കേരളത്തിലെ വലിയ സ്വകാര്യ ആസ്പത്രികള്‍ ഒക്കെയും കോര്‍പ്പറേറ്റുകള്‍ വാങ്ങി കൂട്ടുകയാണ്. നിലവില്‍ നമുക്ക് സുപരിചിതമായ പല സ്വകാര്യ ആസ്പത്രികളുടെയും മുഖ്യ വിഹിതം ഇത്തരം കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായി. സ്വാഭാവികമായും ഈ കേന്ദ്രങ്ങളിലൊക്കെ ചികിത്സാ നിരക്ക് ഉയരുന്നുമുണ്ട്.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തുകളിലൊന്നാണ് ആരോഗ്യം. സാക്ഷരതയിലെന്ന പോലെ ആരോഗ്യ കാര്യത്തിലും നമ്മള്‍ മലയാളികള്‍ ഏറെ മുന്നിലാണ്. ഒരു പഠനത്തില്‍ ഇന്ത്യയില്‍ ചികിത്സക്കായി വ്യക്തി തലത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് കേരളീയരാണെന്നാണ് കണ്ടെത്തല്‍. ഇതേ ആരോഗ്യ ബോധത്തെ ഇവിടത്തെ വലിയൊരു വിഭാഗം സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളും നന്നായി ചൂഷണം ചെയ്യുന്നുണ്ട് എന്നത് മറ്റൊരു കാര്യം.
ആരോഗ്യ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ സംസ്ഥാനമായ കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയില്‍ വിപുലമായ സംവിധാനങ്ങളാണുള്ളത്. ഉയര്‍ന്ന ആയുര്‍ദൈര്‍ഗ്യവും കുറഞ്ഞ മാതൃ-ശിശുമരണ നിരക്കുമെല്ലാം കേരള ആരോഗ്യ മോഡലിന്റെ നേട്ടങ്ങളാണ്.
അതേസമയം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ട് തന്നെ ചികിത്സ തേടുന്നവരുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തെ ഇവിടത്തെ വലിയൊരു വിഭാഗം സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളും നന്നായി മുതലെടുക്കുന്നുമുണ്ട്.
മെഡിക്കല്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനൊപ്പം അത്തരം കേന്ദ്രങ്ങളെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ സ്വകാര്യ മേഖലകളിലും കൊണ്ട് വരിക എന്നത് ആരോഗ്യ പ്രവര്‍ത്തകരും ഈ രംഗത്തെ സന്നദ്ധ സംഘടനകളും കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.
ഈ ആവശ്യങ്ങള്‍ മുഖവിലക്കെടുത്ത് രാജ്യത്ത് നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള വൈദ്യശാസ്ത്ര സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ആസ്പത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായിരുന്നു കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്. പൊതുവില്‍ മേല്‍പറഞ്ഞ ആവശ്യങ്ങളെ നല്ല നിലയില്‍ ഉള്‍ക്കൊണ്ട് മെഡിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ മുതല്‍, സേവനത്തിനുള്ള ഫീസ് നിര്‍ണയം വരെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു നിയമായിരുന്നു അത്.
സ്വകാര്യാസ്പത്രി ഉടമകളുടെ സംഘടനയും മറ്റും നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ നിയമം രാജ്യാന്തര നിലവാരത്തിന് യോജിച്ചതാണെന്നും ഇന്ത്യന്‍ ഭരണഘടനക്ക് എതിരല്ലെന്നും നിരീക്ഷിച്ചു കൊണ്ട് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
സ്വാഭാവികമായും ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം അത് തിരിച്ചടിയായി. നീതിപീഠം ജനങ്ങളുടെ വികാരത്തെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ രൂപം നല്‍കിയ നിയമത്തെ അതിന്റെ അന്തസ്സത്ത ചോരാതെ ഉള്‍ക്കൊണ്ടപ്പോള്‍ അത് കാലം ആവശ്യപ്പെടുന്നൊരു നിര്‍ണ്ണായക ഇടപെടലുമായി മാറി. ഇതിലൂടെ ആസ്പത്രികളുടെയും പരിശോധനാ ലാബുകളുടെയുമെല്ലാം ഗുണനിലവാരം സമയാസമയങ്ങളില്‍ പരിശോധിക്കാനും ചൂഷണം ഒഴിവാക്കാനും പര്യാപ്തമായ പ്രസ്തുത നിയമം കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.
ചികിത്സ മനുഷ്യന്റെ അവകാശമാവുന്നു എന്ന നിയമത്തിന്റെ അത്യന്തിക മുദ്രാവാക്യത്തെ കോടതി പൂര്‍ണ്ണമായും പിന്തുണച്ചിട്ടുണ്ട്. പണമില്ലെങ്കിലും അടിയന്തിര ചികിത്സ ഒരു ഘട്ടത്തിലും നിഷേധിക്കപ്പെടരുത്. ചികിത്സ ഫീസും തുകയും ആസ്പത്രികളിലും വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിക്കണം. രോഗികളുടെ അവകാശ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. സൗകര്യമുള്ള ആസ്പത്രിയിലേക്ക് മാറ്റേണ്ടി വരുന്നവര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം. ബില്ലുകളും പരിശോധന റിപ്പോര്‍ട്ടുകളും ഡിസ്ചാര്‍ജ് സമയത്ത് തന്നെ കൈമാറണം. തുടങ്ങി കോടതി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളത്രയും സര്‍ക്കാരിന്റെ ആരോഗ്യ നയത്തിനുള്ള അംഗീകാരം തന്നെയാണ്.
