ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാതിരുന്നത്...
ശബരിമലയില്‍ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നു. ഇനിയും വെളിച്ചം കാണേണ്ട അനേകം അമ്പലക്കൊള്ളയുടെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇത് എന്നതിന് സംശയമില്ല.
ശബരിമല വിശ്വാസികളുടെ ആശ്വാസ കേന്ദ്രമാണ്. രാജ്യത്തിന്റെ പല ദിക്കുകളില്‍ നിന്ന് അനേകായിരങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നത് ആകുലതകളില്‍ നിന്ന് അഭയം തേടിയാണ്. കേരളത്തിന്റെ പുണ്യഭൂമിയായി ശബരിമല തിളങ്ങി നില്‍ക്കുന്നത് അതിന്റെ വിശുദ്ധിയും പരിശുദ്ധിയും കൊണ്ടാണ്. എന്നാല്‍ അവിടെ നിന്ന് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളോ... ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും. അമ്പലക്കള്ളന്മാര്‍ കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് കൊണ്ടുപോവും. എന്നാല്‍ അമ്പലം സംരക്ഷിക്കേണ്ടവര്‍ തന്നെ ഇതിന് കൂട്ടുനിന്നാലോ... ?
ശബരിമലയില്‍ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നു. ഇനിയും വെളിച്ചം കാണേണ്ട അനേകം അമ്പലക്കൊള്ളയുടെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇത് എന്നതിന് സംശയമില്ല.
നമുക്ക് ചുറ്റുമുള്ള പുരോഹിതന്മാരെ ചട്ടുകമാക്കി ദേവസ്വം ഭരണാധികാരികള്‍ തന്നെ, കള്ളരേഖകള്‍ ചമച്ചു സ്വര്‍ണ്ണക്കൊള്ളകള്‍ നടത്തികൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ അത്തരം കൊള്ളകള്‍ക്ക് കൂട്ടുകൂടുകയാണ് എന്ന ഞെട്ടിക്കുന്ന വസ്തുതകള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇത് ഒരു പോറ്റിയുടെ മാത്രം ബുദ്ധിയിലുദിച്ച പദ്ധതി എന്ന് കരുതാന്‍ ആരും തയ്യാറാവില്ല.
ഭാഗ്യവശാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏതോ ഒരു അയ്യപ്പഭക്തന്റെ പൊതുതാല്‍പര്യ ഹരജിയുടെ കാരണം കൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഒരു ദേവസ്വം ബെഞ്ച് തന്നെ നിയമിച്ചതിനാല്‍ കുറെയൊക്കെ അനീതികള്‍ക്കും കെടുകാര്യസ്ഥതകള്‍ക്കും തടയിടാന്‍ സാധിച്ചിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസകരം.
ശബരിമല വിഷയത്തില്‍ ഒരനുഭവസ്ഥന്‍ എന്ന നിലക്ക് ഉണ്ടായ സംഭവം ഇങ്ങനെ: കൊല്ലം 2000. ശബരിമലയിലെ ഒരു വര്‍ഷത്തെ നാളികേരം മുഴുവന്‍ ശേഖരിക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ടെണ്ടര്‍ ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് (മാര്‍ക്കറ്റുഫെഡ്) വേണ്ടി ടെണ്ടര്‍ സമര്‍പ്പിക്കാന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ എന്ന നിലക്ക് എന്നെ മാനേജിങ് ഡയറക്ടര്‍ അധികാരപ്പെടുത്തുന്നു. ഒരു ദൈവനിയോഗം പോലെ തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്ക് ആ വര്‍ഷത്തെ ടെണ്ടര്‍ മോഹവിലക്ക് മാനേജിങ് ഡയറക്ടര്‍ ഒപ്പിട്ടു നല്‍കി. പരസ്യ ലേലത്തില്‍ പങ്കെടുക്കാന്‍ എന്നെ അധികാരപ്പെടുത്തുന്നു. സീല്‍ ചെയ്ത ടെണ്ടര്‍ കൂടാതെ പരസ്യ ലേലവും പതിവായിരുന്നു. രണ്ടിലും കൂടി ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം ഉറപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. നിശ്ചിത തീയ്യതിയില്‍ നടന്ന പരസ്യലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക മാര്‍ക്കറ്റുഫെഡിന്റേതായിരുന്നു. എന്തോ മുടന്തന്‍ ന്യായം പറഞ്ഞു ടെണ്ടര്‍ തീരുമാനം പിറ്റേന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പിറ്റേന്ന് നാടകീയമായ ചില സംഭവങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ ഒരു സ്വകാര്യ എണ്ണ മില്ലുകാരന് ടെണ്ടര്‍ അനുവദിച്ചതായി ഉത്തരവിറക്കുന്നു. ആ മില്ലുടമയുടെ അളിയന്‍ അന്നത്തെ ജില്ലാ കലക്ടര്‍ ആയിരുന്നതും, ദേവസ്വം കമ്മിഷണര്‍ പ്രശസ്തനായ മറ്റൊരു ഐ.