ട്രംപിന്റെ ഭീഷണിയും ഇന്ത്യയുടെ മറുപടിയും പിന്നെ കുറേ ആഭ്യന്തര കാര്യങ്ങളും

Update: 2025-08-07 09:57 GMT
ട്രംപിനെ ഒരിക്കല്‍ക്കൂടി പ്രസിഡണ്ട് ആക്കാനായി അരിസോണയില്‍ നമ്മുടെ പ്രധാനമന്ത്രി വോട്ട് ചോദിച്ചപ്പോള്‍, അഹമ്മദാബാദില്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ട്രംപ് ആഹ്വാനം ചെയ്ത് 'പകരച്ചുങ്കം' നേരത്തെ തന്നെ ഇറക്കിയത് നാം മറന്നിട്ടില്ലല്ലോ.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തി എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കിയ ഡൊണാള്‍ഡ് ട്രംപ് ലോക കമ്പോളത്തിലെ കിരീടമില്ലാത്ത ചക്രവര്‍ത്തിയാകാനുള്ള ഓട്ടത്തിലാണ്. അതാണ് പുതിയ ഡീപ് സ്റ്റേറ്റ് പ്രതിഭാസം.

ട്രംപിനെ ഒരിക്കല്‍ക്കൂടി പ്രസിഡണ്ട് ആക്കാനായി അരിസോണയില്‍ നമ്മുടെ പ്രധാനമന്ത്രി വോട്ട് ചോദിച്ചപ്പോള്‍, അഹമ്മദാബാദില്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ട്രംപ് ആഹ്വാനം ചെയ്ത് 'പകരച്ചുങ്കം' നേരത്തെ തന്നെ ഇറക്കിയത് നാം മറന്നിട്ടില്ലല്ലോ.

അതറിഞ്ഞിട്ടാണോ ജോര്‍ജ് സോറോസിന്റെ ഡീപ് സ്റ്റേറ്റ് എന്ന മായാശക്തി രാഹുല്‍ ഗാന്ധിക്കു പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം കിട്ടുമാറ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ പൗരന്മാരെ സ്വാധീനിച്ചത് അതിലും ഒരന്വേഷണം വേണം. ലോക തുറമുഖ ചക്രവര്‍ത്തിമാരില്‍ ഒരാളായ ഗൗതം അദാനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അമേരിക്കന്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ട്രംപിന്റെ സൗഹൃദം ആരെങ്കിലും ഉപയോഗിച്ചോ എന്ന് കൂടി ഉറക്കെ ചോദിക്കാനുള്ള സാഹചര്യവും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്.

എന്നാലും അദാനി-അംബാനി തുടങ്ങിയവരുടെ കമ്പനികളുടെ ഓഹരി വില താഴെ പോകാതിരിക്കാനുള്ള ഫണ്ടുകളൊക്കെ നമ്മുടെ ബാങ്കുകളിലും എല്‍.ഐ.സിയിലും വേണ്ടത്രയുണ്ട്.

പാക് അതിര്‍ത്തിയില്‍ നിന്നും ഉള്ളിലേക്ക് 100 മീറ്ററിലധികം കേറിവന്ന് (നുഴഞ്ഞു വന്നതല്ല) പഹല്‍ഗാമില്‍ കാശ്മീര്‍ സൗന്ദര്യം ആസ്വദിച്ചിരുന്ന വിനോദ സഞ്ചാരികളെ വെടിവെച്ചു കൊന്ന ഭീകരരെ ഇന്ത്യ വകവരുത്തിത്തുടങ്ങിയിട്ടുണ്ട്. ധീരമായ നടപടിയാണത്.