വ്യവസ്ഥകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തന്നെ ശരിവെച്ചിരുന്നു. ഇതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും മറ്റും സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ആസ്പത്രി ഫീസ് പ്രദര്‍ശിപ്പിക്കല്‍, അടിയന്തിര ചികിത്സ ഉറപ്പാക്കല്‍, ജീവനക്കാരുടെ വിവരം കൈമാറല്‍ തുടങ്ങിയ നിബന്ധനകളെയാണ് സ്വകാര്യാസ്പത്രി മാനേജ്‌മെന്റുകളുടെ സംഘടനയും ഐ.എം.എയും എതിര്‍ത്തത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ച ഹൈക്കോടതി വിധി നീതിയുടെ മനുഷ്യപക്ഷ വായനയായാണ് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യ മേഖലയിലെ വ്യവസായ വല്‍ക്കരണം രോഗികളുടെ കിടപ്പാടം പോലും നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ജീവകാരുണ്യ പരമായ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടത്തട്ടുകാര്‍ക്കും സാധാരണക്കാര്‍ക്കും ദൈവദൂതരെപ്പോലെ ആയിരിക്കുമെന്ന് തീര്‍ച്ച.
സ്‌കാനിംങും റിപ്പോര്‍ട്ടും മറച്ചുവെച്ച് ഇല്ലാത്ത രോഗത്തിന് ചികിത്സിക്കുന്ന രീതിയും നമ്മള്‍ കേട്ടറിയുന്നുണ്ട്. സൂപ്പര്‍ സ്‌പെഷ്യലിറ്റി ആസ്പത്രികളുടെ അറവ് കത്തിക്ക് ഗതികേട് കൊണ്ട് തലവെച്ച് കൊടുത്തവരെല്ലാം ഒരിക്കലെങ്കിലും ഇത്തരം ആസ്പത്രികളുടെ കൊള്ള തിരിച്ചറിഞ്ഞിട്ടുണ്ടാവും. സര്‍ക്കാര്‍ ആസ്പത്രികളില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ക്ക് പരിമിതിയുള്ളതിനാലാണ് അത്യാസന്ന ഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്ക് സ്വകാര്യാസ്പത്രികളെ ആശ്രയിക്കേണ്ടി വരുന്നത്. ഇങ്ങനെയുള്ള ആസ്പത്രികളില്‍ നിന്നും രോഗികള്‍ക്ക് ലഭിക്കുന്ന ബില്‍ തുക പ്രവാചനാതീതവുമാണ്.
ശാസ്ത്രക്രിയാ നിരക്കുകളും പരിശോധനാ ഫീസുകളും എകീകരണമില്ലെന്നതാണ് സ്വകാര്യാസ്പത്രികളിലെ അവസ്ഥ. കോടതി ഉത്തരവ് സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികള്‍ക്കെല്ലാം ബാധകമാണ്. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ആസ്പത്രിയുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യാം. രോഗികള്‍ക്ക് പരാതികളില്‍ സിവിലായും ക്രിമിനലായും പരിഹാരം തേടാം. ചികിത്സാ അപാകം, തട്ടിപ്പ് എന്നിവക്കെതിരെ ഉപഭോക്തൃ കോടതിയിലും പൊലീസിലും പരാതിപ്പെടാം. ഗുരുതര പരാതി ചീഫ് സെക്രട്ടറിക്കോ, പൊലീസ് മേധാവിക്കോ നല്‍കാം.
എല്ലാ ആസ്പത്രികളിലും പരാതി പരിഹാര സംവിധാനവും ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ പരാതി പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. പരിഹരിക്കപ്പെടാത്ത പരാതികള്‍ ജില്ലാ രജിസ്ട്രേഷന്‍ അതോറിറ്റിയേയോ, മെഡിക്കല്‍ ഓഫീസറെയോ ഉടന്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിധി നടപ്പാക്കിയത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലെ രണ്ടാം യു.പി.എ സര്‍ക്കാര്‍ 2010ല്‍ അംഗീകരിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ മാതൃകയില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ആദ്യമായി ഈ ബില്‍ കേരളത്തില്‍ കൊണ്ടുവന്നത്. കരട് ബില്‍ തയ്യാറാക്കിയെങ്കിലും നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കാന്‍ കഴിയാതെ വന്നതിനാല്‍ പിന്നീട് അത് കാലഹരണപ്പെട്ടു. 2016ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ തൊട്ടടുത്ത വര്‍ഷം തന്നെ പ്രസ്തുത ബില്‍ നിയമസഭയില്‍ പാസാക്കി. പിന്നീട് 2019ല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിച്ചു നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് എതിര്‍പ്പുകള്‍ വന്നത്.
കേരളത്തിലെ വലിയ സ്വകാര്യ ആസ്പത്രികള്‍ ഒക്കെയും കോര്‍പ്പറേറ്റുകള്‍ വാങ്ങി കൂട്ടുകയാണ്. നിലവില്‍ നമുക്ക് സുപരിചിതമായ പല സ്വകാര്യ ആസ്പത്രികളുടെയും മുഖ്യ വിഹിതം ഇത്തരം കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായി. സ്വാഭാവികമായും ഈ കേന്ദ്രങ്ങളിലൊക്കെ ചികിത്സാ നിരക്ക് ഉയരുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആസ്പത്രികള്‍ക്ക് പോലും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥ വരും.
ചികിത്സാ രംഗം പതിയെ ഒരുതരം അനിശ്ചിതാവസ്ഥയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് ജീവന്‍ വെക്കുംവിധം കോടതി ഇടപെടലുണ്ടായിരിക്കുന്നത്. കോടതി വിധിയെ അതിന്റെ ബഹുമാനത്തോടെ പ്രയോഗവല്‍കരിക്കുക എന്നതാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്.