ബദ്ര്‍ എന്ന അറബി വാക്കിന് പൗര്‍ണമി എന്നാണര്‍ത്ഥം. ലൈലത്തുല്‍ ബദ്ര്‍ എന്നാല്‍ പൗര്‍ണമി രാവ്.എന്നാല്‍ ആ പേരില്‍ അറേബ്യയില്‍ ഒരു സ്ഥലം കൂടിയുണ്ട്. മദീനയുടെ തെക്ക്-പടിഞ്ഞാറ് വശത്ത് പഴയ മക്ക-മദീന പാതയില്‍ മക്കയില്‍ നിന്ന് 250ഓളം മൈല്‍ അകലെ മദീനയോട് 150 ഓളം മൈല്‍ അടുത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര പ്രദേശമാണത്. അവിടെയുള്ള ഒരു ജലാശയത്തിന്റെ പേര് ആ പ്രദേശത്തിന് ലഭിക്കുകയായിരുന്നു.
ചരിത്രത്തില്‍ പുരാതന കാലത്ത് ബദ്ര്‍ അറിയപ്പെട്ടിരുന്നത് അവിടെ വര്‍ഷംതോറും നടക്കുന്ന ചന്തയുടെ പേരിലായിരുന്നു. ഉക്കാസ്, മജന്ന പോലെ ഒരു വാര്‍ഷിക സംഗമകേന്ദ്രം. എന്നാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസം 17ന് നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തോടെ (624 മാര്‍ച്ച് 13) ആ സ്ഥലത്തിന് മറ്റൊരു ചരിത്ര നിയോഗം കൈവന്നു. ഇന്ന് ചരിത്രബോധമുള്ളവരെല്ലാം ബദ്ര്‍ എന്ന് കേട്ടാല്‍ ഓര്‍മിക്കുക ആ നിര്‍ണായക യുദ്ധമാണ്.
ഇസ്ലാമിക ചരിത്രത്തില്‍ ബദ്ര്‍ യുദ്ധത്തിന് അത്യപൂര്‍വ സ്ഥാനമാണുള്ളത്. ചരിത്രത്തിന്റെ ഗതി മാറ്റിയ സംഭവം. സത്യാസത്യവിവേചനത്തില്‍ വഴിത്തിരിവായ യുദ്ധം. പില്‍ക്കാല ചരിത്രം ഏറെ പ്രാധാന്യത്തോടെ ഓര്‍ത്തെടുക്കുന്ന യുദ്ധം കൂടിയാണത്.
ഖുര്‍ആന്‍ ഒരിടത്ത് മാത്രമാണ് ബദ്ര്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. ആലു ഇംറാന്‍ അധ്യായത്തില്‍ വചനം 123ലാണ് ബദ്ര്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. എന്നാല്‍ ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് അല്‍ അന്‍ഫാല്‍ അധ്യായത്തില്‍ നിരവധി വചനങ്ങള്‍ ബദ്‌റുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ഈ അധ്യായത്തെ ബദ്ര്‍ അധ്യായം എന്നുവരെ ചില സ്വഹാബികള്‍ വിശേഷിപ്പിക്കുന്നു. താബിഈ പ്രമുഖനായ സഈദ് ബിന്‍ ജുബൈര്‍ അബ്ദുല്ലാഹി ഇബ്‌നു അബ്ബാസി(റ.)നോട് അല്‍ അന്‍ഫാലിനെ പറ്റി ചോദിച്ചപ്പോള്‍ അത് ബദ്ര്‍ യുദ്ധ സംബന്ധിയായാണ് അവതരിച്ചതെന്ന് ഇബ്‌നു അബ്ബാസ് വിശദീകരിച്ചതായി ബുഖാരി, മുസ് ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് വ്യക്തമാക്കുന്നു.കൂടാതെ അല്‍ അന്‍ഫാല്‍ അധ്യായം നല്‍പ്പത്തൊന്നാം വചനത്തില്‍ യൗമല്‍ ഫുര്‍ഖാന്‍ (സത്യാസത്യവിവേചന ദിവസം), യാമല്‍തഖല്‍ ജംആന്‍ (ഇരുസംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം) എന്ന് വിശേഷിപ്പിച്ചത് ബദ്ര്‍ യുദ്ധത്തെ പറ്റിയാണെന്ന് പ്രമുഖ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
ആലു ഇംറാന്‍ അധ്യായത്തില്‍ ബദ്ര്‍ സംബന്ധിച്ച പ്രസ്താവം ഇങ്ങനെയാണ്: 'ബദ്‌റില്‍ നിങ്ങള്‍ ബലഹീനരായിരിക്കെ അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്തു. അതുകൊണ്ട് നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി അല്ലാഹുവിനെ സൂക്ഷിക്കുക. 3000 മലക്കുകളെയിറക്കി നാഥന്‍ സഹായിക്കുകയെന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ എന്ന് വിശ്വാസികളോട് അങ്ങ് ചോദിച്ച സന്ദര്‍ഭം സ്മരണീയമത്രെ. അതെ, നിങ്ങള്‍ ക്ഷമയും സൂക്ഷ്മതയും പാലിക്കുകയും ശത്രുക്കള്‍ അതിദ്രുതം വന്നെത്തുകയുമാണെങ്കില്‍ വ്യത്യസ്ത അടയാളങ്ങളുള്ള 5000 മലക്കുകള്‍ മുഖേന നാഥന്‍ നിങ്ങള്‍ക്ക് പിന്‍ബലമേകുന്നതാണ്'.
