കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ കൊടും ചതി

Update: 2025-12-09 10:51 GMT
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ യാത്രക്കിടെ അക്രമങ്ങളും കൊള്ളകളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെയുള്ള നീതിനിഷേധം തന്നെയാണ്.

കേന്ദ്ര റെയില്‍വെ മന്ത്രാലയം രാജ്യത്തെ ട്രെയിന്‍ യാത്രക്കാരോട് കാണിക്കുന്ന സമീപനത്തെ വെറും അവഗണനയായി നിസ്സാരവല്‍ക്കരിക്കാനാകില്ല. കൊടിയ വഞ്ചന എന്ന് തന്നെ പറയേണ്ടിവരും. ട്രെയിന്‍ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നും അതൊക്കെ സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും പറഞ്ഞ് കൈമലര്‍ത്തിയ കേന്ദ്ര റെയില്‍വെ മന്ത്രാലയം ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് തങ്ങളില്‍ നിക്ഷിപ്തമായ എല്ലാ സുരക്ഷാബാധ്യതകളില്‍ നിന്നും വളരെ സൗകര്യമായാണ് ഒഴിഞ്ഞുമാറിയിരിക്കുന്നത്. ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നേരെ ഏത് തരത്തിലുള്ള അതിക്രമങ്ങളുണ്ടായാലും അതൊന്നും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ പെട്ട വിഷയങ്ങളേയല്ലെന്നാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയം പറയാതെ പറഞ്ഞുവെക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ യാത്രക്കിടെ അക്രമങ്ങളും കൊള്ളകളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെയുള്ള നീതിനിഷേധം തന്നെയാണ്. സംസ്ഥാന പൊലീസിനെ സഹായിക്കുക എന്നതിനപ്പുറം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് ഒന്നും ചെയ്യാനാകില്ലെന്നുകൂടി കേന്ദ്ര റെയില്‍വെ മന്ത്രാലയം വ്യക്തമാക്കുമ്പോള്‍ അങ്ങനെയെങ്കില്‍ ഇങ്ങനെയൊരു ഫോഴ്‌സിന്റെ തന്നെ ആവശ്യമുണ്ടോയെന്ന ചോദ്യം സ്വാഭാവികം മാത്രമാണ്.

