചതിന്റെ സന്തോഷം വീട്ടില്‍ പറയാന്‍ പറ്റാത്ത ഒരോണക്കാലമായിരുന്നു അത്. പിന്നീട് ഒരുപാട് ഓണം ഉണ്ടുവെങ്കിലും സന്തോഷവും സങ്കടവും ഒന്നിച്ചുവന്ന ഒരോണത്തിന്റെ ഏട് ഓര്‍മ്മച്ചെപ്പില്‍ ഇന്നും ചിതലരിക്കാതെ നിറഞ്ഞുനില്‍ക്കുന്നു.

Similar News