'അല്ലാഹു അങ്ങനെ സഹായം ചെയ്തത് നിങ്ങള്‍ക്ക് ശുഭകരമാകാനും മന:സമാധാനം ലഭിക്കാനും വേണ്ടിയുമാണ്. പ്രതാപിയും തന്ത്രജ്ഞനുമായ അവന്റെ പക്കല്‍ മാത്രമാണ് സഹായം, നിഷേധികളിലൊരു സംഘത്തെ തകര്‍ക്കാനോ നിന്ദ്യരാക്കാനോ വേണ്ടിയും. അങ്ങനെയവര്‍ തോറ്റു പിന്തിരിഞ്ഞു പോകും. നബിയേ, കാര്യങ്ങളില്‍ ഒരധികാരവും നിങ്ങള്‍ക്കില്ല. അവര്‍ പശ്ചാത്തപിച്ച് അല്ലാഹുവത് സ്വീകരിക്കുകയോ അതിക്രമികളായത് കൊണ്ട് ശിക്ഷിക്കുകയോ ചെയ്യുന്നത് വരെ. വാന-ഭുവനങ്ങളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പാപമോചനം നല്‍കുകയും ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു (123/29)'.
അന്‍ഫാല്‍ അധ്യായത്തില്‍ ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ ഉണര്‍ത്തുന്നത് നോക്കുക: 'സത്യവിശ്വാസികളിലൊരു സംഘം അനിഷ്ടമുള്ളവരായിരിക്കെ തന്നെ, സത്യസന്ധമായൊരു വിഷയത്തിന് നാഥന്‍ താങ്കളെ സ്വഗൃഹത്തില്‍ നിന്നിറക്കിയപ്പോഴുണ്ടായ അവസ്ഥ പോലെ തന്നെ. വസ്തുത വ്യക്തമായിട്ടും ന്യായമായ അക്കാര്യത്തില്‍ താങ്കളോടവര്‍ തര്‍ക്കിക്കുകയാണ്; നോക്കി നില്‍ക്കെ മരണത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത് പോലെ'.
'നിങ്ങള്‍ക്ക് രണ്ടിലൊരു സംഘത്തെ സ്വന്തമാക്കിത്തരാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രെ. ആയുധ ശേഷിയില്ലാത്ത സംഘം സ്വായത്തമാകണമെന്നായിരുന്നു നിങ്ങളുടെ ഹിതം. എന്നാല്‍ തന്റെ ഉത്തരവുകള്‍ മുഖേന സത്യസാക്ഷാല്‍ക്കരണത്തിനും നിഷേധികളുടെ ഉന്‍മൂലനത്തിനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അധര്‍മകാരികള്‍ അനിഷ്ടപ്പെട്ടാലും ശരി, സത്യത്തെ സാക്ഷാല്‍ക്കരിക്കേണ്ടതിനും അസത്യത്തെ ശിഥിലമാക്കേണ്ടതിനും വേണ്ടിയത്രെ അത്'.
'നിങ്ങള്‍ നാഥനോട് സഹായം അര്‍ഥിച്ച സന്ദര്‍ഭം സ്മരിക്കുക. തുടര്‍ച്ചയായി 1000 മലക്കുകളെ അയച്ചുതന്നു നിങ്ങള്‍ക്ക് ഞാന്‍ പിന്‍ബലം നല്‍കുന്നതാണെന്ന് തല്‍സമയം നിങ്ങള്‍ക്കവന്‍ മറുപടി നല്‍കി. ഒരു ശുഭവാര്‍ത്തയായും നിങ്ങള്‍ക്ക് മന:സമാധാനമുണ്ടാകുവാനുമാണ് അല്ലാഹു അങ്ങനെ ചെയ്തത്. അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ് ഏതൊരു സഹായവും. അവന്‍ പ്രതാപിയും തന്ത്രജ്ഞനും തന്നെ. തന്റെ പക്കല്‍ നിന്നുള്ള മന:ശാന്തിയായി അല്ലാഹു നിങ്ങളെ നിദ്രാ മയക്കത്താല്‍ ആവരണം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രെ. നിങ്ങളെ ശുദ്ധീകരിക്കാനും പൈശാചിക ദുര്‍ബോധനം ദൂരീകരിക്കാനും മനസ്സുകള്‍ ദൃഢീകരിക്കാനും കാലുറപ്പിച്ചു നിര്‍ത്താനുമായി അവന്‍ നിങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിച്ചു തന്നതും ഓര്‍ക്കുക (511)'.
ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട നിരവധി അസുലഭ മുഹൂര്‍ത്തങ്ങളിലേക്ക് ഉപര്യുക്ത വചനങ്ങളും തുടര്‍വചനങ്ങളും വെളിച്ചം വീശുന്നുണ്ട്. രണാങ്കണത്തില്‍ മുസ്ലിംകള്‍ക്ക് നാഥനില്‍ നിന്ന് ലഭിച്ച പ്രത്യേക സഹായങ്ങളെ കുറിച്ച് തുടര്‍ വചനങ്ങളും ഉണര്‍ത്തുന്നുണ്ട്. ഇടയ്ക്ക് തിരുനബി മണ്ണ് വാരി ശത്രു മുഖത്തേക്ക് എറിഞ്ഞതും അതവരുടെ കണ്ണിലും മൂക്കിലും പെട്ട് സ്തബ്ധരായതും ഖുര്‍ആന്‍ പിന്നീട് വിവരിക്കുന്നുണ്ട്. 'നിങ്ങള്‍ എറിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളായിരുന്നില്ല, എറിഞ്ഞത്, മറിച്ച് അല്ലാഹുവാണ്' എന്ന വചനത്തിലൂടെ ദൈവിക സഹായത്തിന്റെ മാറ്റ് അവന്‍ വ്യക്തമാക്കിക്കൊടുത്തു.ആയിരത്തോളം വരുന്ന സര്‍വായുധ സജ്ജരായ ശത്രു നിരയോടാണ് 313 പേര്‍ മാത്രമുള്ള മുസ്ലിം സേനയ്ക്ക് പോരാടേണ്ടി വന്നത്. അതും ആകെ രണ്ട് കുതിരകളും 70ഓളം ഒട്ടകങ്ങളും മാത്രമേ കൂടെയുള്ളൂ. മാത്രമല്ല, യുദ്ധത്തിന് വേണ്ട ഒരുക്കത്തിലും മാനസികാവസ്ഥയിലും ആയിരുന്നില്ല, മുസ്ലിം സൈന്യം പുറപ്പെട്ടിരുന്നത്. സിറിയയില്‍ വ്യാപാരം നടത്തി വന്‍തോതിലുള്ള ചരക്കുകളുമായി തിരിച്ചുവരുന്ന അബൂസുഫിയാനെയും കൂട്ടരേയും വഴിതടഞ്ഞ് തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് കൈക്കലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
അതിന് പ്രത്യേക കാരണങ്ങളും ഉണ്ടായിരുന്നു. അതിന് രണ്ട് വര്‍ഷം മുമ്പാണ് മക്കയിലെ അവിശ്വാസികളില്‍ നിന്നുള്ള പീഢനങ്ങളും മര്‍ദ്ദനങ്ങളും സഹിക്കാനാകാതെ സ്വദേശം വിട്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നവരാണ് മുസ്ലിംകള്‍. അവര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവര്‍ ഉപേക്ഷിച്ച സമ്പാദ്യമെല്ലാം ശത്രുക്കള്‍ കൈക്കലാക്കി. അവയുടെ കൂടി പിന്‍ബലത്തില്‍ സിറിയയില്‍ നടത്തിയ വ്യാപാരത്തിന്റെ വരുമാനവുമായാണ് ശത്രുസംഘം തിരിച്ചുവരുന്നത്. അവരെ വഴി തടഞ്ഞ് ചുരുങ്ങിയത് തങ്ങള്‍ക്കവകാശപ്പെട്ട വിഹിതമെങ്കിലും സ്വന്തമാക്കാമല്ലോ എന്ന ന്യായമായ ലക്ഷ്യം.
കൂടാതെ വ്യാപാരത്തിലൂടെ ലഭിക്കുന്ന ലാഭത്തില്‍ നിന്നൊരു വിഹിതം മുസ്ലിംകള്‍ക്കെതിരെ ആളുകളെ ഒരുക്കാനും പൊരുതാനുമുള്ള ഫണ്ടിലേക്ക് അവര്‍ മാറ്റിവെച്ചിരുന്നു. മുസ്ലിംകള്‍ വ്യാപാര സംഘത്തെ തടയുകയാണെന്ന പ്രചാരണം നടത്തി വികാരം ഇളക്കിവിട്ടാണ് അവര്‍ മക്കക്കാരെ യുദ്ധത്തിനായി ഒരുക്കിയത്.