ഇന്ത്യയുടെ മണ്ണിലേക്ക് കയറി വന്ന് ഇവിടെ അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു ശക്തിയെയും ഇന്ത്യ ഇല്ലാതാക്കുക തന്നെ ചെയ്യും. എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് ഭീകരര്‍ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് കടന്ന് വരാനുള്ള സുരക്ഷാ വീഴ്ചക്കുത്തരവാദികളാരാണ്? അവരെക്കൂടി കണ്ടെത്തേണ്ടതുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നമുക്ക് നഷ്ടപ്പെട്ട വിമാനങ്ങളുടെ കണക്കു ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹിയെന്നു മുദ്രകുത്തുന്ന തരത്തിലേക്ക് വരെ നമ്മുടെ രാഷ്ട്രീയ പോരാട്ടം എത്തി നില്‍ക്കുകയാണ്. ഗാസയിലെപ്പോലെയല്ലെങ്കിലും, മണിപ്പൂരില്‍ വലിയ തോതില്‍ വംശഹത്യക്കു സമാനമായ സംഘര്‍ഷങ്ങള്‍ നടന്നിട്ടും നമ്മുടെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നത് നിഷ്പക്ഷമതികളായ ഭാരതീയരില്‍ ഉണ്ടാക്കിയിട്ടുള്ള അസ്വസ്ഥത ചെറുതല്ല. മതനിരപേക്ഷതയില്‍ ഊന്നി നില്‍ക്കുന്ന ഭരണഘടനയുള്ള ഈ രാജ്യത്ത്, മതത്തിന്റെ പേരില്‍ സ്പര്‍ധ വളര്‍ത്തിക്കൊണ്ട്‌വരാനുള്ള കുല്‍സിത ശ്രമങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ രണ്ടു കന്യാസ്ത്രീകളെ, തൊഴില്‍ ചെയ്യാനും യാത്രചെയ്യാനുമുള്ള അവരുടെ മൗലികാവാശങ്ങള്‍ നിഷേധിച്ചു കൊണ്ട് ആള്‍ക്കൂട്ട വിചാരണ നടത്തി കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതും നാം കണ്ടു.

ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരാനുള്ള സാഹചര്യം നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് അമേരിക്കന്‍ പ്രസിഡണ്ട് വ്യാപാരക്കമ്മിയില്ലാതാക്കാനും, അമേരിക്കയിലെ തൊഴിലില്ലായ്മക്ക് ഒറ്റമൂലിയായും താരീഫ് പുനര്‍നിര്‍ണയം നടത്താന്‍ തീരുമാനിച്ചതും. സോഷ്യലിസത്തില്‍ നിന്നും മുതലാളിത്തവ്യവസ്ഥയിലേക്ക് ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനു നേരെ പകരച്ചുങ്കം കൂട്ടി വെല്ലുവിളിക്കുകയാണ് ട്രംപ് ചെയ്യുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്നും വാങ്ങിയാല്‍ കൂടുതല്‍ ചുങ്കം ഈടാക്കുമെന്നുമുള്ള അമേരിക്കയുടെ ഭീഷണിക്ക് ഇന്ത്യ അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്.

എന്നാല്‍ ട്രംപ് പലപ്പോഴും നമ്മുടെ രാജ്യത്തെ പ്രകോപിതമാക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയത് താന്‍ പറഞ്ഞിട്ടാണെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുകയുണ്ടായി. ഇത് ഇന്ത്യക്കുമേല്‍ ട്രംപിന് മേല്‍കൈ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. ഇന്ത്യ ഭരിക്കുന്നത് ട്രംപ് അല്ലെന്ന് ഓര്‍ക്കണം. ഇവിടെ ഒരു ഭരണകൂടമുണ്ട്. എന്നാല്‍ ട്രംപ് പറയുന്നത് സത്യമല്ലെന്നും കളവാണെന്നും വെട്ടിത്തുറന്ന് പറയാന്‍ പ്രധാനമന്ത്രിക്ക് ലോക്‌സഭാ കൂടുന്നത്‌വരെ കാത്തിരിക്കേണ്ടി വന്നു.

രാജ്യത്തിന്റെ ചേരിചേരാ നയത്തിന് വിപരീതമായി തികച്ചും അമേരിക്കന്‍ -ഇസ്രായേല്‍ അനുകൂല നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോട് ഇന്ത്യന്‍ ജനതയില്‍ നല്ലൊരു വിഭാഗത്തിനും അമര്‍ഷമുണ്ട്. തീര്‍ത്തുമൊരു ബിസിനസുകാരനായ ഡൊണാള്‍ഡ് ട്രംപിന്റെ കുശാഗ്ര ബുദ്ധികൊണ്ട് പാകിസ്ഥാനലെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുടെ കുത്തകവ്യാപാരം ട്രംപ് ജൂനിയര്‍ക്കു ലഭ്യമാക്കുന്നതും നാം കണ്ടു.

ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകള്‍ പാക് കുന്നുകളിലെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള അമേരിക്കയുടെ അണുവായുധങ്ങള്‍ നശിപ്പിച്ചേക്കുമെന്ന ഭയമാണ് വെടി നിര്‍ത്തലിന്നായി പാക്കിസ്താനോട് ആജ്ഞാപിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത് എന്ന കാര്യം കൂടി പുറത്തുവരുന്നുണ്ട്. ശീതസമര കാലത്ത് സോവിയറ്റ് യൂണിയന്നെതിരെ പ്രയോഗിക്കാനുള്ള കരുതല്‍ അണുവായുധങ്ങളാണ് പാകിസ്ഥാന്‍ കുന്നുകളിലെ നിലവറകളില്‍ ഉള്ളതെന്ന് പറയപ്പെടുന്നു. അമേരിക്കന്‍ ആണവായുധങ്ങളുടെ സൂക്ഷിപ്പുകാരായ പാക്കിസ്ഥാന്റെ സാമ്പത്തിക അടിത്തറ ഇക്കാലമത്രയും അമേരിക്കയുടെയും അമേരിക്കയുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന ലോകബാങ്കിന്റെയും ഔദാര്യത്തിലായിരുന്നു എന്നതാണ് സത്യം. തങ്ങളുടെ ആണവായുധങ്ങള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന പാകിസ്ഥാന്‍ മലയിടുക്കുകളില്‍ തീവ്രവാദികള്‍ വിഹരിക്കുന്നത് ലോക പോലീസ് ചമയുന്ന അമേരിക്കക്ക് അറിയാത്ത കാര്യവുമല്ല. വെടി നിര്‍ത്തലിന് പാരിതോഷികമായി പാക് സൈന്യാധിപന് വൈറ്റ് ഹൗസില്‍ ബിരിയാണി വിളമ്പിയപ്പോള്‍, ഇവിടെ നമ്മുടെ പ്രധാനമന്ത്രിയും രാജ്യരക്ഷാ മന്ത്രിയും നെഹ്റുവിനെയും പിന്‍ലമുറക്കാരെയും വിമര്‍ശിച്ച് നടക്കുകയാണ്. പ്രാസംഗികരുടെ ചക്രവര്‍ത്തിയെന്നറിയപ്പെടുന്ന നമ്മുടെ സാക്ഷാല്‍ ശശി തരൂര്‍ മോദിസ്തുതിയുടെ തിരക്കിലാണിപ്പോള്‍. മോദിയെ സ്തുതിച്ച് ഉലകം ചുറ്റും വാലിബന്‍ ആയതിന്റെ ക്ഷീണംകൊണ്ടാവാം പാര്‍ലിമെന്റില്‍ മൗനത്തില്‍ ആയിപ്പോയത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലോകസഭയില്‍ സംസാരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ തരൂര്‍ തടിയൂരിക്കളഞ്ഞത് മോദിയെ പുകഴ്ത്താനല്ലാതെ, ഇകഴ്ത്തിപ്പറയാന്‍ തനിക്കാവാത്തതുകൊണ്ടാണ്.

യുക്രെയിന് എതിരെ യുദ്ധം നടത്തുന്ന റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന താക്കീത് ട്രംപ് പുറപ്പെടുവിച്ചതിനോട് ഇന്ത്യ കൈകൊണ്ട നിലപാട് ശ്ലാഘനീയമാണ്. ഇന്ത്യയെ ഭയപ്പെടുത്തുന്നതിന് മുമ്പ് ഇരട്ടത്താപ്പ് അവസാനിപ്പിക്കാനാണ് ട്രംപിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശം. റഷ്യയില്‍ നിന്ന് ട്രംപ് തങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിക്കൂട്ടുന്നുണ്ട്. എന്നിട്ടാണ് ഇന്ത്യയോട് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് കല്‍പ്പിച്ചിരിക്കുന്നത്. എന്തൊരു വിരോധാഭാസം. ലോകത്തെ ഞാന്‍ നിയന്ത്രിക്കുമെന്നും എല്ലാവരും അനുസരിച്ചോളണമെന്നും കല്‍പ്പിക്കാന്‍ ഇയാള്‍ക്ക് ആരാണ് അധികാരം നല്‍കിയത്.

Similar News