എ.എസ് ഓഫീസര്‍ ആയിരുന്നതുമാണ് പിന്നണിയിലെ കഥ എന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ തെറ്റായ തീരുമാനത്തിനെതിരായി, അന്നത്തെ ദേവസ്വം കമ്മിഷണര്‍ക്കെതിരായി ബഹു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചില്‍ ഹരജി സമര്‍പ്പിക്കുകയും, പ്രശസ്ത അഭിഭാഷകന്‍ അഡ്വ. ജോര്‍ജ് പൂന്തോട്ടത്തിനെക്കൊണ്ട് കേസ് ശക്തമായി വാദിക്കുകയും ചെയ്തപ്പോള്‍ വിധി മാര്‍ക്കറ്റ്‌ഫെഡിന് അനുകൂലമായി വരികയും അതനുസരിച്ച് ബഹു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ലേലം മാര്‍ക്കറ്റ്‌ഫെഡിന് ഉറപ്പിക്കുകയും ചെയ്തു. അന്നത്തെ ദേവസ്വം കമ്മിഷണറെ പേരെടുത്ത് വിമര്‍ശിച്ച കോടതിയുടെ വിധിയില്‍ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യാന്‍ വീണ്ടും കോടതിയെ അദ്ദേഹം സമീപിക്കുകയുണ്ടായി എന്നതാണ് സത്യം. എന്നാല്‍ പിന്നീട് അങ്ങോട്ട് ആ സീസണില്‍ മുഴുവനും എനിക്കും എന്റെ ടീമിനും സുഗമമായി പ്രവര്‍ത്തിക്കാന്‍ ശബരിമലയില്‍ ഏറെ പണിപ്പെടേണ്ടിയും വന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. അതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ഉറക്കമില്ലാത്ത രാത്രികളില്‍ ശബരിമലയില്‍ നടന്നുകൊണ്ടിരുന്ന പരസ്യമായ കള്ളത്തരങ്ങള്‍ നേരിട്ട് കണ്ടവന്റെ ഒരനുഭവ സാക്ഷ്യമാണ് ഇത്. നാല് തലമുറകളിലായി സന്നിധാനത്തിലും പമ്പയിലും ഷോപ്പുകള്‍ ലേലത്തിനെടുത്ത് കച്ചവടം നടത്തിവന്നിരുന്ന ചേര്‍ത്തലയിലെ ഒരു കുടുംബത്തിലെ വ്യക്തി പറഞ്ഞു തന്നിരുന്ന കഥകള്‍ കേട്ട് ഞാന്‍ തരിച്ചിരുന്നിട്ടുണ്ട്. അതായത് ശബരിമല അയ്യപ്പന്റെ മുതല്‍ ആരെല്ലാം, എത്രതന്നെ കട്ടെടുത്താലും, കണ്ണടച്ചു 'ശരണമയ്യപ്പ' എന്ന ഒറ്റ വിളിയില്‍ അയ്യപ്പന്‍ പൊറുക്കുമെന്നാണത്രേ തിരുവിതാംകൂറിലെ ദേവസ്വം ഭരണാധികാരികള്‍ ഭക്തര്‍ക്കിടയില്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. അതേ സീസണില്‍ മണ്ഡല പൂജക്കാലത്ത് ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തുന്ന ഒരു കൗണ്ടിങ്ങ് സൂപ്രണ്ടിന്റെ മുറിയില്‍ നിന്നും ദേവസ്വം വിജിലന്‍സ് ടീം പിടിച്ചെടുത്തത് 12 ചാക്ക് കെട്ടുനിറയെ നൂറു രൂപ നോട്ടുകെട്ടുകള്‍ ആയിരുന്നെന്ന് അറിഞ്ഞപ്പോള്‍ ഒട്ടും അതിശയം തോന്നിയില്ല എന്നതാണ് സത്യം. എന്റെ പതിനാറാം വയസ്സില്‍, 1966ലെ ആദ്യത്തെ അയ്യപ്പന്‍ വിളക്കുത്സവത്തിലെ സജീവ വൊളണ്ടിയര്‍, പിന്നീട് അന്നത്തെ കാസര്‍കോട് താലൂക്കില്‍ മുഴുവന്‍ അയ്യപ്പ ജ്യോതി പ്രയാണത്തിന് വേണ്ടിയുള്ള മൈക്ക് പ്രചാരണാര്‍ത്ഥം ഓടിയ ഒരാള്‍, 1978ല്‍ തുടങ്ങി പലഘട്ടങ്ങളിലായി 14 തവണ പതിനെട്ടാംപടി കയറിയ അയ്യപ്പഭക്തന്‍ എന്ന നിലക്കെല്ലാം എന്റെ മനസ്സിലെ സങ്കല്‍പ്പങ്ങളെ തകിടം മറിച്ച അനുഭവങ്ങളായിരുന്നു ശബരിമലയിലെ എന്റെ ഔദ്യോഗിക അനുഭവത്തിലുണ്ടായത്. ഇനി വെളിപ്പെടാനുള്ളതും അല്ലാത്തതുമായ കാര്യങ്ങളെ ഓര്‍ത്തു വ്യാകുലരാകുന്ന ഭക്തജനങ്ങള്‍ നിര്‍വ്വികാരത്തോടെ സ്വീകരണമുറിയിലിരുന്ന് കുറ്റാന്വേഷണ കഥകളും ചാനല്‍ ചര്‍ച്ചകളും കേട്ടുകൊണ്ടിരിക്കും.
നമ്മുടെ രാജ്യത്തിന്റെ പ്രഥമ പൗര, ഇന്ത്യന്‍ പ്രസിഡണ്ട് ശബരിമല ദര്‍ശനം, ഇരുമുട്ടിക്കെട്ട് തലയില്‍ ചുമന്നു കൊണ്ടു തന്നെ ഭക്തിയാദരപൂര്‍വം ദര്‍ശനം നടത്തിയത് ഇതിനിടയില്‍ നമ്മള്‍ കണ്ട സന്തോഷം പകര്‍ന്ന കാഴ്ചയാണ്.
(2000ല്‍ ലേഖകന്‍ കേരള മാര്‍ക്കറ്റ്‌ഫെഡിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇന്‍ചാര്‍ജ് ആയിരുന്നു.)