പക്ഷെ, അബൂസുഫിയാനും കൂട്ടരും മുസ്ലിംകളുടെ നീക്കങ്ങള്‍ മണത്തറിഞ്ഞ് വേറെ വഴിക്ക് കടന്നുകളഞ്ഞു. എന്നാല്‍ അവരുടെ സംരക്ഷണത്തിനെന്ന പേരില്‍ മക്കയില്‍ നിന്ന് സംഘടിച്ചെത്തിയ സംഘം ചരക്കുകളുമായി മക്കക്കാര്‍ രക്ഷപ്പെട്ടതറിഞ്ഞ ശേഷവും മുസ്ലിംകളെ പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ മുന്നേറുകയായിരുന്നു. മുസ്ലിംകള്‍ 'അബൂജഹ്ല്‍' എന്ന് വിളിക്കുന്ന അംറ് ബിന്‍ ഹിശാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു, യുദ്ധം നടക്കണമെന്ന നിര്‍ബന്ധം. ഒടുവില്‍ യുദ്ധം നടന്നപ്പോള്‍ മക്കാ ഖുറൈശി സൈന്യം ദയനീയ പരാജയം ഏറ്റുവാങ്ങിയെന്ന് മാത്രമല്ല, ശത്രു നിരയിലെ പ്രമുഖര്‍ അടക്കം 70 ഓളം പേര്‍ കൊല്ലപ്പെട്ടു. അതില്‍ അബൂജഹ്‌ലും ഉത്ബയും ശൈബയും എല്ലാം ഉള്‍പ്പെടുന്നു. അത്രയും പേര്‍ ബന്ധികളായും പിടിക്കപ്പെട്ടു.
മുസ്ലിം നിരയില്‍ നിന്ന് 14 പേരാണ് രക്തസാക്ഷിത്വം വരിച്ചത്. യുദ്ധം മുസ്ലിംകള്‍ക്ക് വലിയ തോതില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് മാത്രമല്ല, അറേബ്യയിലാകെ അന്ത്യപ്രവാചകനും ഇസ്ലാമിനും അനുകൂലമായ തരംഗം സൃഷ്ടിച്ചു.
ബദ്ര്‍ യുദ്ധം ഖുര്‍ആനിലെ വേറെയും ചില അധ്യായത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പൊതുവായി ഇതിലൂടെയെല്ലാം വായിച്ചെടുക്കാവുന്ന ചില പാഠങ്ങളുണ്ട്. അംഗ സംഖ്യയോ ഭൗതിക സന്നാഹങ്ങളോ മാത്രമല്ല പോരാട്ടങ്ങളില്‍ ഗതിനിര്‍ണയിക്കുക. വിശ്വാസദാര്‍ഢ്യവും അതില്‍ നിന്നുല്‍ഭൂതമാകുന്ന ദൈവീക പിന്‍ബലവും ഉണ്ടെങ്കില്‍ ഏത് കരുത്തരുടെ മുന്നിലും പിടിച്ചു നില്‍ക്കാനും മുന്നേറാനും കഴിയും. അതില്ലെങ്കില്‍ സ്വാഭാവികമായും ഭൗതിക കരുത്താണ് വിധി നിര്‍ണയിക്കുക.നേതാവിനെ അനുസരിക്കുക വളരെ പ്രധാനമാണ്. വിശിഷ്യാ പോരാട്ട വേളയില്‍. ബദ്‌റില്‍ അക്കാര്യം നൂറ് ശതമാനം പാലിക്കപ്പെട്ടപ്പോള്‍ വിജയം ന്യൂനപക്ഷത്തിന്റെ കൂടെയായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന ഉഹദ് യുദ്ധത്തില്‍ കൂടുതല്‍ ഭൗതിക സൗകര്യങ്ങളും സന്നാഹങ്ങളും ഉണ്ടായിട്ടും സേനാ നായകനെ അനുസരിക്കുന്ന കാര്യത്തില്‍ ചെറിയ വീഴ്ച വന്നപ്പോള്‍ അത് വലിയ തിരിച്ചടിയിലേക്ക് നയിച്ചു.ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ ഇത്തരം സംഭവങ്ങള്‍ എടുത്തുദ്ധരിക്കുന്നത്. കേവല വായനയ്ക്കപ്പുറം ആ പാഠങ്ങള്‍ വിഹ്വലതയാര്‍ന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ വഴികാട്ടിയായിത്തീരുമ്പോഴാണ് പഠനവും അനുസ്മരണയും സാര്‍ത്ഥകമായിത്തീരുക. നാഥന്‍ തുണക്കട്ടെ.