അതാത് വകുപ്പുകളുടെ കീഴില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അവയെ നയിക്കുന്നവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നാണ് രാജ്യത്തിന്റെ ഭരണഘടന പറയുന്നത്. ഏത് മേഖലയിലായാലും സുരക്ഷ ഉറപ്പാക്കുകയെന്നത് അതാത് വകുപ്പുകള്‍ ഭരിക്കുന്നവരുടെ ഭരണഘടനാപരമായ ബാധ്യതയാണ്. കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനും ഇത് ബാധകമാണെന്നിരിക്കെ അങ്ങനെയല്ലെന്ന് സ്ഥാപിച്ചെടുക്കുന്നതില്‍ പ്രകടമാകുന്നത് ഭരണപരമായ പരാജയം തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ആഭ്യന്തരമന്ത്രാലയത്തിന് ഒഴിഞ്ഞുമാറാനാകില്ല. അതുപോലെ ട്രെയിന്‍ യാത്രക്കിടെയുണ്ടാകുന്ന സംഭവ വികാസങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് റെയില്‍വെ അധികൃതര്‍ക്കും മാറിനില്‍ക്കാന്‍ സാധിക്കില്ല. റെയില്‍വെ മന്ത്രാലയം രൂപീകരിച്ചത് മുതലുള്ള നയത്തില്‍ ഇപ്പോള്‍ മാറ്റം വരുത്തിയതിലൂടെ ട്രെയിന്‍ യാത്രക്കാര്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലും ഭയാശങ്കയിലുമായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പി. ട്രെയിന്‍ യാത്രക്കാര്‍ക്ക് സുരക്ഷയില്ലെന്നുള്ള വസ്തുത ചൂണ്ടിക്കാണിച്ചപ്പോഴാണ് റെയില്‍വെ മന്ത്രി അങ്ങേയറ്റം നിരുത്തരവാദപരവും ഭരണഘടനാവിരുദ്ധവുമായ പ്രതികരണം നടത്തിയത്. തീവണ്ടി ഗതാഗതത്തിലൂടെ ലഭിക്കുന്ന വരുമാനമത്രയും കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിലേക്കാണ് എത്തിച്ചേരുന്നതെന്നിരിക്കെ യാതൊരു ജനാധിപത്യബോധവുമില്ലാതെയാണ് മന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്നത് ഏറെ ഗൗരവതരം തന്നെയാണ്. ട്രെയിന്‍ യാത്രക്കാരുടെ ജീവന് തങ്ങള്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്നും എന്നാല്‍ അവരിലൂടെ ലഭിക്കുന്ന വരുമാനം മുഴുവനും തങ്ങള്‍ക്കുവേണമെന്നുമുള്ള മനുഷ്യത്വവിരുദ്ധമായ കാഴ്ച്ചപ്പാടാണ് റെയില്‍വെ മന്ത്രാലയം രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് രാജ്യത്ത് ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്ന കോടിക്കണക്കിന് ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. അത്യന്തം ഭയാനകമായ അതിക്രമങ്ങളാണ്‌ട്രെയിന്‍ യാത്രക്കിടെ നടക്കുന്നത്. ടിക്കറ്റ് പരിശോധകന്‍ യാത്രക്കാരിയെ തള്ളിയിട്ട് കൊന്നതും യാത്രക്കാരന്‍ ടിക്കറ്റ് പരിശോധകനെ തള്ളിയിട്ട് കൊന്നതും അടക്കം നിരവധി അക്രമസംഭവങ്ങള്‍ ഇതിനകമുണ്ടായി. ലഹരി ഉപയോഗിച്ച് ട്രെയിനുകളില്‍ കയറുന്നവര്‍ സ്ത്രീ യാത്രക്കാര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനിടയിലാണ് ട്രെയിനിലെ കവര്‍ച്ചകള്‍. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വെ പൊലീസിനെയും ആര്‍.പി.എഫിനെയും നിയോഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവരുടെ സേവനം യാത്രക്കാര്‍ക്ക് ലഭ്യമാകുന്നില്ല. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ട്രെയിനുകളില്‍ അതിക്രമങ്ങളുണ്ടാകുമ്പോള്‍ റെയില്‍വെ പൊലീസിന്റെയും ആര്‍.പി.എഫിന്റെയും സാന്നിധ്യവുമുണ്ടാകാറില്ല. ദൂരപ്രദേശങ്ങളില്‍ സ്ഥിരമായി ജോലിക്കുപോകുന്നവരില്‍ സ്ത്രീകളടക്കം കൂടുതല്‍പേരും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. സ്ഥിരം യാത്രക്കാരും അല്ലാത്തവരുമായ എല്ലാവരുടെയും സുരക്ഷയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം റെയില്‍വെ അധികാരികള്‍ക്കാണ്. ട്രെയിനുകളില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയെന്നത് റെയില്‍വെയുടെ കര്‍ത്തവ്യം തന്നെയാണ്. സംസ്ഥാനങ്ങളുടെ സഹായം അത്യാവശ്യഘട്ടങ്ങളില്‍ സ്വീകരിക്കാമെന്ന് മാത്രം. യാത്രക്കാര്‍ക്ക് സുരക്ഷ നല്‍കാതെ അവരുടെ കീശയില്‍ മാത്രം കണ്ണുവെച്ചുള്ള കച്ചവട മനോഭാവം പുലര്‍ത്തുന്ന ഒരു വകുപ്പിനോട് തിരിച്ച് എന്ത് സമീപനമെടുക്കണമെന്നതിനെക്കുറിച്ച് ട്രെയിന്‍ യാത്രക്കാര്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ട്രെയിന്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കും. അത് റെയില്‍വെയുടെ വരുമാനത്തിലും വന്‍തോതിലുള്ള ഇടിവ് വരുത്തും. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വ്യവസ്ഥക്ക് ഹാനികരമാകുന്ന വെല്ലുവിളിയായി അത് മാറും. യാത്രക്കാരുടെ കാര്യത്തില്‍ ഒരു തരത്തിലും ഉത്തരവാദിത്വമില്ലാത്ത റെയില്‍വെയെ സാമ്പത്തികമായി താങ്ങിനിര്‍ത്തേണ്ട ബാധ്യത യാത്രക്കാര്‍ക്കുമില്ലെന്ന് മനസിലാക്കണം. പരമാവധി ട്രെയിന്‍ യാത്ര ഒഴിവാക്കുന്നതിനെക്കുറിച്ച് യാത്രക്കാര്‍ ചിന്തിക്കാനിടവരുത്തുന്ന വിധത്തിലുള്ള നിഷേധാത്മകനിലപാടുകള്‍ റെയില്‍വെ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകരുത്. അത് റെയില്‍വെക്കും യാത്രക്കാര്‍ക്കും ഗുണകരമാകില്ല.

Similar News